|

വെറും 24 വര്‍ഷം കൊണ്ട് പടുത്തുയര്‍ത്തിയ ക്രിക്കറ്റ് സാമ്രാജ്യം; അഫ്ഗാന്റെ വളര്‍ച്ചയെ വിശേഷിപ്പിക്കാന്‍ മലയാളത്തില്‍ വാക്കുകള്‍ പോരാ...

ആദര്‍ശ് എം.കെ.

ക്രിക്കറ്റിനെ ഇഷ്ടപ്പെടുന്ന ഓരോ ആരാധകരും ഏറ്റവുമധികം സന്തോഷിച്ച ദിവസമാകും ചാമ്പ്യന്‍സ് ട്രോഫിയില്‍ കടന്നുപോയത്. ക്രിക്കറ്റ് ലോകത്ത് അഫ്ഗാനിസ്ഥാന്‍ ഒരു ശക്തിയായി സ്വയം അടയാളപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായി ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് യോഗ്യത നേടുക, മുന്‍ ലോകചാമ്പ്യന്‍മാരെ തോല്‍പിച്ച് ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കുക…

അവിശ്വസനീയം എന്ന് ഒരിക്കലും ഈ വിജയത്തെ വിശേഷിപ്പിക്കാന്‍ സാധിക്കില്ല. കാരണം അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിനെയും അവരുടെ ക്രിക്കറ്റ് സ്പിരിറ്റിനെയും അറിയുന്ന ഒരാള്‍ പോലും അവര്‍ പരാജയപ്പെടുമെന്ന് വിശ്വസിച്ചിരിക്കില്ല.

മത്സരത്തില്‍ ഓരോ അവസരം നഷ്ടപ്പെടുമ്പോഴും പുതിയ അവസരങ്ങളുണ്ടാക്കിയെടുത്താണ് അഫ്ഗാനിസ്ഥാന്‍ വിജയം സ്വന്തമാക്കിയത്.

ഈ വിജയത്തിന്റെ അവകാശികള്‍ കേവലം അഫ്ഗാനിസ്ഥാനോ പരിശീലകനോ മാത്രമല്ല, 24 വര്‍ഷമായി ഈ സ്വപ്‌നമുഹൂര്‍ത്തത്തിനായി കാത്തിരുന്ന ഓരോരുത്തരും ഈ വിജയത്തിന്റെ അവകാശികളാണ്.

2001ലാണ് അഫ്ഗാനിസ്ഥാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലില്‍ അഫിലിയേഷന്‍ നേടുന്നത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2003 ഐ.സി.സിയില്‍ അംഗത്വവും നേടി.

2008ല്‍ ഡിവിഷന്‍ ഫൈവും ഡിവിഷന്‍ ഫോറും വിജയിച്ച അഫ്ഗാന്‍ സിംഹങ്ങള്‍ 2009ല്‍ ഡിവിഷന്‍ ത്രീയിലും വിജയം സ്വന്തമാക്കി. തൊട്ടടുത്ത വര്‍ഷം, 2010ല്‍, ഡിവിഷന്‍ വണ്ണില്‍ മൂന്നാം സ്ഥാനവും നേടി അവര്‍ വരവറിയിച്ചു. അഫ്ഗാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ ആരംഭമായിരുന്നു അവിടെ കുറിക്കപ്പെട്ടത്.

ഐ.സി.സിയില്‍ അഫിലിയേഷന്‍ ലഭിച്ച് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം 2011ല്‍ അഫ്ഗാനിസ്ഥാന് ഏകദിന സ്റ്റാറ്റസ് ലഭിച്ചു. അസോസിയേറ്റ് ടീമുകള്‍ക്കിടയില്‍ പ്രധാനികളായി വളര്‍ന്നുതുടങ്ങിയ അഫ്ഗാന്‍ 2012ല്‍ ടെസ്റ്റ് സ്റ്റാറ്റസുള്ള ടീമിനെതിരെ തങ്ങളുടെ ആദ്യ ഏകദിനം കളിച്ചു. പാകിസ്ഥാനെതിരായ ആ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും അഫ്ഗാന്റെ കുതിപ്പിന് തടയിടാന്‍ അതിന് സാധിക്കുമായിരുന്നില്ല.

