| Sunday, 21st January 2024, 11:55 am

'നീ ചെയ്തതെന്തെന്ന് നിനക്കറിയില്ല, ഇതിന്റെ വില ക്രിക്കറ്റ് ഉപേക്ഷിക്കുമ്പോഴേ മനസിലാകൂ എന്നാണ് രോഹിത് പറഞ്ഞത്'

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ രാവണന്‍കോട്ടയായ ഗാബയിലെത്തി അവരെ പരാജയപ്പെടുത്തിയതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഇന്ത്യന്‍ സൂപ്പര്‍ താരവും വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ റിഷബ് പന്ത്. 2021ലെ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലായിരുന്നു ഇന്ത്യയുടെ ചരിത്രപരമായ ഗാബ വിജയം.

ഓസീസ് ഉയര്‍ത്തിയ 328 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ചാം ദിവസം അടിച്ചുനേടിയാണ് ഇന്ത്യ ഗാബ കീഴടക്കിയത്. മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ നെടുംതൂണായത് റിഷബ് പന്തായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 138 പന്തില്‍ നിന്നും പുറത്താകാതെ 89 റണ്‍സാണ് പന്ത് നേടിയത്.

മത്സരശേഷം രോഹിത് ശര്‍മ തന്നോട് പറഞ്ഞ കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പന്ത്. താന്‍ സ്വന്തമാക്കിയത് ചെറിയ നേട്ടമല്ലെന്നും ഏറെ നാളുകള്‍ക്ക് ശേഷമേ ഈ നേട്ടത്തിന്റെ വില മനസിലാകൂ എന്ന് രോഹിത് ശര്‍മ തന്നോട് പറഞ്ഞിരുന്നു എന്നാണ് പന്ത് ഓര്‍ത്തെടുക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പന്ത് ഇക്കാര്യം പറഞ്ഞത്.

‘ രോഹിത് ശര്‍മ പറഞ്ഞ കാര്യങ്ങള്‍ എനിക്കോര്‍മയുണ്ട്. ഒരുപാട് ആളുകള്‍ എന്നെ അഭിനന്ദിച്ച് സംസാരിച്ചിരുന്നു. പക്ഷേ രോഹിത് ശര്‍മയുടെ വാക്കുകള്‍, അത് എനിക്ക് കൃത്യമായി ഓര്‍മയുണ്ട്.

അദ്ദേഹം എന്റെ റിയാക്ഷന്‍ നോക്കുകയായിരുന്നു. അപ്പോള്‍ എല്ലാവരും ഏറെ സന്തോഷത്തിലായിരുന്നു. എന്നാല്‍ രോഹിത് ശര്‍മയുടെ മുഖത്ത് മറ്റുള്ളവരെ പോലെ അത്രത്തോളം ആവേശമൊന്നും ഉണ്ടായിരുന്നില്ല. ‘നീ ചെയ്തത് എന്താണെന്ന് നിനക്കിനിയും മനസിലായിട്ടില്ല’ എന്നാണ് എന്നോട് അദ്ദേഹം പറഞ്ഞത്.

ഞാന്‍ പറഞ്ഞു, അതെ നമ്മള്‍ വിജയിച്ചു, രണ്ടാം തവണയും പരമ്പര സ്വന്തമാക്കി എന്ന്. ‘ക്രിക്കറ്റ് ഉപേക്ഷിക്കുമ്പോള്‍ മാത്രമേ നീ ചെയ്തത് എത്രത്തോളം വലിയ കാര്യമാണെന്നും അതിന്റെ പ്രാധാന്യം എത്രത്തോളമാണെന്നും നീ തിരിച്ചറിയൂ,’ എന്നാണ് രോഹിത് ശര്‍മ പറഞ്ഞത്. അപ്പോള്‍ മാത്രമാണ് ഞാന്‍ ചെയ്തതിന്റെ പ്രാധാന്യമെന്തെന്ന് എനിക്ക് മനസിലായത്,’ പന്ത് പറഞ്ഞു.

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ മാര്‍നസ് ലബുഷാന്റെ സെഞ്ച്വറി കരുത്തില്‍ 369 റണ്‍സ് നേടി. ഇന്ത്യക്കായി വാഷിങ്ടണ്‍ സുന്ദര്‍, ടി. നടരാജന്‍, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ മുഹമ്മദ് സിറാജ് ശേഷിക്കുന്ന വിക്കറ്റും സ്വന്തമാക്കി.

ലീഡ് നേടാനുറച്ച് ഒന്നാം ഇന്നിങ്‌സ് കളത്തിലിറങ്ങിയ ഇന്ത്യക്ക് 336 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. അര്‍ധ സെഞ്ച്വറി നേടിയ ഷര്‍ദുല്‍ താക്കൂറും വാഷിങ്ടണ്‍ സുന്ദറുമാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

33 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഓസീസ് 294ന് പുറത്തായി. 55 റണ്‍സടിച്ച സ്റ്റീവ് സ്മിത്തും 48 റണ്‍സ് നേടിയ ഡേവിഡ് വാര്‍ണറുമാണ് സ്‌കോര്‍ ഉയര്‍ത്തിയത്. അഞ്ച് വിക്കറ്റുമായി മുഹമ്മദ് സിറാജ് തിളങ്ങിയപ്പോള്‍ നാല് വിക്കറ്റുമായി ഷര്‍ദുല്‍ താക്കൂറും മികച്ചു നിന്നു. വാഷിങ്ടണ്‍ സുന്ദറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മന്‍ ഗില്‍ (146 പന്തില്‍ 91), റിഷബ് പന്ത് (138 പന്തില്‍ 89*), ചേതേശ്വര്‍ പൂജാര (211 പന്തില്‍ 56) എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയം സ്വന്തമാക്കുകയായിരുന്നു.

സ്‌കോര്‍

ഓസ്‌ട്രേലിയ – 369 & 294

ഇന്ത്യ – (T 328): 336 & 329/7

Content highlight: Rishabh Pant about Rohit Sharma’s world after defeating Australia in Gabba

We use cookies to give you the best possible experience. Learn more