Sports News
പ്രീമിയര്‍ ലീഗില്‍ ടോപ് ത്രീയില്‍, അവനെതിരെ കളിക്കാന്‍ ആരും ഭയപ്പെടും; തുറന്ന് പറഞ്ഞ് മുന്‍ ഇംഗ്ലണ്ട് താരം റിയോ ഫെര്‍ഡിനാന്‍ഡ്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 04, 05:32 am
Tuesday, 4th March 2025, 11:02 am

ഈജിപ്ഷ്യന്‍ ഫുട്‌ബോളിലെ മിന്നും താരമാണ് മുഹമ്മദ് സല. ഫുട്‌ബോളില്‍ രാജ്യത്തിന്റെ പേര് ഉന്നതങ്ങളില്‍ എത്തിച്ചിട്ടുള്ള താരമാണ് മുഹമ്മദ് സല. പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച താരം കൂടിയാണ് സല.

ഇപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും മുഹമ്മദ് സലായെയും തമ്മില്‍ താരതമ്യം ചെയ്യുകയാണ് മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോളര്‍ റിയോ ഫെര്‍ഡിനാന്‍ഡ്. പ്രീമിയര്‍ ലീഗില്‍ തിയറി ഹെന്റിക്കും റൊണാള്‍ഡോക്കും പിന്നിലാണ് സലയെന്നും എന്നാല്‍ പ്രീമിയര്‍ ലീഗിലെ കണക്കുകളും സ്ഥിരതയും നോക്കിയാല്‍ സല ടോപ് ത്രീയില്‍ ഉണ്ടെന്ന് റിയോ പറഞ്ഞു.

പ്രീമിയര്‍ ലീഗില്‍ 278 മത്സരങ്ങളില്‍ നിന്ന് 180 ഗോളുകള്‍ നേടാന്‍ സലയ്ക്ക് സാധിച്ചിട്ടുണ്ട്. മാത്രമല്ല സലയ്‌ക്കെതിരെ കളിക്കാന്‍ എല്ലാ താരങ്ങളും ഭയപ്പെടുമെന്നും മുന്‍ ഇംഗ്ലണ്ട് താരം പറഞ്ഞു.

‘പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ചവനാണ് സല എന്ന് ഞാന്‍ പറയില്ല. തിയറി ഹെന്റി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരെക്കാള്‍ താഴെയാണ് സല. എന്നാല്‍ കണക്കുകള്‍ നോക്കുമ്പോഴും സ്ഥിരത നോക്കുമ്പോഴും ടോപ് ത്രീയില്‍ സല ഉണ്ടാവുമെന്ന് ഉറപ്പാണ്. മികച്ച പ്രതിഭയാണവന്‍. സലയ്‌ക്കെതിരെ കളിക്കാന്‍ എല്ലാവരും ഒന്ന് ഭയപ്പെടും,’ റിയോ ഫെര്‍ഡിനാന്‍ഡ് പറഞ്ഞു.

അതേസമയം ഫുട്‌ബോള്‍ ലോകത്ത് മികച്ച പ്രകടനം കാഴ്ചവെച്ച് ഉയരുകയാണ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്‌ബോള്‍ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് 40കാരനായ റൊണാള്‍ഡോ തിളങ്ങുന്നത്. 924 ഗോളുകളാണ് താരം ഇതുവരെ സ്വന്തമാക്കിയത്. ആയിരം വ്യക്തിഗത ഗോള്‍ എന്ന നേട്ടത്തിലേക്ക് കുതിക്കുകയാണ് റോണോ.

Content Highlight: Rio Ferdinand Talking About Mohammad Salah And Cristiano Ronaldo