2014ല്‍ ടെസ്റ്റ് സ്റ്റാറ്റസുള്ള ടീമിനെതിരെ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ആദ്യ ഏകദിന പരമ്പര കളിച്ചു. നാല് മത്സരങ്ങളുടെ പരമ്പരയാണ് അഫ്ഗാനിസ്ഥാന്‍ സിംബാബ്‌വേക്കെതിരെ കളിച്ചത്. നാല് മത്സരങ്ങളുടെ പരമ്പര 2-2ന് അഫ്ഗാനിസ്ഥാന്‍ സമനിലയില്‍ അവസാനിപ്പിച്ചു.

നാലാം മത്സരം വിജയിച്ച അഫ്ഗാന്1 താരങ്ങളുടെ ആഹ്ലാദം

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ശേഷമാണ് അഫ്ഗാന്‍ സിംഹങ്ങള്‍ ഗംഭീര തിരിച്ചുവരവ് നടത്തിയത്. ക്യാപ്റ്റന്‍ മുഹമ്മദ് നബിയടക്കമുള്ള താരങ്ങളുടെ ഗംഭീര പ്രകടനം തന്നെയായിരുന്നു പരമ്പരയുടെ ഹൈലൈറ്റ്.

2015 എന്ന വര്‍ഷം അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് ഏറെ സ്‌പെഷ്യലാണ്. ആദ്യമായി ഏകദിന റാങ്കിങ്ങില്‍ ആദ്യ പത്തിലെത്തിയ ടീം ചരിത്രത്തിലാദ്യമായി ലോകകപ്പിനും അര്‍ഹത നേടി.

ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ശ്രീലങ്കയും ഇംഗ്ലണ്ടും അടങ്ങുന്ന ഗ്രൂപ്പ് എ-യിലായിരുന്നു അഫ്ഗാനിസ്ഥാന്റെ സ്ഥാനം. ടൂര്‍ണമെന്റില്‍ സ്‌കോട്‌ലാന്‍ഡിനെതിരെ ഒരു വിജയം മാത്രമാണ് ടീമിന് സ്വന്തമാക്കാന്‍ സാധിച്ചത്.

ഏഴ് ടീമുകളടങ്ങിയ ഗ്രൂപ്പില്‍ ആറാം സ്ഥാനത്തോടെ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ആദ്യ ലോകകപ്പിനോട് വിട പറഞ്ഞു.

ചരിത്ര വിജയം

അതേ വര്‍ഷം തന്നെ അഫ്ഗാനിസ്ഥാന്‍ തങ്ങളുടെ ആദ്യ ഏകദിന പരമ്പരയും വിജയിച്ചു. എതിരാളികളുടെ തട്ടകത്തില്‍ നടന്ന അഞ്ച് മത്സരങ്ങളുടെ പരമ്പര 3-2നാണ് അസ്ഗര്‍ അഫ്ഗാനും സംഘവും വിജയിച്ചത്.

2018ല്‍ ഐ.സി.സി ഏകദിന ലോകകപ്പ് ക്വാളിഫയര്‍ വിജയിച്ച് 2019 ലോകകപ്പിനും അഫ്ഗാനിസ്ഥാന്‍ ടിക്കറ്റുറപ്പിച്ചു.

ആ വര്‍ഷം തന്നെ അഫ്ഗാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയെ അടയാളപ്പെടുത്തി ഐ.സി.സി ടീമിന് ടെസ്റ്റ് പദവിയും നല്‍കി. 2018ല്‍ ഇന്ത്യയ്‌ക്കെതിരെയായിരുന്നു അഫ്ഗാനിസ്ഥാന്‍ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് മത്സരം. ബെംഗളൂരുവില്‍ നടന്ന വണ്‍ ഓഫ് ടെസ്റ്റില്‍ ഇന്നിങ്‌സിനും 262 റണ്‍സിനും ടീം പരാജയപ്പെട്ടു.

2019 മാര്‍ച്ചില്‍ അഫ്ഗാന്‍ തങ്ങളുടെ ക്രിക്കറ്റ് യാത്രയിലെ സുപ്രധാന നാഴികക്കല്ല് പിന്നിട്ടു. തങ്ങളുടെ ചരിത്രത്തിലെ ആദ്യ ടെസ്റ്റ് വിജയം! ഡെറാഡൂണില്‍ നടന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ ഏഴ് വിക്കറ്റിന്റെ വിജയമാണ് ടീം സ്വന്തമാക്കിയത്.

