[share][] കൊച്ചി: പുത്തന്‍വേലിക്കര കൊലപാതക കേസില്‍ വിധി പ്രഖ്യാപിക്കാനിരുന്ന ഹൈക്കോടതി ജഡ്ജി കേസില്‍ നിന്ന് പിന്മാറി. റിപ്പര്‍ ജയാനന്ദന്‍ പ്രതിയായ കേസില്‍ നിന്നാണ് ജഡ്ജി വി. കമാല്‍പാഷ പിന്‍മാറിയത്. ജസ്റ്റിസ് വി.കെ. മദനനും കമാല്‍പാഷയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചിരുന്നത്.
പുത്തന്‍വേലിക്കര കൊലപാതകക്കേസില്‍ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ നല്‍കിയ അപ്പീലിലാണ് ജസ്റ്റീസ് വി.കെ. മദനനും കമാല്‍പാഷയും ഉള്‍പ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ വിചാരണ നടന്നത്.
ഇതിന്റെ ഭാഗമായി ജയാനന്ദനെ കോടതിയില്‍ വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. പ്രതിയ്ക്കു വേണ്ടി സുപ്രീംകോടതി അഭിഭാഷകര്‍ ഹാജരായി വാദം നടത്തിയിരുന്നു.
ഇന്നു വിധി പ്രഖ്യാപിക്കാനിരിക്കെ പ്രത്യേകിച്ച് കാരണമൊന്നും അറിയിക്കാതെയാണ് ജഡ്ജി പിന്‍മാറിയത്. വിചാരണ പൂര്‍ത്തിയായ അവസരത്തിലാണ് ജഡജിയുടെ പിന്മാറ്റം. കേസില്‍ പുതിയ ബെഞ്ച് ഇനി ആദ്യം മുതല്‍ വാദം കേള്‍ക്കേണ്ടി വരും.
ഇരട്ടക്കൊലക്കേസ് അടക്കം ഏഴ് കൊലപാതകകേസുകളിലും പത്തിലധികം മോഷണകേസുകളിലും ജയാനന്ദന്‍ പ്രതിയാണ്. മൂന്നു തവണ ജയില്‍ ചാടിയെങ്കിലും പിന്നീട് പിടിക്കപ്പെട്ടിരുന്നു. ഒന്നിലധികം കൊലക്കേസുകളില്‍ ജീവപര്യന്തമടക്കം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.