ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരമാണ് സിജു വില്‍സണ്‍. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ വലിയ വിജയത്തോടെ മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമാവുകയാണ് നടന്‍. ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന കഥാപാത്രത്തെ അനായാസം സ്‌ക്രീനിലെത്തിച്ചതിലൂടെ ഒരു മാസ്സ് ആക്ഷന്‍ ഹീറോ പരിവേഷം സിജുവിന് ലഭിച്ചു കഴിഞ്ഞു.
അമൃത ടിവിയിലെ ‘ജസ്റ്റ് ഫോര്‍ ഫണ്‍’ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് സിനിമാ ലോകമെന്ന മോഹം സിജുവിനെ തേടിയെത്തുന്നത്. മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന വിനീത് ശ്രീനിവാസന്‍ ചിത്രമാണ് സിജുവിന്റെ ആദ്യ സിനിമ. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റായാണ് മലര്‍വാടിയില്‍ സിജു വേഷമിട്ടത്. ഒരു രംഗത്തില്‍ മാത്രമാണ് നടന്‍ സിനിമയില്‍ എത്തിട്ടുള്ളുവെങ്കിലും അത് തിയേറ്ററില്‍ വലിയ ഓളമുണ്ടാക്കിയിരുന്നു. അല്‍ഫോന്‍സ് ആണ് മലര്‍വാടിയിലേക്ക് ഓഡിഷനായി ഫോട്ടോ അയക്കാന്‍ പറഞ്ഞതെന്ന് സിജു പറഞ്ഞിരുന്നു.
അതിനുശേഷമാണ് നേരം, പ്രേമം എന്നീ ചിത്രങ്ങളില്‍ സിജു അഭിനയിക്കുന്നത്. നേരത്തില്‍ സിജു അസിസ്റ്റന്റ് ഡയറക്ടറായി കൂടി വര്‍ക്ക് ചെയ്തിരുന്നു. അല്‍ഫോല്‍സ് പുത്രന്റെ നേരത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടതെങ്കിലും ലൈഫില്‍ ഒരു ബ്രേക്ക് തന്ന സിനിമ പ്രേമമായിരുന്നു. നിവിന്‍ പോളി, അല്‍ഫോന്‍സ് തുടങ്ങിയവരുടെ കൂടെ സിനിമ സ്വപ്നം കണ്ട ചെറുപ്പക്കാരുടെ കൂട്ടത്തില്‍ ഇന്‍ഡസ്ട്രിയിലേക്ക് വന്നതാണ് സിജുവും.
സിജു നായകനായ ആദ്യ സിനിമയാണ് ഹാപ്പി വെഡിങ്. പ്രേമം കാരണമാണ് ഹാപ്പി വെഡിങ്ങിലേക്ക് ഒമര്‍ ലുലു അദ്ദേഹത്തെ സെലക്ട് ചെയ്തത്. ഒമര്‍ ലുലുവിന്റെ ആദ്യ സിനിമയായിരുന്നു ഹാപ്പി വെഡിംങ്ങ്. പ്രേമത്തില്‍ അഭിനയിച്ച ജസ്റ്റിന്‍ ജോണ്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും ചിത്രത്തില്‍ സിജുവിന്റെ കൂടെ അഭിനയിച്ചിരുന്നു. ഹരി എന്ന കഥാപാത്രത്തെയാണ് താരം സിനിമയില്‍ അവതരിപ്പിച്ചത്. സൗബിനും സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യ്തിരുന്നു. യുവ താരനിരയുമായി എത്തിയ ചിത്രം നല്ലൊരു എന്റര്‍ടെയ്‌നറായിരുന്നു.
പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്നീ ചിത്രങ്ങളില്‍ സിജു വേഷമിട്ടു. അല്‍ത്താഫ് സലീമിന്റെ ഞണ്ടുകളുടെ നാട്ടില്‍ നിവിന്‍ പോളിയുടെ ഫണ്‍ അളിയനായ സിജു, സിറ്റ്വേഷണല്‍ കോമഡികളെ സ്വതസിദ്ധമായ അഭിനയം കൊണ്ട് കയ്യിലെടുക്കുന്നുണ്ട്.