എന്നാല്‍ അതേവര്‍ഷം തങ്ങളുടെ രണ്ടാം ലോകകപ്പിനെത്തിയ അഫ്ഗാനിസ്ഥാന് തിളങ്ങാനായില്ല. കളിച്ച ഒമ്പത് മത്സരത്തിലും ടീം പരാജയപ്പെട്ട് പത്താം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

2021ല്‍ അയര്‍ലന്‍ഡിനെതിരെ തങ്ങളുടെ ചരിത്രത്തിലെ ആദ്യ വൈറ്റ്‌വാഷ് വിജയവും അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ടീം വിജയിച്ചത്.

2023 ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്റെ വളര്‍ച്ച എത്രത്തോളമാണെന്ന് ക്രിക്കറ്റ് ലോകം വീണ്ടുമറിഞ്ഞു. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനെയും ശ്രീലങ്കയെയുമടക്കം പരാജയപ്പെടുത്തി ആരാധകരെയും എതിരാളികളെയും ഒരുപോലെ ഞെട്ടിച്ച അവര്‍ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് 2025 ചാമ്പ്യന്‍സ് ട്രോഫിയിലും സ്ഥാനമുറപ്പിച്ചു. ശ്രീലങ്കയും വിന്‍ഡീസും അടക്കമുള്ളവര്‍ പുറത്ത് നില്‍ക്കവെ ക്രിക്കറ്റ് ലോകത്ത് ഒറ്റയ്ക്ക് വഴി വെട്ടി വന്നവര്‍ ടൂര്‍ണമെന്റിന് ടിക്കറ്റെടുത്ത കാഴ്ചയ്ക്കാണ് ലോകം സാക്ഷ്യം വഹിച്ചത്.

2021 ടി-20 ലോകകപ്പ് മുതല്‍ ടൂര്‍ണമെന്റിന്റെ ഭാഗമാണെങ്കിലും 2024 ടി-20 ലോകകപ്പാകും ഏതൊരു ക്രിക്കറ്റ് ആരാധകന്റെയും മനസില്‍ തങ്ങിനില്‍ക്കുക. ഗ്രൂപ്പ് സി-യില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസിനൊപ്പം രണ്ടാം ഗ്രൂപ്പ് ഘട്ടത്തിലേക്ക് പ്രവേശിച്ച അഫ്ഗാനിസ്ഥാന്‍ ഓസ്‌ട്രേലിയ അടക്കമുള്ളവരെ പരാജയപ്പെടുത്തി സെമി ഫൈനലിന് യോഗ്യത നേടി.

സെമി ഫൈനലില്‍ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെടാനിയിരുന്നു ടീമിന്റെ വിധി. എങ്കിലും ഒട്ടേറെ നല്ല ക്രിക്കറ്റ് മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കാന്‍ അഫ്ഗാനിസ്ഥാന് സാധിച്ചിരുന്നു.

2025ല്‍ തങ്ങളുടെ ആദ്യ ചാമ്പ്യന്‍സ് ട്രോഫിക്ക് യോഗ്യത നേടിയ അഫ്ഗാനിസ്ഥാന് ആദ്യ മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചില്ല. എന്നാല്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തില്‍ അഫ്ഗാന്‍ തങ്ങളുടെ മാജിക് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. മറ്റൊരു ഐ.സി.സി ഇവന്റില്‍ ഇംഗ്ലണ്ടിന് പുറത്തേയ്ക്കുള്ള വഴി കാണിച്ചുകൊടുത്ത് അഫ്ഗാന്‍ തങ്ങളുടെ സാധ്യതകള്‍ നിലനിര്‍ത്തി.

എന്നാല്‍ ഇതുകൊണ്ട് മാത്രമായില്ല, ആരാധകരും അഫ്ഗാന്‍ ജനതയും ഒരുപോലെ കാത്തിരിക്കുന്ന ഒന്നുണ്ട്, ഐ.സി.സി കിരീടം. ആ ലക്ഷ്യത്തിലേക്ക് സമീപഭാവിയില്‍ തന്നെ അഫ്ഗാന്‍ സിംഹങ്ങള്‍ നടന്നുകയറുമെന്ന് പ്രത്യാശിക്കാം.

Content highlight: Rise of Afghanistan Cricket

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.