പന്താടാ... കയ്യടിക്കടാ... ഗില്‍ക്രിസ്റ്റിനെയടക്കം മറികടന്ന് വിമര്‍ശകരുടെ സ്വന്തം 'പന്ത് വാവ'
Sports News
പന്താടാ... കയ്യടിക്കടാ... ഗില്‍ക്രിസ്റ്റിനെയടക്കം മറികടന്ന് വിമര്‍ശകരുടെ സ്വന്തം 'പന്ത് വാവ'
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th December 2022, 4:13 pm

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര ആരംഭിച്ചിരിക്കുകയാണ്. രണ്ട് മത്സരങ്ങടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ചാറ്റോഗ്രാമില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ കെ.എല്‍. രാഹുല്‍ ബാറ്റിങ് തെരഞ്ഞെടുക്കുയായിരുന്നു.

അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത്യക്ക് ലഭിച്ചത്. 50 ഓവര്‍ പിന്നിടുമ്പോള്‍ തന്നെ ഇന്ത്യയുടെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ നിലംപൊത്തിയിരുന്നു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നേരത്തെ നഷ്ടമായത്.

എന്നാല്‍ അഞ്ചാമനായി ഇറങ്ങിയ റിഷബ് പന്താണ് ഇന്ത്യന്‍ സ്‌കോറിങ്ങിന് അടിത്തറയിട്ടത്. മൂന്നാമന്‍ ചേതേശ്വര്‍ പൂജാരക്കൊപ്പം പന്ത് മികച്ച പാര്‍ട്‌നര്‍ഷിപ്പും സൃഷ്ടിച്ചു.

45 പന്തില്‍ നിന്നും 46 റണ്‍സാണ് റിഷബ് പന്ത് സ്വന്തമാക്കിയത്. നാല് ബൗണ്ടറിയും രണ്ട് സിക്‌സറുമാണ് പന്ത് സ്വന്തമാക്കിയത്. ഇതിലൂടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാനും റിഷബ് പന്തിന് സാധിച്ചു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും വേഗത്തില്‍ 50 സിക്‌സറുകള്‍ നേടിയ രണ്ടാമത് ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് റിഷബ് പന്ത് സ്വന്തമാക്കിയത്. 54 ഇന്നിങ്‌സില്‍ നിന്നുമാണ് പന്ത് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ 51 ഇന്നിങ്‌സില്‍ നിന്നുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.

എന്നാല്‍ ഇന്നിങ്‌സുകളുടെ അടിസ്ഥാനത്തിലല്ല, നേരിട്ട പന്തുകളുടെ എണ്ണം അടിസ്ഥാനമാക്കുകയാണെങ്കില്‍ രോഹിത്തിനേക്കാള്‍ വേഗത്തില്‍ റിഷബ് പന്ത് ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2966 പന്തില്‍ നിന്നുമാണ് പന്ത് ഈ നേട്ടം സ്വന്തമാക്കിയത്.

അതേസമയം, മത്സരങ്ങളുടെയും ഇന്നിങ്‌സുകളുടെയും അടിസ്ഥാനത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് താരവും രണ്ടാമത് ഇന്ത്യന്‍ താരമാവാനും പന്തിന് സാധിച്ചു.

ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 50 സിക്‌സര്‍ നേടുന്ന താരം

ഷാഹിദ് അഫ്രിദി – 26 മത്സരങ്ങള്‍

രോഹിത് ശര്‍മ – 30

റിഷബ് പന്ത് – 32

ടിം സൗത്തി – 36

ആന്‍ഡ്രൂ ഫ്‌ളിന്റോഫ് – 45

ആദം ഗില്‍ക്രിസ്റ്റ് – 53

Content Highlight: Rishabh Pant becomes becomes third fastest batter to score 50 sixes in test format