ട്വന്റി-20 ക്രിക്കറ്റില്‍ അടിമുടി മാറാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം. ലോകകപ്പിനും ഏഷ്യാ കപ്പിനും മുന്നോടിയായി നിരവധി കളിക്കാരെ മാറിമാറി പരീക്ഷിച്ചുകൊണ്ടായിരുന്നു നായകനായ രോഹിത് ശര്‍മയും തയ്യാറെടുത്തത്. ഏഷ്യാ കപ്പ് സ്വന്തമാക്കിയ കോണ്‍ഫിഡന്‍സോടുകൂടിയായിരിക്കും ഇന്ത്യ ലോകകപ്പിന് ഇറങ്ങുക.
ഞായറാഴ്ച ഇന്ത്യന്‍ സമയം 7:30നാണ് ഇന്ത്യ ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്. പാകിസ്ഥാനെതിരെയുള്ള മത്സരത്തിനായി രോഹിത്തും പിള്ളേരും ഒരുങ്ങി കഴിഞ്ഞു.
പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി ആര് കളത്തില്‍ ഇറങ്ങുമെന്നത് ഇപ്പോഴും സംശയമാണ്. യുവ സൂപ്പര്‍താരം റിഷബ് പന്തും, വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കുമാണ് വിക്കറ്റ് കീപ്പര്‍ റോളിനായി മത്സരിക്കുന്നത്. ലെഫ്റ്റ് ഹാന്‍ഡര്‍ എന്ന നിലയില്‍ പന്ത് തന്നെ ആ പൊസിഷനില്‍ കളിക്കുമെന്നാണ് വിലയിരുത്തല്‍.
2017ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച പന്ത് ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യന്‍ ടീമിന്റെ പ്രധാന താരമാണ്. എന്നാല്‍ ട്വന്റി-20 ക്രിക്കറ്റില്‍ കുറച്ച് കാലങ്ങളായി പന്തിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിട്ടില്ല. ഇതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങളും പന്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
എന്നാല്‍ തന്റെ മികച്ച പ്രകടനം പരിഗണിക്കാതെ തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് റിഷബ് പന്ത്. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം നടത്താനും ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടികൊടുക്കാനുമാണ് ആഗ്രഹമെന്നും അതിനുവേണ്ടിയാണ് പ്രയത്നിക്കുന്നതെന്നും പന്ത് പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെയായിരുന്നു അദ്ദേഹം തുറന്നു പറഞ്ഞത്.
‘ഒരു ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയാലും അടുത്ത ഇന്നിങ്‌സില്‍ കുറഞ്ഞ റണ്‍സില്‍ പുറത്തായാല്‍ എനിക്ക് നേരെ വിമര്‍ശനങ്ങള്‍ വരാറുണ്ട് . എന്റെ പുറത്താക്കലുകള്‍ എല്ലാവര്‍ക്കും ആക്‌സപ്റ്റ് ചെയ്യാന്‍ സാധിക്കാത്തതാണെന്ന് എനിക്കറിയാം. പക്ഷേ ഞാന്‍ ഒരുപാട് റിസ്‌ക്കുള്ള മത്സരങ്ങളിലാണ് കളിക്കുന്നതെന്ന വസ്തുത ഉള്‍ക്കൊള്ളാന്‍ ഞാന്‍ പഠിച്ചു,’ പന്ത് പറഞ്ഞു.
എല്ലാ മത്സരത്തിലും ആ റിസ്‌കി ബാറ്റിങ്ങില്‍ വിജയം കണ്ടെത്താന്‍ സാധിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ലെന്നും എന്നാല്‍ തനിക്ക് പറ്റാവുന്ന തരത്തില്‍ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘എന്റെ പുറത്താക്കലുകളില്‍ നിന്ന് ഞാന്‍ പഠിക്കുന്നു. എല്ലാ മത്സരങ്ങളിലും ഞാന്‍ വിജയിക്കണമെന്നില്ല. പക്ഷേ ഒരു 70,80 ശതമാനം മത്സരത്തിലും റണ്‍സ് നേടുമെന്ന് ഞാന്‍ ഉറപ്പാക്കുന്നു,’ പന്ത് പറഞ്ഞു.
പാകിസ്ഥാനെതിരെയുള്ള മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് പന്തിപ്പോള്‍. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പ്രതീക്ഷിക്കുന്നുണ്ട്. ഫോമിലായാല്‍ ഏത് ടീമിനെയും ഒറ്റക്ക് തകര്‍ക്കാന്‍ സാധിക്കുന്ന താരമാണ് അദ്ദേഹം.
കഴിഞ്ഞ ട്വന്റി-20 ലോകകപ്പിലാണ് ഇന്ത്യയും പാകിസ്ഥാനും അവസാനമായി മുഖാമുഖം എത്തിയത്. അന്ന് ഷഹീന്‍ അഫ്രീദി എന്ന ഇടംകൈയന്‍ പേസറുടെ മുന്നില്‍ ഇന്ത്യന്‍ ബറ്റര്‍മാര്‍ക്ക് മുട്ടുമടക്കേണ്ടി വന്നു. പത്ത് വിക്കറ്റിനായിരുന്നു അന്ന് പാകിസ്ഥാന്‍ വിജയിച്ചത്.
ആ തോല്‍വി ഭാരത്തില്‍ നിന്നും കരകേറാന്‍ കൂടിയാണ് രോഹിത്തിന്റെ നേതൃത്വത്തിലുള്ള ടീം ശ്രമിക്കുക. ഒരു മാസത്തെ ഇടവേളക്ക് ശേഷം വിരാട് കോഹ്‌ലിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. രണ്ടും കല്‍പ്പിച്ചാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.
Content Highlight: Rishab Pant speaks about criticizing against him