| Monday, 22nd May 2017, 6:03 pm

'റിഷഭ് പന്ത് ധോണിയുടെ പിന്‍ഗാമിയല്ല'; പിന്നെയോ? സച്ചിന്‍ പറയുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്‍ പത്താം സീസണ്‍ അവസാനിച്ചപ്പോള്‍ കിരീടം നേടിയത് മുംബൈ ഇന്ത്യന്‍സാണെങ്കിലും ചാമ്പ്യന്മാരായ താരങ്ങളുടെ പട്ടിക മുംബൈയുടെ പതിനൊന്ന് പേരില്‍ മാത്രം ഒതുങ്ങുന്നില്ല. ടൂര്‍ണ്ണമെന്റിനിടെ ശ്രദ്ധയാകര്‍ഷിച്ച നിരവധി താരങ്ങളാണ് ചാമ്പ്യന്മാരുടെ പട്ടികയില്‍ ഇത്തവണ ഇടം പിടിച്ചത്.


Also read ‘നീചനായ ഇന്ത്യക്കാരാ നീയിത് അര്‍ഹിക്കുന്നു’; ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്ക് നേരെ വംശീയ ആക്രമണം 


എമര്‍ജിങ് പ്ലെയറായി ഗുജറാത്ത് ലയണ്‍സിന്റെ മലയാളിതാരം ബേസില്‍ തമ്പിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ടൂര്‍ണ്ണമെന്റ് അവസാനിച്ചതിന് പിന്നാലെ ക്രിക്കറ്റ് “ദൈവം” സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രംഗത്തെത്തിയത് ദല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ യുവതാരം റിഷഭ് പന്തിന്റെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ടാണ്.

ഗുജറാത്ത് ലയണ്‍സിനെതിരെ 43 പന്തില്‍ നിന്ന് 97 റണ്‍സ് നേടിയ പന്തിന്റെ ഒറ്റ ഇന്നിങ്‌സിന്റെ പേരില്‍ തന്നെ കളിയാരാധകരുടെ മനം കവര്‍ന്ന താരമാണ് പന്ത്. ഇന്നലെ ഫൈനല്‍ മത്സരം നടന്നതിന് പിന്നാലെ പത്തൊമ്പതുകാരനായ പന്തിന്റെ പ്രകടനത്തെ പ്രശംസിച്ച സച്ചിന്‍ യുവരാജിന്റെയും റെയ്‌നയുടെയും കോംമ്പിനേഷനായാണ് പന്തിനെ വിശേഷിപ്പിച്ചത്.

” അയാള്‍ പ്രത്യേക കഴിവുള്ള വ്യക്തിയാണ്. എന്നെ സംബന്ധിച്ചിടത്തോളം അയാള്‍ യുവരാജ് സിങ്ങിന്റെയും സുരേഷ് റെയ്‌നയുടെയും ഒരു കോംമ്പിനേഷനാണ്. ബാറ്റുചെയ്യുന്ന രീതി മനോഹരമാണ്”. സച്ചിന്‍ പറഞ്ഞു. മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ പിന്‍ഗാമിയെന്ന് ക്രിക്കറ്റ് ലോകം പന്തിനെ വാഴ്ത്തുമ്പോഴാണ് യുരാജിന്റെയും റെയ്‌നയുടെയും ശൈലിയാണ് പന്തില്‍ കാണുന്നതെന്ന് സച്ചിന്‍ അഭിപ്രായപ്പെട്ടത്.

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കരിയറിനോട് ചേര്‍ന്ന് നില്‍ക്കുന്ന അനുഭവങ്ങളുടെ പേരില്‍ സീസണിനു മുന്നേ വാര്‍ത്തകളില്‍ ഇടംപിടിച്ചയാളായിരുന്നു പന്ത്. സച്ചിനെ പോലെ തന്റെ അച്ഛന്‍ മരിച്ച് ചടങ്ങുകള്‍ കഴിഞ്ഞയുടന്‍ കളിക്കളത്തിലെത്തിയ താരമാണ് പന്ത്. റിഷഭ് കളിക്കളത്തിലെത്തിയ മാനസികാവസ്ഥ തനിക്ക് മനസിലാകുമെന്നും സച്ചിന്‍ പറഞ്ഞു.


Dont miss ‘കാണണം എന്നുള്ളവര്‍ പെട്ടെന്നു കണ്ടോ, ഇപ്പോ തെറിക്കും തിയ്യറ്ററീന്ന്’; നിസ്സഹായനായി അഡ്വഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടന്റെ സംവിധായകന്‍


“കുടുംബത്തില്‍ ഒരപകടം നടന്ന ശേഷം കളിക്കളത്തിലെത്തുക എന്നത് അത്ര എളുപ്പമല്ല. 1999ലെ ലോകകപ്പിനിടയില്‍ താനത് അനുഭവിച്ചതാണ്. പന്തിന്റെ കുടുംബത്തിനാണ് എല്ലാ മാര്‍ക്കും നല്‍കേണ്ടത്. ഇത്തരമൊരു സാഹചര്യത്തില്‍ നല്‍കിയ പിന്തുണയ്ക്ക്” സച്ചിന്‍ പറഞ്ഞു.

മലയാളിത്താരം ബേസില്‍ തമ്പി നിതീഷ് റാണ, മുഹമ്മദ് സിറാജ്, രാഹുല്‍ ത്രിപാദി തുടങ്ങിയ യുവതാരങ്ങളുടെ പേരുകളും സച്ചിന്‍ എടുത്തു പറഞ്ഞു. ത്രിപാദിയുടെ ബാറ്റിങ് വീരുവിനെ ഓര്‍മ്മിപ്പിക്കുന്നെന്നും സച്ചിന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more