ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് അവസാന ദിവസത്തിലേക്ക് നീങ്ങുമ്പോള്‍ മത്സരത്തിന്റെ ആവേശം ഇരട്ടിക്കുകയാണ്. അവസാന ദിനം ഇംഗ്ലണ്ടിന് ജയിക്കാന്‍ 119 റണ്‍സ് വേണ്ടപ്പോള്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റുകള്‍ വേണം.
ഈ മത്സരം ഇത്രയും ആവേശത്തിലെത്തിച്ചത് ആദ്യ ഇന്നിങ്‌സിലെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്തിന്റെ ബാറ്റിങ്ങാണ്. ആദ്യ ഇന്നിങ്‌സില്‍ 146 റണ്ണാണ് താരം അടിച്ചു കൂട്ടിയത്. രണ്ടാം ഇന്നിങ്‌സില്‍ 57 റണ്‍സ് നേടാനും പന്തിന് സാധിച്ചിരുന്നു.
ഇതോടെ ഈ മത്സരത്തില്‍ രണ്ട് ഇന്നിങ്‌സില്‍ നിന്നും 203 റണ്ണാണ് അടിച്ചുകൂട്ടിയത്. ഈ മത്സരത്തില്‍ ഒത്തിരി റെക്കോഡുകള്‍ തകര്‍ത്ത പന്ത് അടുത്ത റെക്കോഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഇംഗ്ലണ്ട് മണ്ണില്‍ ഒരു മത്സരത്തില്‍ ഏറ്റവും റണ്‍ നേടിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.
1950ല്‍ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ക്ലൈഡ് വാല്‍കോട്ട് നേടിയ റെക്കോഡാണ് പന്ത് തകര്‍ത്തത്. ഇംഗ്ലണിനെതിരെ ലോര്‍ഡ്‌സില്‍ വെച്ച് നടന്ന മത്സരത്തില്‍ 182 റണ്‍സായിരുന്നു അന്ന് വാല്‍ക്കോട്ട് നേടിയത്.
203 റണ്‍സ് നേടിയാണ് പന്ത് പുതിയ റെക്കോഡ് സ്വന്തമാക്കിയത്. 2011ലെ ബിര്‍മിങ്ഹാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി 151 റണ്‍സ് നേടിയിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 77ും രണ്ടാം ഇന്നിങ്‌സില്‍ 74ും റണ്ണാണ് താരം നേടിയത്.
പന്തിന്റെ 146 റണ്‍സിന്റെ ബലത്തിലായിരുന്നു ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ മുന്നേറ്റനിര തകര്‍ന്നപ്പോള്‍ പന്തും പൂജാരയുമാണ് ഇന്ത്യയെ കരകയറ്റിയത്.