ന്യൂദല്‍ഹി: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണവാര്‍ത്ത ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ മറഡോണയുടെ മരണത്തിന് ശേഷം ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഷെയര്‍ ചെയ്യപ്പെടുന്നത് പോപ്പ് ഗായിക മഡോണയുടെ ചിത്രങ്ങളാണ്.
കാരണമെന്തെന്നല്ലേ? മറഡോണയുടെ വിയോഗവാര്‍ത്തയറിഞ്ഞ ചിലര്‍ തെറ്റിദ്ധരിച്ചത് പോപ്പ് സ്റ്റാര്‍ മഡോണയാണ് മരിച്ചതെന്നാണ്. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ മഡോണയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്തെത്തുകയും ചെയ്തു.
ആര്‍.ഐ.പി മഡോണ എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഈ സന്ദേശങ്ങള്‍ പ്രചരിക്കപ്പെടുകയാണ്. മഡോണയുടെ പഴയകാല സ്റ്റേജ് ഷോകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇപ്പോള്‍ പ്രചരിക്കപ്പെടുന്നത്.
കഴിഞ്ഞ ദിവസമാണ് അര്‍ജന്റീനന്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം.
1960 ലായിരുന്നു മറഡോണയുടെ ജനനം. ആധുനിക ഫുട്ബോളിലെ ഏറ്റവും ശ്രദ്ധേയരായ കളിക്കാരിലൊരാളാണ്. അര്‍ജന്റീനയെ 1986-ലെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ചതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു.
ഇരുപതാം നുറ്റാണ്ടിലെ മികച്ച ഫുട്‌ബോള്‍ കളിക്കാരന്‍ എന്ന ഫിഫയുടെ ബഹുമതി പെലെയ്‌ക്കൊപ്പം പങ്കുവെയ്ക്കുന്ന താരമാണ് മറഡോണ. അന്താരാഷ്ട്ര ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് വേണ്ടി 91 കളികള്‍ കളിച്ച മറഡോണ 34 ഗോളുകള്‍ നേടിയിട്ടുണ്ട്.
1982 മുതല്‍ 1994 വരെയുള്ള നാല് ലോകകപ്പുകളില്‍ അര്‍ജന്റീനക്കു വേണ്ടി മറഡോണ കളിച്ചിട്ടുണ്ട്. അതില്‍ 1986-ലെ ലോകകപ്പാണ് ഏറ്റവും അവിസ്മരണീയമാക്കിയത്.
മറഡോണയുടെ നായകത്വത്തില്‍ കളിച്ച അര്‍ജന്റീന ടീം ഫൈനലില്‍ പശ്ചിമ ജര്‍മ്മനിയെ പരാജയപ്പെടുത്തി ഈ ലോകകപ്പ് നേടുകയും മികച്ച കളിക്കാരനുള്ള ഗോള്‍ഡന്‍ ബോള്‍ മറഡോണ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: RIP Madonna Trends In Twitter