| Saturday, 12th October 2024, 1:02 pm

എനിക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല, ഞാന്‍ അഭിനയിക്കുകയായിരുന്നു; ഒടുവില്‍ മൗനം വെടിഞ്ഞ് പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു പതിറ്റാണ്ടിലധികം നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ തങ്ങളുടെ ഐ.സി.സി കിരീടവരള്‍ച്ച അവസാനിപ്പിച്ചത്. 2024 ടി-20 ലോകകപ്പില്‍ ലാസറ്റ് ഓവര്‍ ത്രില്ലറില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കപ്പുയര്‍ത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് മാത്രമാണ് കണ്ടെത്താന്‍ സാധിച്ചത്.

മത്സരത്തിന്റെ അവസാന നിമിഷങ്ങളില്‍ സൗത്ത് ആഫ്രിക്ക അനായാസ വിജയം സ്വന്തമാക്കുമെന്നാണ് എല്ലാവരും കരുതിയത്. റെഡ് ഹോട്ട് ഫോമില്‍ ക്രീസില്‍ നിലയുറപ്പിച്ച ക്ലാസന്റെ വെടിക്കെട്ടില്‍ സൗത്ത് ആഫ്രിക്ക കിരീടത്തിലേക്ക് അടിവെച്ച് അടുത്തുകൊണ്ടിരുന്നു.

ഇന്ത്യയെ വിജയിപ്പിച്ച പന്തിന്റെ ‘പരിക്ക്’

17ാം ഓവറിലെ ആദ്യ പന്തില്‍ ക്ലാസന്‍ പുറത്തായതാണ് മത്സരത്തില്‍ വഴിത്തിരിവായത്. 27 പന്തില്‍ 52 റണ്‍സ് നേടിയാണ് താരം പുറത്തായത്. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ റിഷബ് പന്തിന് ക്യാച്ച് നല്‍കിയായിരുന്നു ക്ലാസന്റെ മടക്കം.

ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന്റെ പരിക്കാണ് ക്ലാസന്റെ വിക്കറ്റിലേക്ക് നയിച്ചത്. പരിക്കിന് പിന്നാലെ ഫിസിയോ മൈതാനത്തിലേക്കെത്തുകയും താരത്തെ പരിശോധിക്കുകയും ചെയ്തിരുന്നു.

അതിവേഗം സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ച ക്ലാസന്റെ മൊമെന്റം നഷ്ടപ്പെടാന്‍ ഈ പരിശോധന കാരണമായി. അധികം വൈകാതെ താരം പുറത്താവുകയും ചെയ്തു.

ഈ പരിക്കിനെ കുറിച്ച് സംസാരിക്കുകയാണ് റിഷബ് പന്ത്. അന്ന് തനിക്ക് പരിക്കേറ്റിരുന്നില്ലെന്നും താന്‍ അഭിനയിക്കുകായിരുന്നെന്നും പറയുകയാണ് താരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം.

‘പരിക്കിനെ’ കുറിച്ച് താരം പറയുന്നതിങ്ങനെ

‘ഞാന്‍ ഇതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു കാരണം വളരെ പെട്ടെന്ന് തന്നെ മാച്ചിന്റെ മൊമെന്റം മാറിമറഞ്ഞു. രണ്ട് മൂന്ന് ഓവറില്‍ അവര്‍ ഒരുപാട് റണ്‍സ് നേടി. നിങ്ങളിപ്പോള്‍ ലോകകപ്പ് ഫൈനലാണ് കളിക്കുന്നത്, ഇതുപോലെ ഒരു നിമിഷം ഇനിയെപ്പോള്‍ വരുമെന്നാണ് ചിന്തിച്ചത്.

നിങ്ങള്‍ സമയമെടുത്ത് കാര്യങ്ങള്‍ ചെയ്തുകൊള്ളൂ എന്നാണ് ഞാന്‍ ഫിസിയോയോട് പറഞ്ഞത്. ടൈം വേസ്റ്റ് ചെയ്യാനാണ് ഞാന്‍ ആവശ്യപ്പെട്ടത്.

ഞാന്‍ ഓക്കെയാണോ എന്ന് അദ്ദേഹം എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. ഞാന്‍ അഭിനയിക്കുകയാണെന്നാണ് മറുപടി നല്‍കിയത്. ഇതുപോലെ ഒരു സാഹചര്യത്തില്‍, ഇത് എല്ലായ്‌പ്പോഴും വര്‍ക്ക് ആകണമെന്നില്ല, പക്ഷേ ചില സമയങ്ങളില്‍ അത് വര്‍ക്കാകും. ഇത്തരമൊരു സാഹചര്യത്തില്‍ ഈ പ്ലാന്‍ നടപ്പിലായാല്‍, മറ്റൊന്നും തന്നെ ആവശ്യമുണ്ടാകില്ല,’ പന്ത് പറഞ്ഞു.

താരത്തിന്റെ വാക്കുകളെ കയ്യടികളോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്.

പന്തിന്റെ ഈ തന്ത്രത്തെ കുറിച്ച് നായകന്‍ രോഹിത് ശര്‍മയും മനസുതുറന്നിരുന്നു.

ക്യാപ്റ്റന്റെ വാക്കുകള്‍

‘ദക്ഷിണാഫ്രിക്കയ്ക്ക് 30 പന്തില്‍ 30 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ ഒരു ചെറിയ ഇടവേളയുണ്ടായി. പന്ത് തന്റെ ബുദ്ധി ഉപയോഗിച്ച് കളി അല്‍പനേരം നിര്‍ത്തിവെച്ചു. അവന്റെ കാല്‍മുട്ടിന് പരിക്കേറ്റതിനാല്‍ കുറച്ചുനേരം അവനെ പരിശോധിക്കാനായി ആവശ്യമായി വന്നു, ഇത് കളിയുടെ വേഗത കുറയ്ക്കാന്‍ സഹായിച്ചു.

കാരണം കളി വളരെ വേഗത്തിലായിരുന്നു, ആ നിമിഷം, ബൗളര്‍ പെട്ടെന്ന് തന്നെ പന്തെറിയണമെന്നാണ് ഒരു ബാറ്റര്‍ ആഗ്രഹിക്കുന്നത് പക്ഷേ ഞങ്ങള്‍ക്ക് ആ മൊമെന്റം ഇല്ലാതാക്കേണ്ടതായി വന്നു.

ഞാന്‍ ഫീല്‍ഡ് സെറ്റ് ചെയ്ത് ബൗളര്‍മാരോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പന്ത് നിലത്ത് വീഴുന്നത് കണ്ടു. ഫിസിയോതെറാപ്പിസ്റ്റ് എത്തി അവന്റെ കാല്‍മുട്ട് ടേപ് ചെയ്യുകയായിരുന്നു. ആ സമയം മത്സരം വീണ്ടും ആരംഭിക്കാനായി ക്ലാസന്‍ കാത്തിരിക്കുകയായിരുന്നു.

അത് മാത്രമാണ് കാരണമെന്ന് ഞാന്‍ പറയുന്നില്ല, പക്ഷേ ഇത് അതിലൊന്നാകാം, പന്ത് സാഹിബ് തന്റെ മിടുക്ക് ഉപയോഗിച്ചു, കാര്യങ്ങള്‍ ഞങ്ങള്‍ക്ക് അനുകൂലമായി വരികയും ചെയ്തു,” എന്നായിരുന്നു രോഹിത് പറഞ്ഞത്.

Content Highlight: Rishabh Pant about his ‘injury’ in 2024 T20 World Cup final

We use cookies to give you the best possible experience. Learn more