റിയോ ഡി ജനീറോ: റിയോ ഒളിംപിക്‌സ് പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍റൈഫിളില്‍ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര ഫൈനലില്‍. ഏഴാമതായാണ് ബെയ്ജിംഗ് ഒളിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവായ അഭിനവ് ബിന്ദ്ര ഫിനിഷ് ചെയ്തത്.
അതേസമയം, ഏറെ പ്രതീക്ഷയുണ്ടായിരുന്ന ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഗഗന്‍ നരംഗ് ഈ ഇനത്തില്‍ ഫൈനല്‍ കാണാതെ പുറത്തായി.
2008 ബെയ്ജിങ് ഒളിംപിക്‌സില്‍ ഇതേയിനത്തിലാണ് ബിന്ദ്ര സ്വര്‍ണം നേടിയത്. ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണമായിരുന്നു അത്. ഒരേ സമയം ലോക ചാംപ്യനും ഒളിംപിക് ചാംപ്യനുമായ ഏക ഇന്ത്യാക്കാരന്‍ കൂടിയാണ് ബിന്ദ്ര.
ഒളിംപിക്‌സിനു മുന്‍പ് 2006 ലോക ഷൂട്ടിങ് ചാംപ്യന്‍ഷിപ്പില്‍ ബിന്ദ്ര സ്വര്‍ണം നേടിയിരുന്നു. 2014 ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടി. റിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ സംഘത്തിന്റെ ഗുഡ്‌വില്‍ അംബാസഡര്‍മാരിലൊരാള്‍ കൂടിയാണ് ബിന്ദ്ര.
630.2 പോയിന്റോടെ ഇറ്റലിയുടെ നിക്കോളൊ കാംപ്രിയാനിയാണ് യോഗ്യതാ റൗണ്ടില്‍ ഒന്നാമതെത്തിയത്. 629 പോയിന്റോടെ വ്‌ളാഡിമര്‍ മാസ്‌ലെന്നികോവ് രണ്ടാമതും 628 പോയിന്റോടെ പെറ്റര്‍ ഗോര്‍സ മൂന്നാമതുമായി.