ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ച് മത്സരങ്ങളുള്ള ട്വന്റി-20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ബെംഗളൂരുവില്‍ നടക്കും. ഇതുവരെ നാല് മത്സരത്തില്‍ നിന്നും ഇരു ടീമുകളും രണ്ട് മത്സരം വീതം വിജയിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന മത്സരം വിജയിക്കുന്ന ടീമിന് പരമ്പര നേടാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ബെംഗളൂരുവില്‍ മത്സരം കടുക്കും എന്നാണ് വിലയിരുത്തല്‍.
പരിക്കേറ്റ് പുറത്തായ കെ.എല്‍. രാഹുലിന് പകരമായിരന്നു യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷബ് പന്തിനെ ഇന്ത്യന്‍ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
എന്നാല്‍ ആദ്യ രണ്ട് മത്സരം കഴിഞ്ഞപ്പോള്‍ ക്രിക്കറ്റ് ആരാധകരും ക്രിട്ടിക്‌സും പന്തിന് നേരെ വിരല്‍ ചൂണ്ടിയിരുന്നു. എന്നാല്‍ പിന്നീടുള്ള രണ്ട് മത്സരത്തില്‍ വിജയിച്ചുകൊണ്ട് മികച്ച തിരിച്ചുവരവാണ് പന്തും കൂട്ടരും കാഴ്ചവെച്ചത്.
ഇന്ന് നടക്കുന്ന അവസാന മത്സരം വിജയിച്ചുകൊണ്ട് പരമ്പര നേടിയാല്‍ ചരിത്രത്തിലേക്കായിരിക്കും പന്ത് നടന്നുകയറുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരം തോറ്റതിന് ശേഷം ഒരു ടീമും ഇതുവരെ ആ പരമ്പര നേടിയിട്ടില്ല.
ആദ്യ രണ്ട് മത്സരത്തില്‍ തോറ്റതിന് ശേഷം ഇന്ത്യ പരമ്പര വിജയിച്ചാല്‍ അത് ചരിത്രം തന്നെയാകും. റിഷബ് പന്തിന് താന്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇതിലും നല്ല അവസരം വേറെയില്ല.
ആദ്യ രണ്ട് മത്സരത്തിന് ശേഷം മികച്ച ഫോമിലെത്തിയ ഇന്ത്യന്‍ ബൗളിങ്ങ് നിരയിലായിരിക്കും ഇന്നും ഇന്ത്യയുടെ പ്രതീക്ഷ. ബാറ്റിങ് നോക്കുകയാണെങ്കില്‍ ക്യാപ്റ്റന്‍ ഒഴികെ ബാക്കി എല്ലാവരും താളം കണ്ടെത്തിയിട്ടുണ്ട്. ആദ്യ രണ്ട് മത്സരത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയിലെ ആര്‍ക്കും ഫോം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
ആദ്യ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറായ 211 റണ്‍സ് ദക്ഷിണാഫ്രിക്ക അവസാന ഓവറില്‍ മറികടക്കുകയായിരുന്നു. ഡേവിഡ് മില്ലറും, വാന്‍ ഡെര്‍ ഡുസനും മത്സരം ഇന്ത്യയില്‍ നിന്നും തട്ടി എടുക്കുകയായിരുന്നു. ഡുസന്‍ 75 റണ്‍സും മില്ലര്‍ 64 റണ്‍സും നേടി പുറത്താകാതെ നിന്നു.
രണ്ടാം മത്സരത്തില്‍ ബാറ്റിങ്ങില്‍ തകര്‍ന്ന ഇന്ത്യ 148 റണ്‍ മാത്രമേ നേടിയുള്ളു. എങ്കിലും ആദ്യ ആറ് ഓവറില്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ ഇന്ത്യ നേടിയിരുന്നു. പക്ഷെ 81 റണ്ണുമായി ഹെന്റിച്ച് ക്ലാസന്‍ നേടിയ 81 റണ്‍സിന്റെ ബലത്തില്‍ ദക്ഷിണാഫ്രിക്ക വിജയിക്കുകയായിരുന്നു. എന്നാല്‍ മൂന്നാം മത്സരത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു.
മൂന്നാം മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്ണാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 131ല്‍ ഓള്‍ ഔട്ടാകുകയായിരുന്നു. അര്‍ധസെഞ്ച്വറി നേടിയ ഓപ്പണര്‍മാരാണ് ഇന്ത്യയെ മികച്ച ടോട്ടല്‍ നേടാന്‍ സഹായിച്ചത്.
മൂന്നാം മത്സരത്തില്‍ ഇന്ത്യക്കായി ഹര്‍ഷല്‍ പട്ടേല്‍ നാല് വിക്കറ്റും യുസ്വേന്ദ്ര ചഹല്‍ മൂന്നും വിക്കറ്റുകള്‍ നേടി. ചഹലായിരുന്നു മാന്‍ ഓഫ് ദ മാച്ച്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 16.5 ഓവറില്‍ 87 റണ്‍സിലൊതുക്കിയ ഇന്ത്യ 82 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ പരമ്പര സമനിലയില്‍ എത്തുകയായിരുന്നു.
ബെംഗളൂരുവില്‍ നടക്കുന്ന അവസാന മത്സരം തീപാറുമെന്നുറപ്പ്.