| Friday, 4th November 2022, 10:41 am

സമാനതകളുണ്ട്, പക്ഷെ കാന്താരക്ക് വേണ്ടി കേരളത്തിലെ തെയ്യത്തിനെ റഫറന്‍സാക്കിയിട്ടില്ല: റിഷഭ് ഷെട്ടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടയിലും കന്നട ചിത്രമായ കാന്താര മികച്ച തിയേറ്റര്‍ കളക്ഷന്‍ നേടി മുന്നോട്ടുപോകുകയാണ്. കര്‍ണാടകയിലെ ദൈവാരാധന എന്ന കലാരൂപത്തിന്റെയും അത് അവതരിപ്പിക്കുന്ന ദളിത് വിഭാഗങ്ങളുടെയും ജീവിതത്തിലൂടെ കഥ പറയുന്ന ചിത്രമാണ് കാന്താര.

ദക്ഷിണ കര്‍ണാടകയാണ് കാന്താരയുടെ പശ്ചാത്തലമാകുന്നത് എന്നതുകൊണ്ട് തന്നെ കേരളത്തിലെ ഉത്തര മലബാര്‍ മേഖലയുമായി ചില കണക്ഷനുകള്‍ മലയാളി പ്രേക്ഷകര്‍ സിനിമയില്‍ കണ്ടെത്തിയിരുന്നു. ദൈവാരാധന എന്ന കലാരൂപവും തെയ്യവും തമ്മിലുള്ള സമാനതകളായിരുന്നു ഇതിലൊന്ന്.

വേഷത്തിലും അവതരണത്തിലും മാത്രമല്ല തെയ്യക്കോലത്തിന് പിന്നിലെ കഥകളിലും അത് കെട്ടിയാടുന്ന മനുഷ്യരുടെ കാര്യത്തിലും വരെ ഈ സമാനതകള്‍ കണ്ടെത്തിയിരുന്നു. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ കാന്താരയുടെ സംവിധായകനും നടനുമായ റിഷഭ് ഷെട്ടിയോട് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമുയര്‍ന്നിരുന്നു.

കേരളത്തിലെ തെയ്യത്തിന്റെ റഫറന്‍സുകള്‍ സിനിമക്ക് വേണ്ടി എടുത്തിട്ടില്ലെന്നും കര്‍ണാടകയിലെ ദൈവക്കോലത്തെ മാത്രം ആശ്രയിച്ചാണ് സിനിമ ഒരുക്കിയതെന്നുമാണ് റിഷഭ് ഷെട്ടി ഇതിന് മറുപടി നല്‍കിയത്.

കാന്താര കണ്ടപ്പോള്‍ തെയ്യവുമായി ഏറെ സമാനതകള്‍ തോന്നിയെന്നും, ചിത്രത്തിന് വേണ്ടി കേരളത്തിലെ തെയ്യത്തെ കുറിച്ച് പഠിച്ചിരുന്നോ എന്നായിരുന്നു റിഷഭിനോടുള്ള ചോദ്യം.

‘കാന്താരയില്‍ കേരളത്തിലെ തെയ്യത്തിന്റെ റഫറന്‍സുകളില്ല. സൗത്ത് കര്‍ണാടകയിലെ തീരദേശ ഭാഗങ്ങളില്‍ പരശുരാമ സൃഷ്ടി എന്ന് പറയുന്ന ഒരു കാര്യമുണ്ട്. ദൈവാരാധന, ദൈവക്കോല എന്നാണ് അതിന്റെ പേര്.

തെയ്യത്തിനോട് സമാനമാണ് ഇതും. അതിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം വളരെയധികം സാമ്യമുള്ളതാണ്. ഇമോഷനുകളില്‍ പോലും ആ സമാനത കാണാം. പക്ഷെ പ്രധാന ചിട്ടവട്ടങ്ങളും പ്രസന്റേഷനും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ കാന്താരക്ക് വേണ്ടി റഫറന്‍സായി എടുത്തത് ഞങ്ങള്‍ ചെയ്യുന്ന ദൈവക്കോലങ്ങളാണ്,’ റിഷഭ് ഷെട്ടി പറഞ്ഞു.

ഒക്ടോബര്‍ 20നാണ് ചിത്രത്തിന്റെ മലയാളം ഡബ്ബ്ഡ് വേര്‍ഷന്‍ റിലീസായത്. ഹോംബാലെ ഫിലിംസ് നിര്‍മിച്ച ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് കേരളത്തില്‍ വിതരണം ചെയ്യുന്നത്. കെ.ജി.എഫിന് ശേഷം ഹോംബാലെ ഫിലിംസും പൃഥ്വിരാജ് പ്രൊഡക്ഷന്‍സും വീണ്ടും കൈ കോര്‍ക്കുന്ന ചിത്രം കൂടിയായിരുന്നു കാന്താര.

Content Highlight: Rishab Shetty about Kanatara and Theyyam

Latest Stories

We use cookies to give you the best possible experience. Learn more