റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇടം നേടി മലയാള ചിത്രം 'റിപ്ടൈഡ്'
അമ്പത്തിമൂന്നാമത് റോട്ടർഡാം അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ തെരഞ്ഞെടുക്കപെട്ട് മലയാള ചിത്രം ‘റിപ്ടെഡ്’. നവാഗതനായ അഫ്രദ് വി.കെ. രചനയും സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ച ചിത്രം മേളയിലെ ബ്രൈറ്റ് ഫ്യുച്ചർ വിഭാഗത്തിലാണ് പ്രദർശിപ്പിക്കുന്നത്.
സ്ഥിരം സിനിമ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന ചിത്രങ്ങളെയാണ് ബ്രൈറ്റ് ഫ്യുച്ചർ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. മിസ്റ്ററി പ്രണയ കഥ പറയുന്ന ചിത്രമാണ് ‘റിപ്ടൈഡ്’. യുവാക്കളുടെ ജീവിതത്തെ ചുറ്റിപറ്റി കഥപറയുന്ന ചിതത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് നവാഗതരായ സ്വലാഹ് റഹ്മാൻ, ഫാരിസ് ഹിന്ദ് എന്നിവരാണ്.
മീഡിയവൺ അക്കാദമിയിലെ ചലച്ചിത്ര പഠനത്തിന്റെ ഭാഗമായി തുടങ്ങിയ ചിത്രത്തിന്റെ എല്ലാ മേഖലയിലും പ്രവർത്തിച്ചിരിക്കുന്നത് ചലച്ചിത്രപഠന വിദ്യാർത്ഥികളാണ്.
മെക്ബ്രാന്റ് പ്രൊഡക്ഷന്സിന്റെ ബാനറിൽ കോമൾ ഉനാവ്നെ നിർമിച്ച ചിത്രത്തിന്റെ സഹനിർമാതാക്കൾ ജോമോൻ ജേക്കബ്, അഫ്രദ് വി.കെ എന്നിവരാണ്. അഭിജിത് സുരേഷാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
പ്രമേയം കൊണ്ട് വ്യത്യസ്ഥതമായ ചിത്രങ്ങൾക്കും പരീക്ഷണ ചിത്രങ്ങൾക്കും, സ്വാതന്ത്ര്യ സിനിമകൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ആണ് റോട്ടർഡാം ഫിലിം ഫെസ്റ്റിവൽ.
ഏറെ പ്രശംസ നേടിയ മാലിക്ക്, സെക്സി ദുർഗ, ചവിട്ട്, കൂഴങ്ങൾ, ഫാമിലി തുടങ്ങി പല മലയാള സിനിമകളും ഈ കഴിഞ്ഞ വർഷങ്ങളായി മേളയിൽ പ്രദർശിപ്പിച്ചിരുന്നു.
പി.എസ്. വിനോദരാജ് സംവിധാനം ചെയ്ത കൂഴങ്ങൾ, സനൽ കുമാർ ശശിധരൻന്റെ സെക്സി ദുർഗ തുടങ്ങിയവയാണ് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിനുള്ള ടൈഗർ അവാർഡ് നേടിയ ഇന്ത്യൻ സിനിമകൾ. ജനുവരി 25 മുതൽ ഫെബ്രുവരി നാല് വരെയാണ് മേള നടക്കുന്നത്. പി.ആർ.ഒ – റോജിൻ കെ. റോയ്
Content Highlight: Riptide malayalam movie officially selected rotterdam film festival