'മെസിയുടെ റെക്കോഡിനോടടുക്കുന്ന താരം'; വിലയിരുത്തലുമായി റിയോ ഫെര്‍ഡിനന്‍ഡ്
Football
'മെസിയുടെ റെക്കോഡിനോടടുക്കുന്ന താരം'; വിലയിരുത്തലുമായി റിയോ ഫെര്‍ഡിനന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th May 2023, 1:50 pm

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍താരം ബ്രൂണോ ഫെര്‍ണാണ്ടസിനെ പുകഴ്ത്തി മുന്‍ താരം റിയോ ഫെര്‍ഡിനന്‍ഡ്. 2020ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ചേക്കേറിയ താരമാണ് ഫെര്‍ണാണ്ടസ്. ഈ സീസണില്‍ മികച്ച പ്രകടനമാണ് താരം കാഴ്ചെവെക്കുന്നതെന്നും മെസി മാത്രമാണ് അദ്ദേഹത്തിന് മുകളിലുള്ളതെന്നും ഫെര്‍ഡിനന്‍ഡ് പറഞ്ഞു. ദ മിറര്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ഫെര്‍ണാണ്ടസിന്റെ പാസുകളും, ചാന്‍സുകള്‍ സൃഷ്ടിക്കുന്ന രീതിയുമെല്ലാം പ്രശംസനീയമാണ്. യുണൈറ്റഡില്‍ ചേര്‍ന്നതിന് ശേഷമുള്ള ഗോളുകളുടെ എണ്ണം പരിശോധിച്ചാല്‍ മെസി മാത്രമാണ് അവനെക്കാള്‍ കൂടുതല്‍ സകോര്‍ ചെയ്തിരിക്കുന്നത്.

ഞാന്‍ പറയുന്നത് അദ്ദേഹം മെസിയുടെ ലെവലില്‍ എത്തി എന്നല്ല, ബ്രൂണോ മെസിക്കൊപ്പമെത്തി എന്ന് ആരും പറഞ്ഞിട്ടില്ല. മെസി മാത്രമാണ് അദ്ദേഹത്തിന് മുകളില്‍ എന്നാണ് ഞാന്‍ പറഞ്ഞത്,’ ഫെര്‍ഡിനന്‍ഡ് പറഞ്ഞു.

2021-22 സീസണിലെ പ്രകടനം നോക്കുമ്പോള്‍ വരാനിരിക്കുന്ന മത്സരങ്ങളില്‍ താരത്തിന് കൂടുതല്‍ മികച്ച് മുന്നേറാനാകുമെന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ കളിച്ച 49 മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളും 13 അസിസ്റ്റുകളുമാണ് ഫെര്‍ണാണ്ടസ് അക്കൗണ്ടിലാക്കിയത്.

അതേസമയം, ക്ലബ്ബിന്റെ അനുമതിയില്ലാതെ മെസി രാജ്യം വിട്ടതിന് പി.എസ്.ജി താരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് താരം തന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചക്ക് സഹതാരങ്ങളോട് ക്ഷമാപണം നടത്തുകയും പി.എസ്.ജി താരത്തിന്റെ വിലക്ക് നീക്കുകയും ചെയ്തിരുന്നു. വിവാദങ്ങള്‍ക്ക് പിന്നാലെ മെസി സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ ഹിലാലിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിക്കുകയായിരുന്നു.

എന്നാല്‍ ക്ലബ്ബ് മാറ്റത്തിന്റെ കാര്യത്തില്‍ മെസി തീരുമാനം എടുത്തിട്ടില്ലെന്നും ഈ സീസണ്‍ അവസാനിക്കുമ്പോള്‍ മാത്രമെ ട്രാന്‍സ്ഫറിനെ കുറിച്ച് ചിന്തിക്കുകയുള്ളൂ എന്നും താരത്തിന്റെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി നിലപാട് അറിയിച്ചതോടെ അഭ്യൂഹങ്ങള്‍ക്ക് അറുതി വീഴുകയായിരുന്നു.

പ്രീമിയര്‍ ലീഗില്‍ ഇതുവരെ കളിച്ച 34 മത്സരങ്ങളില്‍ നിന്ന് 19 ജയവുമായി 63 പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മെയ് 13ന് വോള്‍വ്സിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം.

Content Highlights: Rio Ferdinant praises  Bruno Fernandes