| Wednesday, 27th September 2023, 12:37 pm

നാല് പേര്‍ GOAT, അതില്‍ മെസിയുമില്ല റൊണാള്‍ഡോയുമില്ല; ഇതിഹാസങ്ങളെ തെരഞ്ഞെടുത്ത് യുണൈറ്റഡ് ലെജന്‍ഡ്

സ്പോര്‍ട്സ് ഡെസ്‌ക്

കായിക രംഗത്തെ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (GOAT) താരങ്ങളെ തെരഞ്ഞെടെുത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇതിഹാസ താരം റിയോ ഫെര്‍ഡിനന്റ്. ഫുട്‌ബോള്‍ ഇതിഹാസങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയും ഒഴിവാക്കിയാണ് ഫെര്‍ഡിനന്റ് തന്റെ ഗോട്ട് അത്‌ലീറ്റുകളെ തെരഞ്ഞെടുത്തിരിക്കുന്നത്.

ഒറ്റ ഫുട്‌ബോള്‍ താരങ്ങളെയും ഉള്‍പ്പെടുത്താതെയാണ് ഫെര്‍ഡിനന്റ് താന്‍ ഗോട്ട് എന്ന് വിശ്വസിക്കുന്ന താരങ്ങളെ കുറിച്ച് സംസാരിച്ചത്.

ഇടിക്കൂട്ടിലെ നക്ഷത്രമായ മുഹമ്മദ് അലിയുടെ പേരാണ് ഫെര്‍ഡിനന്റ് ആദ്യം പറഞ്ഞത്. മൂന്ന് വ്യത്യസ്ത അവസരങ്ങളില്‍ വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ താരമായ അലി ബോക്‌സിങ് റിങ്ങില്‍ പകരം വെക്കാന്‍ സാധിക്കാത്ത ടാലന്റനുടമയായിരുന്നു.

ബോക്‌സിങ് കമ്മ്യൂണിറ്റിയില്‍ നിന്ന് തന്നെയായിരുന്നു ഫെര്‍ഡിനന്റിന്റെ അടുത്ത ഗോട്ടും.

വേള്‍ഡ് ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ താരമായ മൈക്ക് ടൈസണെയാണ് മുന്‍ മാഞ്ചസ്റ്റര്‍ ഡിഫന്‍ഡര്‍ തെരഞ്ഞെടുത്തത്. 20 വയസും നാല് മാസവും 22 ദിവസവും പ്രായമുള്ളപ്പോഴാണ് ടൈസണ്‍ തന്റെ ആദ്യ ഹെവിവെയ്റ്റ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്.

‘ബാസ്‌ക്കറ്റ് ബോള്‍ പെര്‍സോണിഫൈഡ്’ എന്ന് നിസ്സംശയം പറയാന്‍ സാധിക്കുന്ന മൈക്കല്‍ ജോര്‍ദനെയാണ് ഫെര്‍ഡിനന്റെ അടുത്തതായി തെരഞ്ഞെടുത്തത്. 11 തവണ എന്‍.ബി.എയുടെ ഓള്‍ ടൈം ടീമില്‍ ഇടം നേടിയ ജോര്‍ദന്‍ അഞ്ച് തവണ എം.വിപിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ടെന്നീസ് റാക്കറ്റുകൊണ്ട് ലോകം കീഴടക്കിയ റോജര്‍ ഫെഡററിനെയാണ് ഫെര്‍ഡിനന്റ് നാലാമതായി തെരഞ്ഞെടുത്തത്.

20 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളും എട്ട് വിംബിള്‍ഡണ്‍ കിരീടങ്ങളും സ്വന്തമാക്കിയ ഫെഡറര്‍ അഞ്ച് തവണ മൂന്ന് വ്യത്യസ്ത ടൂര്‍ണമെന്റുകളില്‍ (ഓസ്‌ട്രേയിയന്‍ ഓപ്പണ്‍, വിംബിള്‍ഡണ്‍, യു.എസ് ഓപ്പണ്‍) കിരീടം നേടിയ ഏക താരവുമാണ്.

Content Highlight: Rio Ferdinand snubs Messi and Ronaldo from GOAT athletes

We use cookies to give you the best possible experience. Learn more