പാരീസ്: ട്രാഫിക് നിയമലംഘനം നടത്തിയ ആഫ്രിക്കന്‍ വംശജനായ 17 വയസുകാരനെ പൊലീസ് വെടിവെച്ച് കൊന്നതിന് പിന്നാലെ ഫ്രഞ്ച് തലസ്ഥാനമായ പാരീസില്‍ ആരംഭിച്ച കലാപം മൂന്നാം ദിവസവും നിയന്ത്രിക്കാന്‍ കഴിയാതെ ഭരണകൂടം.
ഫ്രാന്‍സിലെ പ്രധാന നഗരങ്ങളിലേക്കെല്ലാം മൂന്നാം ദിവസം രാത്രിയോടെ കലാപം വ്യാപിച്ചിട്ടുണ്ടെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. പുതുതായി മാര്‍സെയില്‍, ലിയോണ്‍, പോ, ടൗളൂസ്, ലിലെ എന്നീ നഗരങ്ങളിലാണ് കലാപം പടരുന്നത്. ഇവിടങ്ങളിലെല്ലാം പ്രതിഷേധക്കാര്‍ അക്രമങ്ങളും കൊള്ളയും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
വര്‍ധിച്ചുവരുന്ന ജനരോഷം നിയന്ത്രിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ പ്രയാസപ്പെടുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കലാപം നിയന്ത്രിക്കാന്‍ രാജ്യത്താകെ 40,000 സൈനികരെ വിന്യസിച്ചിട്ടുണ്ട്.
കൗമാരക്കാരന്‍ കൊല്ലപ്പെട്ട പാരീസിന്റെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശമായ നാന്ററെയിലാണ് ആദ്യം കലാപം പൊട്ടിപ്പുറപ്പെട്ടത്. ഇവിടെ പ്രതിഷേധക്കാര്‍ കാറുകള്‍ കത്തിക്കുകയും തെരുവുകളില്‍ ഗതാഗതം തടസപ്പെടുത്തുകയും പൊലീസുകാര്‍ക്ക് നേരെ കല്ലേറ് നടത്തുകയും ചെയ്തിരുന്നു. ഒരു ബാങ്കിനും അപ്പാര്‍ട്ട്‌മെന്റിനും പ്രതിഷേധക്കാര്‍ തീയിട്ടു.
സെന്‍ട്രല്‍ പാരീസില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയുള്ള ക്ലാമാര്‍ട്ടിലെ പ്രാദേശിക അധികാരികള്‍ തിങ്കളാഴ്ച വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. എല്ലാ പൊതുഗതാഗത സംവിധാനങ്ങളും രാത്രി 9 മണിക്ക് ശേഷം പ്രാദേശികമായി നിര്‍ത്തിയെന്ന് ഗ്രേറ്റര്‍ പാരീസ് മേഖലയുടെ തലവനായ വലേരി പെക്രെസ് പറഞ്ഞു.
ട്രാഫിക് നിയമലംഘനം നടത്തിയതിനാണ് അള്‍ജീരിയന്‍-മൊറോക്കന്‍ എം നഹെലിനെ പൊലീസുകാര്‍ വെടിവെച്ചുകൊന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. പൊലീസിന്റെ നടപടിയില്‍ വംശീയ വിദ്വേഷം കൂടിയുണ്ടെന്നാണ് പ്രക്ഷോഭകരുടെ ആരോപണം.
ഒരു വാടക കാര്‍ ഓടിക്കുകയായിരുന്ന കുട്ടിക്കെതിരെയാണ് പൊലീസ് ക്രൂരത കാണിച്ചത്. പൊലീസുകാരില്‍ ഒരാള്‍ കുട്ടിയെ കാറില്‍ നിന്ന് വലിച്ച് താഴെയിറക്കിയ ശേഷം ക്ലോസ് റേഞ്ചില്‍ വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടി നിരവധി റോഡ് നിയമങ്ങള്‍ ലംഘിച്ചുവെന്നാണ് പൊലീസ് ഇതിന് വിശദീകരണം നല്‍കിയത്.
അതേസമയം, പൊലീസ് നടപടിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ വിമര്‍ശിച്ചിരുന്നു. ഫ്രാന്‍സിനെ ഞെട്ടിച്ച സംഭവത്തില്‍ ഫുട്ബോളര്‍ കിലിയന്‍ എംബാപ്പെ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ നടുക്കം രേഖപ്പെടുത്തി.
Content Highlights: Riot in france widens on the fourth day and curfew announced