| Monday, 18th July 2022, 8:21 am

ധോണിക്ക് തന്റെ കരിയറില്‍ ഇതുവരെ നേടാനാകാത്ത റെക്കോഡ് സ്വന്തമാക്കി റിഷബ് പന്ത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ആവേശകരമായ ഇംഗ്ലണ്ട് പര്യടനത്തിനായിരുന്നു കഴിഞ്ഞ ദിവസം തിരശീല വീണത്. മാറ്റിവെച്ചെ ടെസ്റ്റ് മത്സരം ഇംഗ്ലണ്ട് വിജയിച്ചതോടെ ടെസ്റ്റ് പരമ്പര 2-2 എന്ന നിലയില്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ ട്വന്റി-20യും ഏകദിനവും ഇന്ത്യ നേടി.

2-1 എന്ന നിലയിലാണ് ഇന്ത്യ രണ്ട് പരമ്പര നേടിയത്. 1-1 എന്ന നിലയില്‍ നിന്ന ഏകദിന പരമ്പരയുടെ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഇന്ത്യ ഇംഗ്ലണ്ടിനെ തറപറ്റിക്കുകയായിരുന്നു. സെഞ്ച്വറി നേടിയ യുവ വിക്കറ്റ് കീപ്പര്‍ റിഷബ് പന്താണ് ഇന്ത്യയുടെ വിജയശില്‍പി.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇപ്പോഴെ സൂപ്പര്‍താര പദവി അലങ്കരിച്ച പന്തിന്റെ ആദ്യ ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. 113 പന്തില്‍ പുറത്താകാതെ 125 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. 16 ഫോറും 2 സിക്‌സും അടങ്ങിയതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

ഈ ഇന്നിങ്‌സിലൂടെ പുതിയ റെക്കോഡാണ് പന്ത് സ്വന്തമാക്കിയത്. വിദേശ മണ്ണില്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഏറ്റവും വലിയ ഏകദിന സ്‌കോര്‍ പന്തിന്റെ പേരിലാണ്. ഇതോടെ എല്ലാ ഫോര്‍മാറ്റിലും വിദേശ മണ്ണില്‍ ഉയര്‍ന്ന സ്‌കോറിനുടമയായി റിഷബ് പന്ത് മാറി.

ടെസ്റ്റില്‍ 2019ല്‍ ഓസ്‌ട്രേലിയക്കെതിരെ ഓസീസ് മണ്ണില്‍ നേടിയ 159 റണ്‍സും, ട്വന്റി 20യില്‍ അതേ വര്‍ഷം തന്നെ വെസ്റ്റ് ഇന്‍ഡീസീന്റെ ഹോം ഗ്രൗണ്ടില്‍ വെച്ച് അവര്‍ക്കെതിരെ നേടിയ 65ഉം കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ നേടിയ 125 റണ്‍സുമാണ് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ വിദേശ മണ്ണിലെ ഉയര്‍ന്ന സ്‌കോറുകള്‍. ഇതെല്ലാം നേടിയത് പന്ത് തന്നെ.

ഈ ഇന്നിങ്‌സിലെല്ലാം താരം നോട്ടൗട്ടായിരുന്നു എന്നതാണ് മറ്റൊരു ശ്രദ്ധയേമായ കാര്യം. ഇതിഹാസ വിക്കറ്റ് കീപ്പറായ മഹേന്ദ്ര സിങ് ധോണി തന്റെ കരിയറില്‍ ഒരിക്കല്‍ പോലും ഏഷ്യക്ക് പുറത്ത് സെഞ്ച്വറി നേടിയിട്ടില്ലായിരുന്നു. റിഷബ് പന്ത് ഇപ്പോള്‍ തന്നെ അഞ്ചെണ്ണം സ്വന്തമാക്കി കഴിഞ്ഞു.

അതേസമയം ആദ്യ ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 259 റണ്‍സ് നേടി ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ മത്സരം 43ാം ഓവറില്‍ മറി കടക്കുകയായിരുന്നു. ഇന്ത്യക്കായി റിഷബ് പന്ത് പുറത്താകാതെ 113 പന്തില്‍ 125 റണ്‍സ് നേടി. താരത്തിന്റെ ആദ്യ ഏകദിന സെഞ്ച്വറിയാണിത്. ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ 71 റണ്‍സ് നേടിയിരുന്നു.

ആദ്യം ബാറ്റ് ചെയ്ത് ഇംഗ്ലണ്ട് ഉയര്‍ത്തിയ 260 എന്ന വിജയലക്ഷ്യം ചെയ്സ് ചെയ്യാനിറങ്ങിയ ഇന്ത്യക്ക് തുടക്കം തന്നെ പ്രഹരമേറ്റിരുന്നു. വെറും ഒരു റണ്‍ നേടി മൂന്നാം ഓവറില്‍ തന്നെ ശിഖര്‍ ധവാന്‍ പുറത്തായിരുന്നു. പിന്നീട് അഞ്ചാം ഓവറില്‍ തന്നെ നായകന്‍ രോഹിത്തിനെയും ഇന്ത്യക്ക് നഷ്ടമായി.

മുന്‍ നായകന്‍ വിരാട് കോഹ്ലിയും സൂര്യകുമാര്‍ യാദവും പെട്ടെന്ന് പുറത്തായെങ്കിലും റിഷബ് പന്തും ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരികയായിരുന്നു. ഹര്‍ദിക് ആക്രമിച്ചും പന്ത് നങ്കൂരമിട്ടും കളിച്ചപ്പോള്‍ ഒരു ക്ലാസിക്ക് പാര്‍ട്ട്‌നര്‍ഷിപ്പിനായിരുന്നു മാഞ്ചസ്റ്റര്‍ സാക്ഷിയായത്.

ഹര്‍ദിക്ക് പുറത്തായെങ്കിലും പന്തും ജഡേജയും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു.

Content Highlights: Rishab Pant reached new milestone that is first ever by an indian  wicket keeper

Latest Stories

We use cookies to give you the best possible experience. Learn more