മൊറോക്കോയോടേറ്റ പരാജയം സംഘര്‍ഷത്തിനും കലാപത്തിനും വഴിവെച്ചു; ബ്രസല്‍സില്‍ അക്രമസംഭവങ്ങളില്‍ 12 പേരെ അറസ്റ്റ് ചെയ്തു
World News
മൊറോക്കോയോടേറ്റ പരാജയം സംഘര്‍ഷത്തിനും കലാപത്തിനും വഴിവെച്ചു; ബ്രസല്‍സില്‍ അക്രമസംഭവങ്ങളില്‍ 12 പേരെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th November 2022, 1:56 pm

ബ്രസല്‍സ്: ഖത്തര്‍ ലോകകപ്പില്‍ ഞായറാഴ്ച നടന്ന മത്സരത്തില്‍ കരുത്തരായ ബെല്‍ജിയത്തെ മൊറോക്കോ ഏകപക്ഷീയമായ രണ്ട് ഗോളിന് തോല്‍പിച്ചിരുന്നു.

ഫിഫ റാങ്കിങ്ങില്‍ ബ്രസീലിന് പിന്നിലായി രണ്ടാമതുള്ള യൂറോപ്യന്‍ കരുത്തരായ ബെല്‍ജിയത്തിനെതിരെ 22ാം സ്ഥാനത്ത് നില്‍ക്കുന്ന മൊറോക്കോ അട്ടിമറി ജയം നേടുകയായിരുന്നു. 1998 ലോകകപ്പിന് ശേഷമുള്ള മൊറോക്കോയുടെ ആദ്യ ലോകകപ്പ് വിജയം കൂടിയായിരുന്നു കഴിഞ്ഞ ദിവസത്തിലേത്.

എന്നാല്‍ അപ്രതീക്ഷിതമായ തോല്‍വിയെ തുടര്‍ന്നുണ്ടായ പ്രതിഷേധം ബെല്‍ജിയത്തില്‍ വലിയ സംഘര്‍ഷങ്ങള്‍ക്കും കലാപസമാനമായ അന്തരീക്ഷത്തിനും വഴിവെച്ചിരിക്കുകയാണ്. തലസ്ഥാനമായ ബ്രസല്‍സില്‍ നടന്ന സംഘര്‍ഷങ്ങളിലും അക്രമ സംഭവങ്ങളിലും 12 പേരെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

സംഘര്‍ഷത്തിനിടെ ബ്രസല്‍സില്‍ ഒരു കാറിനും ചില ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കും കലാപകാരികള്‍ തീയിട്ടു. ബ്രസല്‍സിലെ വിവിധ സ്ഥലങ്ങളിലായാണ് അക്രസംഭവങ്ങള്‍ അരങ്ങേറിയത്.

മൊറോക്കന്‍ പതാകകള്‍ ധരിച്ചുകൊണ്ട് വന്നവരും ബെല്‍ജിയം ടീമിന്റെ ആരാധകരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും അത് സംഘര്‍ഷത്തിലേക്ക് വഴിവെക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ബെല്‍ജിയന്‍ പൊലീസ് അക്രമികള്‍ക്ക് നേരെ ജലപീരങ്കിയും കണ്ണീര്‍വാതകവുമടക്കം പ്രയോഗിക്കുകയായിരുന്നു.

കലാപകാരികള്‍ പ്രൊജക്ടൈലുകളും വടികളും ഉപയോഗിച്ചുവെന്നും പൊതുനിരത്തില്‍ തീയിട്ടെന്നും ബെല്‍ജിയന്‍ പൊലീസ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന് മുഖത്ത് പൊള്ളലേറ്റതായും മറ്റ് രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ബ്രസല്‍സ് നഗരമധ്യത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് മേയര്‍ ഫിലിപ്പ് ക്ലോസ് ആളുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തെരുവുകളില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ അധികാരികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

”അവര്‍ ആരാധകരല്ല, കലാപകാരികളാണ്,” മേയര്‍ ക്ലോസ് പറഞ്ഞു. ”കുറച്ച് വ്യക്തികള്‍ എങ്ങനെ ഒരു സാഹചര്യത്തെ ദുരുപയോഗം ചെയ്യുന്നുവെന്ന് കാണുന്നതില്‍ സങ്കടമുണ്ട്,’ ബെല്‍ജിയന്‍ ആഭ്യന്തരമന്ത്രി ആനെലീസ് വെര്‍ലിന്‍ഡന്‍ പ്രതികരിച്ചു.

അതിനിടെ മത്സരം തോറ്റതിന് പിന്നാലെ ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബൗട്ട് കോര്‍ട്ടോയിസ് ദേഷ്യപ്പെട്ട് പുറത്തുപോകുന്നതിന്റെ വീഡിയോയും കഴിഞ്ഞദിവസം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന കോര്‍ട്ടോയിസ് ദേഷ്യമടക്കാനാകാതെ ഇരിപ്പിടത്തില്‍ കൈകൊണ്ട് ഇടിക്കുന്നതായിരുന്നു വീഡിയോയിലുള്ളത്.

അബ്ദുല്‍ ഹമീദ് സാബിരി, സകരിയ്യ അബൂഖ്ലാല്‍ എന്നിവരായിരുന്നു മൊറോക്കോകായി കഴിഞ്ഞദിവസം ഗോള്‍ നേടിയത്.

അതേസമയം ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എഫിലാണ് ബെല്‍ജിയവും മൊറോക്കയും. ബെല്‍ജിയത്തെ തോല്‍പിച്ചതോടെ നിലവില്‍ മൊറോക്കോ പോയിന്റ് ടേബിളില്‍ രണ്ടാമതാണ്.

Content Highlight: Riots erupt in Brussels after Morocco beat Belgium at Qatar World Cup