| Monday, 6th June 2022, 9:36 pm

ഞാന്‍ വിക്കറ്റ് കീപ്പറായത് അയാളെ കണ്ടിട്ടാണ്; തന്റെ റോള്‍മോഡലിനെ കുറിച്ച് തുറന്നുപറഞ്ഞ് റിഷബ് പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്ററായ മഹേന്ദ്ര സിംഗ് ധോണിക്ക് ശേഷം ആ പൊസിഷനിലേക്ക് നിയമിക്കപ്പെട്ട കളിക്കാരനായിരുന്നു റിഷബ് പന്ത്.

ഒരുസമയത്തെ പന്തിനെ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന വാദം ഉയര്‍ന്നിരുന്നുവെങ്കിലും പിന്നീട് തന്റെ പ്രകടനം കൊണ്ട് താരം ടീമില്‍ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. എങ്ങനെയാണ് താന്‍ വിക്കറ്റ് കീപ്പര്‍ എന്ന റോളില്‍ എത്തിയതെന്ന് വ്യക്തമാക്കുകയാണ് താരമിപ്പോള്‍.

തന്റെ അച്ചന്‍ ഒരു കീപ്പര്‍ ആയതുകൊണ്ടായിരുന്നു താനും ആ വഴി എത്തിയതെന്നാണ് പന്ത് പറയുന്നത്. തന്റെ ജോലി ഭംഗിയാക്കാന്‍ 100 ശതമാനം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യകതമാക്കി.

‘എന്റെ വിക്കറ്റ് കീപ്പിംഗ് മെച്ചപ്പെട്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല, എല്ലാ കളിയിലും എന്റെ 100 ശതമാനം നല്‍കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. ഞാന്‍ എപ്പോഴും ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു. കുട്ടിക്കാലം മുതലെ ഞാന്‍ വിക്കറ്റ് കീപ്പിംഗ് ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്റെ അച്ഛന്‍ ഒരു വിക്കറ്റ് കീപ്പര്‍ ആയിരുന്നു. അങ്ങനെയാണ് ഞാനും ആ വഴിയിലേക്കെത്തിയത്,’ പന്ത് പറഞ്ഞു

ഐ.പി.എല്ലില്‍ ദല്‍ഹിയുടെ ക്യാപ്റ്റനായ പന്ത് എല്ലാ ഫോര്‍മാറ്റിലും ഇന്ത്യയുടെ കീപ്പറാണ്. 2021-22ല്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയില്‍ ഇന്ത്യയുടെ ഹീറൊയായിരുന്നു പന്ത്.

കീപ്പര്‍മാര്‍ക്ക് മികച്ച കീപ്പറാകുനുള്ള മൂന്ന് ടിപ്‌സ് നല്‍കാനും താരം മറന്നില്ല.

‘നിങ്ങള്‍ക്ക് ഒരു മികച്ച വിക്കറ്റ് കീപ്പര്‍ ആകണമെങ്കില്‍ നിങ്ങള്‍ സ്വയം ഫ്‌ളെക്‌സിബിള്‍ ആയിരിക്കണം. നിങ്ങള്‍ വേണ്ടത്ര ഫളെക്‌സിബിളാണെങ്കില്‍, അത് നിങ്ങളെ സഹായിക്കും,

രണ്ടാമത്തെ കാര്യം ബോള്‍ കയ്യില്‍ എത്തുന്നത് വരെ കാണുക എന്നതാണ്. ചിലപ്പോള്‍ സംഭവിക്കുന്നത് പന്ത് കയ്യില്‍ വരുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം, എന്നാല്‍ പന്ത് വരുന്നത് വരെ റിലാക്‌സിംഗ് മനോഭാവം കാണിക്കാന്‍ ശ്രമിക്കും. പക്ഷേ നിങ്ങള്‍ ബോള്‍ പിടിക്കുന്നതുവരെ അതിനെ നിരീക്ഷിക്കണം. അവസാനമായി, അച്ചടക്കം പാലിക്കുകയും ടെക്ക്‌നിക്കലായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നുള്ളതാണ്,’ പന്ത് പറഞ്ഞു.

അരങ്ങേറിയ സമയത്ത് ഏറ്റവും കൂടുതല്‍ പഴികേട്ട കീപ്പര്‍മാരില്‍ ഒരാളായിരുന്നു റിഷബ് പന്ത്. എന്നാല്‍ ഇപ്പോള്‍ മികച്ച കീപ്പറാകാനുള്ള ശ്രമത്തിലാണ് പന്ത്.

ഈ മാസം ഒമ്പതിന് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ് പന്ത്. ദല്‍ഹിയില്‍ ടീം ഇന്ത്യയുടെ ക്യാംപിലാണ് താരമിപ്പോള്‍.

Content Highlights : Rishab Pant says his father was also a wicket keeper

We use cookies to give you the best possible experience. Learn more