ദേശീയത വളര്‍ത്താന്‍ ദൂരദര്‍ശനെയും കരുവാക്കുന്നു; രാജ്യസ്‌നേഹ സിനിമകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ ദൂരദര്‍ശനില്‍ വന്‍ വര്‍ധന
Patriotism
ദേശീയത വളര്‍ത്താന്‍ ദൂരദര്‍ശനെയും കരുവാക്കുന്നു; രാജ്യസ്‌നേഹ സിനിമകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ ദൂരദര്‍ശനില്‍ വന്‍ വര്‍ധന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 29th December 2017, 10:00 am

ന്യൂദല്‍ഹി: ദേശസ്‌നേഹവും ദേശീയതയും പ്രതിപാദിക്കുന്ന സിനിമകള്‍ സംപ്രേഷണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ടെലിവിഷന്‍ ചാനലായ ദൂരദര്‍ശനില്‍ വന്‍ വര്‍ധനയെന്ന് വാര്‍ത്താവിനിമയ വകുപ്പ് മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്. ഈ വര്‍ഷം ഇത്തരത്തിലുള്ള 17 ചിത്രങ്ങള്‍ ദൂരദര്‍ശന്‍ സ്ംപ്രേഷണം ചെയ്‌തെന്ന് റാത്തോഡ് ലോക്‌സഭയില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.

ബി.ജെ.പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം ഒരോ വര്‍ഷവും രാജ്യസ്‌നേഹം വിഷയമാക്കിയുള്ള സിനിമകള്‍ വര്‍ധിച്ചുവെന്നും മന്ത്രി സമ്മതിച്ചു. 2014 ല്‍ ഈ വിഭാഗത്തില്‍ ഒരു ചിത്രം മാത്രമാണ് പ്രദര്‍ശിക്കപ്പെട്ടത്. 2015 ല്‍ നാലെണ്ണമായപ്പോള്‍ കഴിഞ്ഞ വര്‍ഷം 16 സിനിമകളായി വര്‍ധിച്ചു.

ദൂരദര്‍ശന്റെ വിവിധ കേന്ദ്രങ്ങളിലായി കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ 36 ദേശീയത പ്രതിപാദിക്കുന്ന പരിപാടികള്‍ സംപ്രേഷണം ചെയ്‌തെന്നും മന്ത്രി പറഞ്ഞു. പ്രമുഖ ദേശീയവാദികളുടെ ജീവിതം പ്രമേയമാകുന്ന ആറ് ഡോക്യുമെന്ററികള്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.

ബി.ജെ.പി എം.പി ഹരീഷ് ദ്വിവേദിയാണ് ദേശസ്നേഹം വിഷയമാകുന്ന എത്ര ചിത്രങ്ങള്‍ ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്ന ചോദ്യം ലോക്സഭയില്‍ ഉന്നയിച്ചത്. സാമൂഹ്യ വിരുദ്ധതയും അക്രമവും വിഷയമാക്കിയുള്ള സിനിമകളെ സെന്‍സര്‍ ബോര്‍ഡ് കൃത്യമായി അവലോകനം ചെയ്യുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.