ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനാറാം സീസണിന് ആവേശകരമായ രീതിയിൽ തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്. ടൂർണമെന്റിൽ മത്സരങ്ങൾ പുരോഗമിക്കവെ ആരാധകർക്ക് ആവേശകരമായ ഒരു വാർത്തയിപ്പോൾ പുറത്ത് വരുന്നുണ്ട്.
ഏപ്രിൽ നാലിന് നടക്കുന്ന ദൽഹി ക്യാപിറ്റൽസ് ഗുജറാത്ത് ടൈറ്റൻസ് മത്സരം കാണാൻ അപകടം മൂലം നിലവിൽ വിശ്രമിക്കുന്ന റിഷഭ് പന്ത് തന്റെ ടീമായ ദൽഹിയെ പിന്തുണക്കാൻ അരുൺ ജയറ്റ്ലി സ്റ്റേഡിയത്തിലേക്കെത്തിച്ചേരുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ദൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (DDCA) പ്രസിഡന്റായ മാൻചന്ദയാണ് പന്ത് ദെൽഹിയുടെ മത്സരം കാണാൻ എത്തുമെന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
“പരിക്കുകൾ പൂർണമായും ഭേദമായിട്ടില്ലെങ്കിലും പന്ത് തന്റെ ടീമിനെ സപ്പോർട്ട് ചെയ്യുന്നതിനായി എത്തിച്ചേരും.
അദ്ദേഹം ദൽഹി ക്യാപിറ്റൽസിന്റെ സൂപ്പർ താരമാണ്. പരിക്കിലും തന്റെ ടീമിനെ പിന്തുണക്കാൻ എത്തുന്ന പന്തിനെ കയ്യടികളോടെയാകും ആരാധകർ വരവേൽക്കുക എന്നാണ് ഞാൻ വിശ്വസിക്കുന്നത്,’ മാൽചന്ത എ.എൻ.ഐ യോട് പറഞ്ഞു.
ഡി.ഡി.സി.എയുടെ ഡയറക്ടറായ ശ്യാം ശർമ പന്തിന് ആവശ്യമുള്ള എല്ലാക്കാര്യങ്ങളും ചെയ്ത് കൊടുക്കാൻ താൻ തയ്യാറാണെന്ന കാര്യവും തുറന്ന് പറഞ്ഞിട്ടുണ്ട്.
” പന്തിന് എത്താൻ കഴിയുമെങ്കിൽ ഞങ്ങൾക്ക് അദ്ദേഹത്തെ സ്വീകരിക്കുന്നതിൽ സന്തോഷമേയുള്ളൂ. അദ്ദേഹത്തിന് ആവശ്യമുള്ള കാര്യങ്ങളെ ല്ലാം നമ്മൾ ചെയ്ത് കൊടുക്കും. കൂടാതെ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിനും കളി കാണുന്നതിനും വേണ്ട സൗകര്യങ്ങൾ അദ്ദേഹത്തിന് ഒരുക്കി കൊടുക്കുന്നതിനും ഞങ്ങൾ തയ്യാറാണ്,’ ശ്യാം ശർമ പറഞ്ഞു.