[]തിരുവനന്തപുരം: വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുകയായിരുന്ന റിപ്പര്‍ ജയാനന്ദന്‍ ജയില്‍ ചാടി. ഇന്ന് പുലര്‍ച്ചെയാണ് റിപ്പര്‍ ജയാനന്ദനും സഹതടവുകാരനായ പ്രകാശനും രക്ഷപ്പെട്ടത്. []
ഇരട്ടക്കൊലപാതകക്കേസ് ഉള്‍പ്പടെ ഏഴു കൊലക്കേസ്സിലും 14 കവര്‍ച്ചാക്കേസുകളിലും പ്രതിയാണ് തൃശ്ശൂര്‍ മാള പള്ളിപ്പുറം ചെന്തുരത്തിയില്‍ കുറുപ്പന്‍ പറമ്പില്‍ ജയാനന്ദന്‍.
കാവല്‍ക്കാരെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതികള്‍ കിടന്ന സെല്ലില്‍ തലയിണയും തുണിയും ഉപയോഗിച്ച് രണ്ട് ഡമ്മികള്‍ ഉണ്ടാക്കിവെച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്.
ഇന്നു രാവിലെ വാര്‍ഡന്‍മാര്‍ സെല്ലില്‍ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തടവുകാര്‍ ജയില്‍ ചാടിയെന്ന് അറിഞ്ഞത്. പൊലീസ് ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോള്‍ ജയില്‍ചാടിയ ജയാനന്ദനെ ഊട്ടിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. അന്നും ഡമ്മികള്‍ ഉണ്ടാക്കിവെച്ചാണ് ജയാനന്ദന്‍ മറ്റൊരാള്‍ക്കൊപ്പം ജയില്‍ ചാടിയത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുമ്പോഴും ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചിരുന്നു.
സുരക്ഷ കണക്കിലെടുത്താണ് പൂജപ്പുരയിലെ പ്രത്യേക സെല്ലിലേക്ക് ഇയാളെ മാറ്റിയത്. ജയില്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2004 ഒക്ടോബര്‍ മൂന്നിന് തൃശ്ശൂര്‍, കൊടുങ്ങല്ലൂര്‍ പെരിഞ്ഞനത്ത് കളപ്പുരക്കല്‍ സഹദേവന്‍, ഭാര്യ നിര്‍മല എന്നിവരെ കൊന്നു കവര്‍ച്ച നടത്തിയ കേസ്സില്‍ ജയാനന്ദനെ തൃശ്ശൂര്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷക്ക് വിധിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വെറുതെ വിട്ടു.
2004 മാര്‍ച്ച് 28ന് മാള പള്ളിപ്പുറം കളത്തിപ്പറമ്പില്‍ നബീസ, മരുമകള്‍ ഫൗസിയ എന്നിവരെ കൊന്ന കേസ്സിലും സി.ബി.ഐ. കോടതി ശിക്ഷിച്ചെങ്കിലും പിന്നീട് വെറുതെവിട്ടു.
പുത്തന്‍വേലിക്കര നെടുമ്പിള്ളി രാമകൃഷ്ണന്റെ ഭാര്യ ബേബിയെ (ദേവകി 51) 2006 ഒക്‌ടോബര്‍ ഒന്നിനു പുലര്‍ച്ചെ ഒരു മണിക്കു കൊലപ്പെടുത്തിയ കേസിലാണു മാള പള്ളിപ്പുറം ചെന്തുരുത്തി കുറുപ്പുംപറമ്പില്‍ ജയാനന്ദന്‍ (റിപ്പര്‍ ജയന്‍) വധശിക്ഷയ്ക്ക് ശിക്ഷിക്കപ്പെട്ടത്.
തെക്കന്‍ കേരളത്തില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുണ്ട്. ഒരിക്കല്‍ ജയിലിലെ ക്ലോസറ്റ് പൊട്ടിച്ച് തുരന്നു ഗുഹയാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചതായി ഇയാള്‍ക്കെതിരെ കേസുണ്ടായിരുന്നു.
അബ്കാരിക്കേസുകളിലും മോഷണക്കേസുകളിലും ശിക്ഷ അനുഭവിക്കുന്നയാളാണ് ജയില്‍ചാടിയ പ്രകാശന്‍.