ആവേശകരമായ പോരാട്ടങ്ങള്‍ക്കൊടുവില്‍ ഫിഫ ലോകകപ്പ് അതിന്റെ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. അര്‍ജന്റീനയും ഫ്രാന്‍സുമാണ് ഫൈനലിലേക്ക് പ്രവേശിച്ച രണ്ട് ടീമുകള്‍. മത്സരത്തിന് ഇനി രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ആര് ചാമ്പ്യന്മാരാകുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇംഗ്ലണ്ട് താരം റിയോ ഫെര്‍ഡിനാന്‍ഡ്.
ഫൈനലില്‍ അര്‍ജന്റീന ജയിക്കുമെന്നും സൂപ്പര്‍താരം ലയണല്‍ മെസി കരിയറിലെ തന്റെ ആദ്യ ലോകകപ്പ് ഉയര്‍ത്തുമെന്നുമാണ് ഫെര്‍ഡിനാന്‍ഡ് പറഞ്ഞത്. മെസിക്കൊപ്പം സൂപ്പര്‍താരം ജൂലിയന്‍ അല്‍വാരസ് കൂടി ചേര്‍ന്നാല്‍ ഫ്രാന്‍സ് അര്‍ജന്റീനക്ക് മുന്നില്‍ മുട്ടുകുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഫ്രാന്‍സ് എത്ര കഴിവുള്ളവരാണെങ്കിലും ഫൈനലില്‍ അര്‍ജന്റീന തന്നെ ജയിക്കും. കാരണം അവര്‍ക്ക് മെസിയെയും അല്‍വാരസിനെയും പോലുള്ള രണ്ട് സ്‌ട്രൈക്കര്‍മാരുണ്ട്, ആ സഖ്യം തകര്‍ത്ത് ഫ്രാന്‍സിന് മുന്നേറാന്‍ സാധിക്കില്ല്,’ ഫെര്‍ഡിനാന്‍ഡ് വ്യക്തമാക്കി.
ഇതുവരെ കഴിഞ്ഞ മത്സരങ്ങളില്‍ കിലിയന്‍ എംബാപ്പെയും ലയണല്‍ മെസിയും അഞ്ച് വീതം ഗോളുകള്‍ നേടി ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അല്‍വാരസും ജിറൂഡും നാല് ഗോളുകള്‍ നേടി രണ്ടാം സ്ഥാനത്തുണ്ട്.
അതേസമയം ലോകകപ്പിന് മുമ്പ് പരിക്കേറ്റ് പുറത്തായ ഫ്രഞ്ച് സൂപ്പര്‍ താരവും ബാലന്‍ ഡി ഓര്‍ ജേതാവുമായ കരീം ബെന്‍സെമ പരിക്ക് ഭേദമായി തിരിച്ചു വരുന്നെന്നും, ഫ്രാന്‍സിനായി ഫൈനല്‍ കളിച്ചേക്കാമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.
ഇടത് തുടയിലേറ്റ പരിക്ക് മൂലമായിരുന്നു ബെന്‍സെമക്ക് ലോകകപ്പിലെ ഇത് വരെയുള്ള മത്സരങ്ങള്‍ നഷ്ടമായിരുന്നത്. ബെന്‍സെമ പരിക്കില്‍നിന്ന് മുക്തനാകുന്നുണ്ടെന്നും ഉടന്‍ ടീമില്‍ തിരിച്ചെത്തുമെന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ നേരത്തെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
13 – Paris Saint-Germain players have scored 13 goals at this World Cup, the most of any club side. Lionel Messi and Kylian Mbappé, who will meet in the final, have scored 10 of those goals between them. Qatar. #ARGFRA#FIFAWorldCuppic.twitter.com/iTWnDwARNY
സ്പാനിഷ് സ്‌പോര്‍ട്‌സ് മാധ്യമമായ മാര്‍ക്കയും ഫ്രഞ്ച് താരം പരിക്ക് ഭേദമായി തിരിച്ചെത്തിയെന്നും, പരിശീലനത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്നും വ്യാഴാഴ്ച റിപ്പോര്‍ട്ട് ചെയ്തു.