അതുവരെ കോമഡി കഥാപാത്രങ്ങള്‍ മാത്രം ചെയ്ത സിജു വില്‍സണ്‍, വില്ലന്‍ കഥാപാത്രത്തില്‍ എത്തിയ സിനിമയാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി. ഫണ്‍ ടൈപ്പ് കഥാപാത്രങ്ങള്‍ അവതരിപ്പിച്ച താരം നെഗറ്റീവ് റോളില്‍ മികച്ച പെര്‍ഫോമന്‍സ് ആയിരുന്നു സിനിമയില്‍ കാഴ്ചവെച്ചത്.
ഹാപ്പി വെഡിങ്ങിങ്ങിന് ശേഷം സിജു നായകവേഷത്തിയ സിനിമയാണ് വരയന്‍. ചിത്രത്തില്‍ അച്ഛന്‍ കഥാപാത്രമായിട്ടായിരുന്നു താരം വേഷമിട്ടത്. കലിപ്പക്കരയിലെ എബി കപ്പൂച്ചിന്‍ എന്ന വൈദിക വേഷത്തില്‍ സ്ഥിരം സിനിമാകാഴ്ചയിലെ വൈദികനില്‍ നിന്ന് മാറി വ്യത്യസ്തനായിരുന്നു നടന്‍.
ഇതില്‍ നിന്നെല്ലാം മാറിയൊരു പെര്‍ഫോമന്‍സാണ് സിജു വില്‍സണ്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ ചെയ്തത്. ഭാവത്തിലും നോട്ടത്തിലും രൂപത്തിലുമൊക്കെ ചങ്കുറപ്പുള്ള കേരളത്തിലെ നവോത്ഥാന നായകനായിരുന്ന ആറാട്ടുപുഴ വേലായുധനാവാന്‍ സിജുവിന് സാധിച്ചിട്ടുണ്ട്. കയ്യടക്കമുള്ള ക്ലാസ് അഭിനയശൈലി കാഴ്ചവെച്ച് ഞെട്ടിക്കാന്‍ താരത്തിന് കഴിഞ്ഞു. ആറ് മാസത്തോളം കുതിരയോട്ടവും കളരിപ്പയറ്റും ജിമ്മില്‍ വെയ്റ്റ് ട്രെയിനിങ്ങും നടത്തിയാണ് സിജു കഥാപാത്രമായി മാറിയത്.
കുടുംബത്തെക്കുറിച്ചും സിനിമയിലേക്കുള്ള തന്റെ പ്രേയത്നത്തെക്കുറിച്ചും പറഞ്ഞ സിജുവിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വളരെ ചര്‍ച്ചയായിരുന്നു. അച്ഛന്‍ സി.ഐ.ടി.യു പ്രവര്‍ത്തകനായിരുന്നുവെന്നും ചുമട്ടുതൊഴിലാളിയായ അച്ഛന്റെ സിനിമാപ്രേമമാണ് തന്റെ സിനിമാ മോഹത്തിന് കാരണമായതെന്ന് സിജു ആ വീഡിയോയില്‍ പറഞ്ഞിരുന്നു.
വീട്ടില്‍ ടി.വി ഇല്ലാത്തത് കൊണ്ട് അയല്‍ വീടുകളിലും ഒരു കിലോമീറ്ററിനടുത്തായുള്ള ആന്റിയുടെ വീട്ടിലുമൊക്കെ പോയിരുന്നാണ് സിജു ടി.വി കണ്ടിരുന്നത്. ഒരു ദിവസം ടി. വി കാണാല്‍ ചെന്നിട്ട് അയല്‍വീട്ടില്‍ നിന്ന് തന്നെ ഇറക്കിവിട്ട കാര്യവും അതില്‍ സിജു പറഞ്ഞിരുന്നു.
മറിയം വന്നു വിളക്കൂതി, വരനെ ആവശ്യമുണ്ട്, സാറാസ് തുടങ്ങിയ ചിത്രങ്ങളിലും നടന്‍ വേഷമിട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചരിത്ര സിനിമയിലൂടെ സിജു വില്‍സണ്‍ എന്ന ആക്ഷന്‍ ഹീറോയാണ് മലയാള സിനിമയിലേക്ക് ഉദയം ചെയ്തിരിക്കുന്നത്.
Content highlight: Rise of Siju Wiloson as an Action Hero