| Monday, 11th November 2013, 9:31 am

''തന്റേടം എന്നാല്‍ തന്റെ ഇടമാണെന്നത് മറക്കരുത്''

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]അബുദാബി: തന്റേടം എന്നാല്‍ തന്റെ ഇടമാണെന്ന് ബോധ്യം മലയാളിക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ എന്‍ വി അനില്‍കുമാര്‍ പറഞ്ഞു.

രിസാല സ്റ്റഡി സര്‍കിള്‍ ഗള്‍ഫ് നാടുകളില്‍ നടത്തുന്ന ശ്രേഷ്ഠം മലയാളം പഠന കാലത്തിന്റെ ഭാഗമായി അബു ദാബി സോന്‍ സംഘടിപ്പിച്ച   “മലയാളത്തിന്റെ ദേശം പരദേശം”” എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ തന്റേടം നഷ്ടപ്പെടുന്നതുകൊണ്ടാണ് വിദേശ ഭാഷയും സംസ്‌കാരവും മലയാളികളെ പിടിമുറുക്കുന്നത്. ഭാഷ നശിക്കുക  എന്നാല്‍ സംസ്‌കാരം നശിക്കുക എന്നതാണ്. ലോകത്ത് 500 ഓളം ഭാഷകള്‍ ഇല്ലാതായി. സംസ്‌കാരവും നാമാവശേഷമായി.

മലയാളത്തിന്റെ അച്ഛന്‍ എഴുത്തച്ഛനാണെങ്കില്‍, ഇന്ന് മലയാളത്തിന്റെ അമ്മ, വികൃതമായ മലയാളം പറയുന്ന രഞ്ജിനി ഹരിദാസാണ്.

ടെലിവിഷന്‍ ചാനലിലെ അവതാരകരില്‍ പലര്‍ക്കും സ്വന്തം പേര് പോലും ശരിയാംവണ്ണം ഉച്ചരിക്കാന്‍ അറിയില്ല. ശ്വേതാ മേനോന്‍ സ്വന്തം പേര് പറയുന്നത് ശത മേനോന്‍ എന്നാണ്.

ഇംഗ്ലീഷ് പോലുള്ള ഭാഷകള്‍ പഠിക്കരുതെന്നല്ല ഉദ്ദേശം. പക്ഷേ, മലയാളത്തെ മറക്കരുത്. രണ്ട് ഭാഷകള്‍ അറിയുന്നവനെ ദ്വിഭാഷാ സ്‌നേഹിയെന്നും രണ്ടിലധികം ഭാഷ സംസാരിക്കുന്നവരെ ബഹുഭാഷ പണ്ഡിതനെന്നും വിശേഷിപ്പിക്കുന്നു.

എന്നാല്‍  ഒരു ഭാഷ മാത്രം അറിയുന്നവര്‍, ഇംഗ്ലീഷ് ഭാഷയിലേക്ക് ചുരുങ്ങുകയാണെന്നും അനില്‍ കുമാര്‍ പറഞ്ഞു.

സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ്  കെ എം അബ്ബാസ് മോഡറേറ്ററായിരുന്നു. ആര്‍.എസ്.സീ ഗള്‍ഫ് കൌണ്‍സില്‍ ഷെയര്‍ ആന്‍ഡ് കെയര്‍ കണ്‍വീനര്‍  റസാഖ് മാറഞ്ചേരി വിഷയാവതരണം നടത്തി. ഇ പി മജീദ് ഹാജി അധ്യക്ഷത വഹിച്ചു.

ഐപ്പ് വള്ളിക്കാടന്‍ (മാതൃഭുമി ന്യൂസ് ) , അബ്ദുസ്സമദ് ( ഇന്ത്യന്‍ മീഡിയ അബു ദാബി ), ടി പി ഗംഗാധരന്‍ ( മാതൃഭൂമി ), ഹമീദ് പരപ്പ ( ഐ സി എഫ് സെക്രട്ടറി ),  സുനീര്‍ ( കെ സ് സീ പ്രസിടന്റ്‌റ് ) , അബ്ദുല്‍ ഹമീദ് ഈശ്വരമംഗലം ( ഐ ഐ സി സി സെക്രട്ടറി  ),

ഷിബു വര്‍ഗീസ് ( അബു ദാബി മലയാളി സമാജം ) , ടി പി ഗംഗദരന്‍ ( മാതൃഭൂമി ) , ജയലാല്‍ ( മലയാളി സമാജം ), സിബി കടവില്‍ ( ഏഷ്യാ നെറ്റ് )  പ്രസംഗിച്ചു. ഫാത്തിമ ഗ്രൂപ്പ് എം ഡി ഇ പി മജീദ് ഹാജി അധ്യക്ഷത വഹിച്ചു.അബൂബക്കര്‍ അസ്ഹരി പ്രാര്‍ഥന നടത്തി. സിദ്ദിഖ് പൊന്നാട്, ഫഹദ് സഖാഫി സംസാരിച്ചു.

We use cookies to give you the best possible experience. Learn more