Entertainment
കാന്തരക്ക് ശേഷം ഞെട്ടിക്കാൻ റിഷബ് ഷെട്ടി, പാൻ ഇന്ത്യൻ 'ജയ് ഹനുമാൻ' വരുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Oct 30, 01:38 pm
Wednesday, 30th October 2024, 7:08 pm

പാൻ – ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ഹനുമാന് ശേഷം പ്രശാന്ത് വർമ ഒരുക്കുന്ന ജയ് ഹനുമാനിൽ നായകനായി ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർതാരം റിഷബ് ഷെട്ടി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. ‘ഹനുമാൻ’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജയ് ഹനുമാൻ’ നിർമിക്കുന്നത് തെലുങ്കിലെ വമ്പൻ നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് ആണ്. പ്രശാന്ത് വർമ – റിഷബ് ഷെട്ടി- മൈത്രി മൂവി മേക്കേഴ്‌സ് കൂട്ടുകെട്ട്, പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന ഇന്ത്യൻ ചിത്രങ്ങളിലൊന്നായി ജയ് ഹനുമാനെ മാറ്റുന്നുണ്ട്.

കാന്താരയിലൂടെ വലിയ ജനശ്രദ്ധ നേടിയ റിഷബ് ഷെട്ടി, സമകാലിക കഥകളെ പുരാണങ്ങളുമായി സംയോജിപ്പിക്കുന്നതിൽ വൈഭവമുള്ള പ്രശാന്ത് വർമക്കും, ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ സമ്മാനിക്കുന്ന മൈത്രി മൂവി മേക്കേഴ്‌സിനുമൊപ്പം ഒന്നിക്കുമ്പോൾ ഇന്ത്യൻ സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെയാണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്.

ഹനുമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടൻ ആരാണെന്ന് വെളിപ്പെടുത്തിയതിനൊപ്പം ആ കഥാപാത്രത്തിന്റെ ആത്മാവിനെ യഥാർത്ഥത്തിൽ ആവാഹിക്കുന്ന അതിശയകരമായ ഫസ്റ്റ് ലുക്ക് പോസ്റ്ററും ചിത്രത്തിന്റെ നിർമാതാക്കൾ പുറത്ത് വിട്ടിട്ടുണ്ട്. കൈയ്യിൽ ശ്രീരാമ ഭഗവാന്റെ വിഗ്രഹം ആദരവോടെ പിടിച്ച്, കാലിൽ ഇരിക്കുന്ന ഹനുമാൻ എന്ന കഥാപാത്രമായി റിഷബ് ഷെട്ടിയെ പോസ്റ്ററിൽ ചിത്രീകരിച്ചിരിക്കുന്നു.

ഈ ആകർഷകമായ പോസ്റ്റർ റിഷബിന്റെ ബലിഷ്ഠമായ ശരീരത്തോടൊപ്പം ഹനുമാൻ്റെ അഗാധമായ ഭക്തിയും ശക്തിയും പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഈ ഐതിഹാസിക വ്യക്തിത്വത്തെ അദ്ദേഹം എങ്ങനെ സ്ക്രീനിൽ ജീവസുറ്റതാക്കുന്നു എന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.

തകർക്കാനാവാത്ത ശക്തിയുടെയും വിശ്വസ്തതയുടെയും പ്രതീകമായ ഹനുമാന്റെ കഥ പറയുന്ന ചിത്രം വമ്പൻ ആക്ഷൻ ചിത്രമായാണ് പ്രശാന്ത് വർമ ഒരുക്കാൻ പോകുന്നത്. പ്രശാന്ത് വർമ സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ജയ് ഹനുമാൻ. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമിക്കുന്ന ചിത്രം ഉയർന്ന ബജറ്റിലും മികച്ച സാങ്കേതിക നിലവാരത്തിലുമായിരിക്കും ഒരുക്കുന്നത്. പി.ആർ.ഒ – ശബരി

Content Highlight: Rishab Shetty’s New Movie Jai Hanuman Update