| Thursday, 15th December 2022, 7:57 am

ടെസ്റ്റ് ക്രിക്കറ്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാമനായി പന്ത്; പന്തിനെ വിമര്‍ശിക്കുന്നവര്‍ ഇതും കൂടി ഒന്ന് കാണണം

സ്പോര്‍ട്സ് ഡെസ്‌ക്

ലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റില്‍ കളിക്കുന്ന പന്തിനെ ഒരിക്കലും റെഡ്‌ബോള്‍ ഫോര്‍മാറ്റില്‍ കാണാന്‍ കൂടി സാധിക്കില്ല. ടി-20യിലും ഏകദിനത്തിലും അവശ്യസമയങ്ങളില്‍ പോലും ഫോമിലെത്താനോ റണ്‍സ് നേടാനോ സാധിക്കാതെ ടീമിന് ഭാരമാകുന്ന അതേ റിഷബ് പന്ത് തന്നെയാണ് ടെസ്റ്റില്‍ ഇന്ത്യയെ തോളിലേറ്റുന്നത്.

കഴിഞ്ഞ ദിവസം ആരംഭിച്ച ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലും റിഷബ് പന്തിന്റെ പ്രകടനം ഏറെ മികച്ചുനിന്നിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 50 തികയും മുമ്പേ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ കൂടാരം കയറിയപ്പോള്‍ പന്തായിരുന്നു ഇന്നിങ്‌സിന് അടിത്തറയിട്ടത്.

കെ.എല്‍. രാഹുലും ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയും പെട്ടെന്ന് തന്നെ പുറത്തായപ്പോള്‍ റിഷബ് പന്തായിരുന്നു പൂജാരക്കൊപ്പം ചേര്‍ന്ന് ആ സമയത്ത് അവശ്യമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയത്.

45 പന്തില്‍ നിന്നും 46 റണ്‍സ് നേടിയാണ് റിഷബ് പന്ത് ഇന്ത്യന്‍ ഇന്നിങ്‌സിന് തുണയായത്. ആറ് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

കഴിഞ്ഞ ദിവസത്തെ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും റിഷബ് പന്തിനെ തേടിയെത്തിയിരിക്കുകയാണ്. ആദ്യ 54 ഇന്നിങ്‌സ് പിന്നിടുമ്പോള്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന മൂന്നാമത് സ്‌കോര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ 54 ഇന്നിങ്‌സില്‍ കുമാര്‍ സംഗക്കാരയെക്കാളും എം.എസ്. ധോണിയെക്കാളും മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.

32 ടെസ്റ്റ് മത്സരങ്ങളിലെ 54 ഇന്നിങ്‌സുകളില്‍ നിന്നുമായി 2196 റണ്‍സാണ് പന്ത് നേടിയിരിക്കുന്നത്. അഞ്ച് സെഞ്ച്വറിയും പത്ത് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടെ 43.48 ആവറേജിലാണ് പന്തിന്റെ റണ്‍വേട്ട. 239 ബൗണ്ടറിയും 50 സിക്‌സറും ഇക്കൂട്ടത്തില്‍ പെടും.

ആദ്യ 54 ഇന്നിങ്‌സ് കഴിയുമ്പോള്‍ ഏറ്റവുമധികം റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍

ആദം ഗില്‍ക്രിസ്റ്റ് – 2445

ജോണി ബെയര്‍സ്‌റ്റോ – 2298

റിഷബ് പന്ത് – 2169

കുമാര്‍ സംഗക്കാര – 2058

അതേസമയം ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റിന്റെ ആദ്യ ദിവസം പിന്നിടുമ്പോള്‍ ഇന്ത്യ 278ന് ആറ് വിക്കറ്റ് എന്ന നിലയിലാണ്.

203 പന്തില്‍ നിന്നും 90 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 169 പന്തില്‍ നിന്നും പുറത്താകാതെ നില്‍ക്കുന്ന ശ്രേയസ് അയ്യരാണ് ഇന്ത്യക്കായി ക്രീസില്‍.

Content Highlight: Rishabh Pant became the third highest score by a wicket-keeper batsman in the Test format after the first 54 innings.

We use cookies to give you the best possible experience. Learn more