ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര ഇന്ത്യക്ക്. 1-1 എന്ന നിലയില്‍ നില്‍ക്കെ അവസാന മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്പര നേടാന്‍ സാധിക്കുമെന്നിരിക്കെ അഞ്ച് വിക്കറ്റിന് വിജയിച്ചുകൊണ്ട് ഇന്ത്യ പരമ്പര നേടുകയായിരുന്നു.
ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 259 റണ്‍സ് നേടി ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ മത്സരം 43ാം ഓവറില്‍ മറി കടക്കുകയായിരുന്നു. ഇന്ത്യക്കായി റിഷബ് പന്ത് പുറത്താകാതെ 113 പന്തില്‍ 125 റണ്‍സ് നേടി. താരത്തിന്റെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ 71 റണ്‍സ് നേടിയിരുന്നു.
ടെസ്റ്റില്‍ ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററായി മുന്നോട്ട് നീങ്ങുന്ന പന്തിനെ വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ നിന്നും പുറത്താക്കണമെന്ന് പറയുന്ന നിരവധി ആളുകളുണ്ടായിരുന്നു. താന്‍ എന്താണെന്നും എന്തൊക്കെ ചെയ്യാന്‍ സാധിക്കുമെന്നും ഒരുപാട് തവണ തെളിയിച്ചിട്ടും തന്നെ ടീമില്‍ നിന്നും പുറത്താക്കണമെന്ന് മുറവിളികൂട്ടുന്നവര്‍ക്കുള്ള മറുപടിയാണ് ഇത്തരത്തിലുള്ള ഇന്നിങ്‌സുകള്‍.
ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 എന്ന വിജയലക്ഷ്യം ചെയ്‌സ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പ്രഹരമേറ്റിരുന്നു. വെറും ഒരു റണ്‍ നേടി മൂന്നാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ പുറത്തായിരുന്നു. പിന്നീട് അഞ്ചാം ഓവറില്‍ തന്നെ നായകന്‍ രോഹിത്തിനെയും ഇന്ത്യക്ക് നഷ്ടമായി.
മുന്‍ നായകന്‍ വിരാട് കോഹ്‌ലിയും സൂര്യകുമാര്‍ യാദവും പെട്ടെന്ന് പുറത്തായെങ്കിലും റിഷബ് പന്തും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഹര്‍ദിക് ആക്രമിച്ചും പന്ത് നങ്കൂരമിട്ടും കളിച്ചപ്പോള്‍ ഒരു ക്ലാസിക്ക് പാര്‍ട്ടനര്‍ഷിപ്പിനായിരുന്നു മാഞ്ചസ്റ്റര്‍ സാക്ഷിയായത്.
36ാം ഓവറില്‍ ഹര്‍ദിക് 71 റണ്‍സ് നേടി പുറത്താകുകയായിരുന്നു. പിന്നീട് കണ്ടത് റിഷബ് പന്തിന്റെ അഴിഞ്ഞാട്ടമായിരുന്നു. അത് വരെ നങ്കൂരമിട്ട് കളിച്ച പന്ത് പിന്നീട് അടിച്ചുതകര്‍ത്തു.
42ാം ഓവറില്‍ അഞ്ച് ബൗണ്ടറികളാണ് താരം സ്വന്തമാക്കിയത്. 43ാം ഓവറിലെ ആദ്യ പന്തില്‍ തന്നെ ഫോറടിച്ചുകൊണ്ട് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു പന്ത്.
16 ഫോറും രണ്ട് സിക്‌സറുകളുമായിരുന്നു പന്തിന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്.
തുടക്കം നങ്കൂരമിട്ടും പിന്നീട് തകര്‍ത്തടിച്ചും , ബുദ്ധിപരമായി കളിച്ച ടെക്സ്റ്റ് ബുക്ക് ഷോട്ടുകളും ഹാന്‍ഡ് പവര്‍കൊണ്ട് നേടിയ ബൗണ്ടറികളുമുള്ള ഒരു ക്ലാസിക്ക് റിഷബ് പന്ത് ഇന്നിങ്‌സ്. ടെസ്റ്റ് ക്രിക്കറ്റില്‍ നേരത്തെ തന്നെ തന്റെ കഴിവ് തെളിയിച്ച റിഷബ് പന്ത് ഇപ്പോള്‍ ഏകദിനത്തിലും തന്റെ വരവ് അറിയിച്ചിരിക്കുന്നു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അടുത്ത സൂപ്പര്‍ താരം വരവ് അറിയിച്ചുകഴിഞ്ഞു!