Advertisement
Cricket
ക്യാപ്റ്റന്‍സി ലഭിച്ചത് നല്ല സാഹചര്യത്തിലല്ല; എന്നാലും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ശ്രമിക്കും; റിഷബ് പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
2022 Jun 09, 08:57 am
Thursday, 9th June 2022, 2:27 pm

വ്യാഴാഴ്ച ആരംഭിക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ പരിക്കേറ്റ കെ.എല്‍. രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്താണ് ഇന്ത്യയെ നയിക്കുക. ആദ്യമായാണ് പന്ത് ഇന്ത്യയുടെ നായകവേഷം അണിയുന്നത്. ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് താരം.

ക്യാപ്റ്റന്‍സി ലഭിച്ചത് വലിയ കാര്യമായിട്ടാണ് കാണുന്നതെങ്കിലും ഇങ്ങനെ ഒരു സാഹചര്യത്തില്‍ കിട്ടിയതില്‍ ഒരേ സമയം സന്തോഷവും സങ്കടവുമുണ്ടെന്ന് താരം പറഞ്ഞു.

‘ക്യാപ്റ്റന്‍സി കിട്ടിയത് നല്ല ഫീലിങ്ങ്‌സാണ്. നല്ല സാഹചര്യത്തില്‍ ലഭിച്ചതല്ലെങ്കില്‍ കൂടി എനിക്ക് വളരെ സന്തോഷമുണ്ട്. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഈ അവസരം നല്‍കിയതിന് ബി.സി.സി.ഐയോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ടീമിന് വേണ്ടി പരാമാവധി പ്രകടനം നടത്താന്‍ ഞാന്‍ ശ്രമിക്കും. എന്റെ കരിയറില്‍ കഠിനമായതും അല്ലാതേയുമുള്ള സാഹചര്യങ്ങളിലും എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി,’ പന്ത് പറഞ്ഞു.

‘നിങ്ങള്‍ തരുന്ന പിന്തുണ ഒരു അടിത്തറയാക്കികൊണ്ട് എന്റെ കരിയര്‍ മെച്ചപ്പെടുത്താനും ഓരോ ദിവസവും മികച്ചതാക്കുവാനും ഞാന്‍ നോക്കും,” പന്ത് കൂട്ടിച്ചേര്‍ത്തു.

മത്സരത്തിന് മുമ്പ് നടക്കുന്ന പത്ര സമ്മേളനത്തിലായിരുന്നു പന്ത് മനസുതുറന്നത്.

സ്വന്തം നാട്ടുകാരുടെ മുമ്പില്‍ ക്യാപ്റ്റന്‍ ആയി കളത്തിലിറങ്ങുന്നത് മനോഹരമായ ഫീലിങ്ങാണെന്നും തന്റെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍കൊണ്ട് മികച്ചതാക്കാന്‍ ശ്രമിക്കുമെന്നും താരം പറഞ്ഞു.

 

‘ഇത് ഒരു വലിയ കാര്യമാണ്. പ്രത്യേകിച്ച് നിങ്ങളുടെ സ്വന്തം നാട്ടില്‍ നയിക്കാനുള്ള അവസരം ലഭിക്കുന്നത്. ഞാന്‍ അത് പരമാവധി ഉപയോഗിക്കാന്‍ ശ്രമിക്കും. ഐ.പി.എല്ലില്‍ നായകനായി കിട്ടിയ അവസരങ്ങള്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്നെ വളരെയധികം സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു. കാരണം നിങ്ങള്‍ ഒരേ കാര്യം വീണ്ടും വീണ്ടും ചെയ്യുമ്പോള്‍, നിങ്ങള്‍ മെച്ചപ്പെടും. ഞാന്‍ എന്റെ തെറ്റുകളില്‍ നിന്ന് പഠിക്കുന്ന ഒരാളാണ്, വരും ദിവസങ്ങളില്‍ ഇത് എന്നെ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുലിന്റെ അഭാവം ടീമിന്റെ ബാറ്റിംഗ് ഓര്‍ഡറിനെ ബാധിക്കുമോ എന്ന ചോദ്യത്തിന്, ബാറ്റിംഗ് ഓര്‍ഡറിനെ അധികം ബാധിക്കില്ലയെന്നും എന്നാല്‍ രാഹുല്‍ കളിക്കുന്ന ഓപ്പണിംഗ് പൊസിഷനിലേക്ക് ആരെ കളിപ്പിക്കണം എന്ന് ഉടനെ തീരുമാനിക്കുമെന്നും പന്ത് വ്യക്തമാക്കി.

 

‘ഒരു ടീമെന്ന നിലയില്‍ ഞങ്ങള്‍ നേടിയെടുക്കാന്‍ ആഗ്രഹിക്കുന്ന ചില ലക്ഷ്യങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. ഞങ്ങളുടെ മുന്നില്‍ ലോകകകപ്പ് ഉണ്ട്, ഞങ്ങള്‍ അതിനുള്ള തയ്യാറെടുപ്പിലാണ്. വരും ദിവസങ്ങളില്‍ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടാകുന്നതും ഞങ്ങളുടെ കളിയും നിങ്ങള്‍ക്ക് കാണാന്‍ സാധിക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു,’ പന്ത് തുടര്‍ന്നു.

ഈ കൊല്ലം നടക്കുന്ന ട്വന്റി-20 ലോകകപ്പാണ് ഇന്ത്യയുടെ പ്രധാന ലക്ഷ്യം. കഴിഞ്ഞ കൊല്ലം നടന്ന ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ ടീം പുറത്തായിരുന്നു.

കോച്ച് രാഹുല്‍ ദ്രാവിഡ് കൂടെയുള്ളത് വലിയ ആശ്വാസമാണെന്നും അദ്ദേഹത്തിന്റെ കൂടെ അണ്ടര്‍ 19 ടീമില്‍ ജോലി ചെയ്തപ്പോഴും ഒരുപാട് നല്ല അനുഭവങ്ങള്‍ ഉണ്ടായിരുന്നുവെന്നും പന്ത് പറഞ്ഞിരുന്നു. അദ്ദേഹത്തില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്.

 

Content Highlights : Rishab Pant says captaincy is didnt came at right time but feels happy