ശ്രീലങ്കയില്‍ ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി; രജപക്സെ രാജ്യം വിട്ടെന്ന് സൂചന
World News
ശ്രീലങ്കയില്‍ ആയിരക്കണക്കിന് പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറി; രജപക്സെ രാജ്യം വിട്ടെന്ന് സൂചന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th July 2022, 2:10 pm

കൊളംബോ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ കലാപ സമാനമായ സാഹചര്യം. ശ്രീലങ്കന്‍ പ്രസിഡന്റ് ഗോത്തബയ രജപക്സെയുടെ വീട് പ്രക്ഷോഭകര്‍ വളഞ്ഞിരിക്കുകയാണ്.

ആയിരക്കണക്കിന് പ്രക്ഷോഭകര്‍ കൊളംബോയിലുള്ള പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരച്ചുകയറിയിരിക്കുകയാണ്. സുരക്ഷ സേനകളുടെ എല്ലാ പ്രതിരോധവും മറികടന്നാണ് പ്രക്ഷോഭകര്‍ ഗെയ്റ്റ് കടന്ന് വസതിയിലേക്ക് പ്രവേശിച്ചത്.

രജപക്‌സെ കഴിഞ്ഞിരുന്ന മുറികളിലടക്കം പ്രക്ഷോഭകര്‍ കടന്ന് സാധനങ്ങള്‍ തല്ലിതകര്‍ത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ രജപക്സെ വസതി വിട്ടിരിക്കുകയാണ്. അദ്ദേഹം എവിടേക്കാണ് പോയതെന്നത് വ്യക്തമല്ല. പ്രസിഡന്റ് രാജ്യം വിട്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെയുണ്ടായതില്‍ തീവ്രമായ പ്രക്ഷോഭമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ആയിരക്കണക്കിനാളുകള്‍ പ്രക്ഷോഭങ്ങളുമായി തെരുവിലിറങ്ങുന്ന ദൃശ്യങ്ങള്‍ ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ലങ്കന്‍ പതാകയുമായാണ് ആളുകള്‍ തെരുവിലിറങ്ങിയത്.

വലിയ ബഹുജന റാലിക്ക് ഇന്ന് വിവിധ സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. ഇതോടെ റാലി തടയാന്‍ ശ്രമിച്ചെങ്കിലും എല്ലാ പ്രതിരോധങ്ങളേയും മറികടന്നാണ് പ്രക്ഷോഭം നടത്തുന്നത്. പൊലീസ് ഗതാഗതം തടഞ്ഞതോടെ നടന്നാണ് പ്രക്ഷോഭകരെത്തിയത്.

CONTENT HIGHLIGHTS: Riot-like situation in Sri Lanka following the uprising following the financial crisis