| Monday, 17th October 2022, 1:14 pm

ഉയര്‍ന്ന ജാതിക്കാരുടെയും താഴ്ന്ന ജാതിക്കാരുടെയും ജീവിതം ഞാന്‍ കണ്ടിട്ടുണ്ട്; ആരുടെയും വികാരം വ്രണപ്പെടുത്താന്‍ വേണ്ടിയെടുത്ത ചിത്രമല്ല കാന്താര: ഋഷഭ് ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കന്നട സിനിമാരംഗത്ത് റെക്കോഡുകളെല്ലാം തകര്‍ത്ത് മുന്നേറുകയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര. കളക്ഷനില്‍ കെ.ജി.എഫിനെ വരെ ചിത്രം മറികടന്നേക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

കര്‍ണാടകയിലെ ചില ആചാരാനുഷ്ഠാനങ്ങളുടെ പശ്ചാത്തലത്തില്‍ പ്രകൃതിയുടെയും ജാതിയുടെയും മനുഷ്യന്റെയും രാഷ്ട്രീയം സംസാരിക്കുന്ന സിനിമയായാണ് കാന്താര വിലയിരുത്തപ്പെടുന്നത്.

ഋഷഭ് തിരക്കഥയും സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നതും നടന്‍ തന്നെയാണ്. സിനിമ കാണിച്ചുതരുന്ന ജാതിരാഷ്ട്രീയത്തെ കുറിച്ച് ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ഋഷഭ് ഷെട്ടി സംസാരിച്ചിരുന്നു. ചിത്രം ആരുടെയെങ്കിലും വികാരം വൃണപ്പെടുത്തുമെന്ന് കരുതിയിരുന്നോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ സമൂഹത്തെ നന്നായി വീക്ഷിക്കുന്നയാളാണ്. ഉയര്‍ന്ന ജാതിക്കാരെയും താഴ്ന്ന ജാതിക്കാരെയുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. എനിക്ക് എല്ലായിടത്തും സുഹൃത്തുക്കളുമുണ്ട്. വളരെ അടുത്ത് നിന്ന് ഞാന്‍ അവരുടെ  ജീവിതങ്ങളെ വീക്ഷിച്ചിട്ടുണ്ട്.

ഞാനൊരു കഥപറച്ചിലുകാരനാണ്. എനിക്ക് ഒരു കഥ പറയണം. പക്ഷെ ആരെയും വേദനിപ്പിക്കണമെന്നില്ല.
സിനിമ എന്ന് പറയുന്നത് എന്റര്‍ടെയ്ന്‍മെന്റ് മേഖലയാണ്. ആളുകളെ സംബന്ധിച്ചിടത്തോളം സിനിമ കാണുന്നത് ഒരു സന്തോഷമുള്ള കാര്യമായിരിക്കണം.

ആരെയും വേദനപ്പിക്കാനോ എന്തെങ്കിലും വിവാദമുണ്ടാക്കാനോ വേണ്ടിയല്ല ഞങ്ങളൊന്നും ചെയ്തത്. ഉയര്‍ന്ന ജാതിക്കാരെയും താഴ്ന്ന ജാതിക്കാരെയും ജാതിവ്യവസ്ഥയെയും കുറിച്ച് തന്നെ, അതിനുള്ളിലും പുറത്തും, നിരവധി കാഴ്ചപ്പാടുകളുണ്ട്. വ്യത്യസ്തമായ രീതിയില്‍ മനസിലാക്കുന്നുവരുണ്ട്.

പക്ഷെ ‘ദൈവാര’ സമൂഹത്തില്‍ സമത്വം കൊണ്ടുവരുമെന്നാണ് കരുതുന്നത്. അത് സിനിമയുടെ ക്ലൈമാക്‌സില്‍ നിങ്ങള്‍ക്ക് കാണാം. ‘ദേവ്’ സിനിമയില്‍ ജനങ്ങള്‍ക്ക് നല്‍കുന്ന സന്ദേശമെന്താണെന്ന് തന്നെ നോക്കൂ. പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണത്. അതാണ് നമ്മുടെ സംസ്‌കാരവും വേരുകളും ഇന്ത്യന്‍ വികാരവും. ഇത് നിങ്ങള്‍ക്ക് പുസ്തകങ്ങളില്‍ കാണാനാകില്ല. അതാണ് സിനിമയുടെ പ്രമേയം.

സിനിമയിലായാലും കഥയിലായാലും പോസിറ്റിവിറ്റി പടര്‍ത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എനിക്ക് ആരെയും വേദനിപ്പിക്കണമെന്നില്ല. കാന്താരക്ക് ആ പോസിറ്റിവിറ്റി ഉണ്ട്. സര്‍ക്കാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പലതും ചെയ്യുന്നുവെന്ന് ആളുകള്‍ പറയാറുണ്ട്. അതെല്ലാം കേട്ടപ്പോള്‍, എന്നാല്‍ നമ്മള്‍ എല്ലാവരും ഒന്നിച്ചു നിന്ന് എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ മാറ്റമുണ്ടാകുമെന്ന് എനിക്ക് തോന്നി,’ ഋഷഭ് ഷെട്ടി പറയുന്നു.

ഒക്ടോബര്‍ 20നാണ് ചിത്രത്തിന്റെ മലയാളം ഡബ്ബ്ഡ് വേര്‍ഷന്‍ റിലീസ് ചെയ്യുന്നത്. ഹോംബാലെ ഫിലിംസ് നിര്‍മിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. കെ.ജി.എഫിന് ശേഷം ഹോംബാലെ ഫിലിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും വീണ്ടും കൈ കോര്‍ക്കുന്ന ചിത്രം കൂടിയാണ് കാന്താര.

Content Highlight: Rishab Shetty about the caste politics in Kantara movie

We use cookies to give you the best possible experience. Learn more