| Monday, 12th December 2022, 10:26 am

രോഹിത് ഇല്ലെങ്കിലെന്താ അവന്‍ ടീമില്‍ മടങ്ങിയെത്തിയല്ലോ; ബംഗ്ലാദേശേ നീ തീര്‍ന്നെടാ നീ തീര്‍ന്ന്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ ടെസ്റ്റ് പരമ്പര ഡിസംബര്‍ 14ന് ആരംഭിക്കും. ഏകദിന പരമ്പരയിലെ മൂന്നാം മത്സരം നടന്ന ZAC സ്‌റ്റേഡിയത്തില്‍ വെച്ച് തന്നെയാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്. ഡിസംബര്‍ 14 മുതല്‍ 18 വരെയാണ് ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

മൂന്നാം ഏകദിനത്തിനിടെ പരിക്കേറ്റ് പുറത്തായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് ആദ്യ ടെസ്റ്റ് നഷ്ടപ്പെട്ടിരിക്കുകയാണ്. രോഹിത്തിന് പകരം കെ.എല്‍. രാഹുലാണ് ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. സൂപ്പര്‍ താരം ചേതേശ്വര്‍ പൂജാരയാണ് വൈസ് ക്യാപ്റ്റന്‍.

ഏകദിന പരമ്പരക്ക് തൊട്ടുമുമ്പ് പരിക്കേറ്റ് പുറത്തായ റിഷബ് പന്ത് ടീമിനൊപ്പം മടങ്ങിയെത്തിയെന്നതാണ് ബംഗ്ലാദേശ് ടീമിന് നെഞ്ചിടിപ്പേറ്റുന്നത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ പന്തിന്റെ ട്രാക്ക് റെക്കോഡ് തന്നെയാണ് ബംഗ്ലാ കടുവകളെ പേടിപ്പെടുത്തുന്നത്.

വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അമ്പേ പരാജയമാണെങ്കിലും ടെസ്റ്റ് ഫോര്‍മാറ്റില്‍ റിഷബ് പന്ത് പുലിയാണ്. ഗാബ കീഴടക്കിയ ഇന്ത്യന്‍ ഇന്നിങ്‌സിലെ നെടുംതൂണായതടക്കമുള്ള നിരവധി ഇന്നിങ്‌സാണ് ടെസ്റ്റില്‍ പന്ത് പുറത്തെടുത്തിരിക്കുന്നത്.

നിലവിലെ ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ അഞ്ചിലുള്ള ഏക ഇന്ത്യന്‍ താരം റിഷബ് പന്താണ്. ഓസീസ് താരം മാര്‍നസ് ലബുഷാന്‍ ഒന്നാമതും സ്റ്റീവ് സ്മിത്ത് രണ്ടാമതും ജോ റൂട്ട് നാലാമതും നില്‍ക്കുന്ന പട്ടികയിലാണ് റിഷബ് പന്ത് അഞ്ചാം സ്ഥാനത്തുള്ളത് എന്നത് മാത്രം മതി ടെസ്റ്റില്‍ പന്തിന്റെ റേഞ്ച് മനസിലാക്കാന്‍.

801 റേറ്റിങ് പോയിന്റുമായിട്ടാണ് പന്ത് അഞ്ചാം സ്ഥാനത്തുള്ളത്. 746 റേറ്റിങ് പോയിന്റുമായി ഒമ്പതാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും 714 റേറ്റിങ് പോയിന്റുമായി പതിനൊന്നാം സ്ഥാനത്തുള്ള വിരാട് കോഹ് ലിയുമാണ് ആദ്യ 20ല്‍ സ്ഥാനം പിടിച്ച മറ്റ് ബാറ്റര്‍മാര്‍.

ഐ.സി.സി. ടെസ്റ്റ് റാങ്കിങ്ങിന്റെ പൂര്‍ണരൂപം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ടെസ്റ്റ് ബാറ്റിങ് നിരയില്‍ ചേതേശ്വര്‍ പൂജാരയും റിഷബ് പന്തും അണിനിരക്കുമ്പോള്‍ ഏകദിന പരമ്പര ജയിച്ച ലാഘവത്തില്‍ ഒരിക്കലും ബംഗ്ലാദേശിന് ടെസ്റ്റ് പരമ്പര ജയിക്കാന്‍ സാധിക്കില്ല.

ഇവര്‍ക്ക് പുറമെ ആഭ്യന്തര ക്രിക്കറ്റില്‍ കരുത്ത് കാട്ടിയ യുവതാരങ്ങളും ഇന്ത്യന്‍നിരയില്‍ അണിനിരക്കുമ്പോള്‍ ടെസ്റ്റ് പരമ്പര തീ പാറുമെന്നുറപ്പാണ്.

അപ്ഡേറ്റഡ് സ്‌ക്വാഡ് ഫോര്‍ ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് സീരീസ്

കെ.എല്‍. രാഹുല്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ചേതേശ്വര്‍ പൂജാര (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, അഭിമന്യു ഈശ്വരന്‍, നവ്ദീപ് സെയ്നി, സൗരഭ് കുമാര്‍, ജയ്ദേവ് ഉനദ്കട്.

Content Highlight: Rishabh Pant back to Indian squad

We use cookies to give you the best possible experience. Learn more