| Tuesday, 18th June 2024, 12:56 pm

കാന്താരയില്‍ ആദ്യം നായകനായി ഉദ്ദേശിച്ചത് ആ നടനെയായിരുന്നു:റിഷബ് ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കന്നഡ ഇന്‍ഡസ്ട്രിയില്‍ നിന്ന് വന്ന് ഇന്ത്യ മുഴുവന്‍ ട്രെന്‍ഡായി മാറിയ സിനിമയായിരുന്നു കാന്താര. 2022ല്‍ റിലീസായ ചിത്രം പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയിരുന്നു. 16 കോടിക്ക് നിര്‍മിച്ച ചിത്രം കര്‍ണാടകയില്‍ നിന്ന് മാത്രം 170കോടിയിലധികം നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റായി മാറി.

റിഷബ് ഷെട്ടി തന്നെയാണ് ചിത്രം സംവിധാനം ചെയ്തതും നായകനായ ശിവയെ അവതരിപ്പിച്ചതും. ചിത്രത്തിലെ നായകനായി താന്‍ ആദ്യം മനസില്‍ വിചാരിച്ചത് കന്നഡ സൂപ്പര്‍താരം പുനീത് രാജ് കുമാറിനെയായിരുന്നുവെന്ന് റിഷബ് ഷെട്ടി പറഞ്ഞു. എന്നാല്‍ തന്റെ ഭാര്യയുടെ നിര്‍ബന്ധം കാരണമാണ് താന്‍ നായകനായി അഭിനയിച്ചതെന്നും താരം പറഞ്ഞു.

ചിത്രത്തിന്റെ ടീസര്‍ കണ്ടപ്പോള്‍ തന്നെ പാന്‍ ഇന്ത്യന്‍ ചിത്രമായി റിലീസ് ചെയ്യണമെന്ന നിര്‍ദേശം തന്നത് തന്റെ ഭാര്യയായിരുന്നുവെന്നും റിഷബ് കൂട്ടിച്ചേര്‍ത്തു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘കാന്താരയില്‍ അഭിനയിക്കണമെന്ന് ഞാന്‍ ചിന്തിച്ചിട്ടുകൂടിയില്ലായിരുന്നു. സംവിധാനം ചെയ്യുക എന്ന് മാത്രമേ മനസില്‍ ഉണ്ടായിരുന്നുള്ളൂ. നായകനായി അപ്പുവിനെ (പുനീത് രാജ് കുമാര്‍) കൊണ്ടുവരാനായിരുന്നു എന്റെ പ്ലാന്‍. പക്ഷേ എന്റെ ഭാര്യയാണ് എന്നോട് അഭിനയിക്കാന്‍ പറഞ്ഞത്. ആദ്യം ഒഴിവാകാന്‍ നോക്കിയെങ്കിലും അവള്‍ നിര്‍ബന്ധിച്ചു.

അതുകൊണ്ടാണ് സംവിധാനത്തോടൊപ്പം അഭിനയിക്കുകയും കൂടി ചെയ്തത്. അതുപോലെ ആ സിനിമ പാന്‍ ഇന്ത്യനായി റിലീസ് ചെയ്യാനുള്ള ചിന്തയൊന്നും ഉണ്ടായിരുന്നില്ല. കന്നഡയില്‍ മാത്രം ഇറക്കാനുള്ള പ്ലാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ കഥ കന്നഡയിലുള്ളവര്‍ക്ക് മാത്രമേ വര്‍ക്കാകുള്ളൂ എന്നായിരുന്നു വിചാരിച്ചത്.

പക്ഷേ സിനിമയുടെ ടീസര്‍ കണ്ടപ്പോള്‍ അവള്‍ പറഞ്ഞു, ‘ഈ സിനിമ കന്നഡക്ക് പുറത്തും റിലീസ് ചെയ്യാന്‍ നോക്ക്’ എന്ന്. ഞാന്‍ അത് വേണ്ടാ എന്ന് പറഞ്ഞു. പക്ഷേ സിനിമ റിലീസായി ആദ്യ ആഴ്ച കഴിഞ്ഞപ്പോള്‍ മറ്റ് ഭാഷയിലും റിലീസ് ചെയ്യാന്‍ തീരുമാനിച്ചു,’ റിഷബ് ഷെട്ടി പറഞ്ഞു.

Content Highlight: Rishab Shetty saying that he wished to cast Puneeth Rajkumar in Kantara as hero

We use cookies to give you the best possible experience. Learn more