| Friday, 4th January 2019, 11:48 am

ചന്ദ്രന്‍ ഉണ്ണിത്താന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം സംസ്ഥാനത്ത് വ്യാപക അക്രമം അഴിച്ചുവിട്ടേക്കാം; അതിജാഗ്രതാ മുന്നറിയിപ്പുമായി രഹസ്യാന്വേഷണ വിഭാഗം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനു പിന്നാലെ സംസ്ഥാനത്ത് ഇന്നും വ്യാപകമായി ആക്രമണമഴിച്ചു വിട്ടേക്കാമെന്ന് സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഇന്നലെയും ഇന്നുമായി വ്യാപകമായ ആക്രമണങ്ങളുണ്ടായേക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടില്‍ ഫലപ്രദമായ നടപടിയെടുക്കാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നതായി മാധ്യമം റിപ്പോര്‍ട്ടു ചെയ്യുന്നു. ജനങ്ങളുടെ സ്വത്തിനും സുരക്ഷയ്ക്കും സംരക്ഷണം നല്‍കാന്‍ കൂടുതല്‍ സുരക്ഷ വേണമെന്നും പൊലീസിനെതിരേയും പാര്‍ട്ടി ഓഫീസുകള്‍ക്കെതിരേയും ഇന്നും ആക്രമണമുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ശബരിമലയുടെ പേരില്‍ സംസ്ഥാനത്ത് ഇന്നലെ കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ബി.ജെ.പി- ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള പ്രതിഷേധക്കാര്‍ക്ക് സാധിച്ചിരുന്നു. ഇതര മതസ്ഥരുടെ സ്ഥാപനങ്ങള്‍ക്കു നേരെയും ഇന്ന് ആക്രമണമുണ്ടായേക്കുമെന്നും, കൃത്യമായ തിരക്കഥ അനുസരിച്ചാണ് കലാപമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചതിനു പിന്നാലെ ഉണ്ടായ പ്രതിഷേധത്തിനിടെ പന്തളത്ത് കൊല്ലപ്പെട്ട ചന്ദ്രന്‍ ഉണ്ണിത്താന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം സ്ഥിതിഗതികള്‍ വഷളായേക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജനുവരി 20ന് ശബരിമല നട അടക്കുന്നത് വരെ സമരം മുന്നോട്ടു കൊണ്ടു പോകാനായി തെരുവില്‍ ആക്രമണം അഴിച്ചു വിടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹര്‍ത്താലിന് ശേഷവും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പാലക്കാട് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന ഹര്‍ത്താലിലുണ്ടായ വ്യാപകമായ അക്രമ സംഭവങ്ങളില്‍ ഡിജിപി റിപ്പോര്‍ട്ട് തേടി. ജില്ലാ പോലീസ് മേധാവികളോടാണ് ഡി.ജി.പി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അക്രമ സംഭവങ്ങള്‍ സംബന്ധിച്ചുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചതിലുള്ള അതൃപ്തിയും ഡി.ജി.പി പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്
. അക്രമങ്ങളില്‍ ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയോട് റിപ്പോര്‍ട്ട് തേടിയിരുന്നു. മുഖ്യമന്ത്രി ഇന്ന് ഗവര്‍ണ്ണറെ നേരില്‍ കണ്ട് റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സമരത്തിന് ശേഷവും വ്യാപകമായ തോതില്‍ ആര്‍.എസ്.എസ് ഇന്നലെ സംസ്ഥാനത്ത് ആക്രമണങ്ങള്‍ അഴിച്ചു വിട്ടിരുന്നു. ഇന്നലെ രാത്രി പേരാമ്പ്രയില്‍ ദേവസ്വം ബോര്‍ഡ് അംഗത്തിന്റെ വീടിനു നേരെ ബോംബ് എറിഞ്ഞിരുന്നു.

We use cookies to give you the best possible experience. Learn more