ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷമുള്ള ഇന്ത്യ-ഓസ്‌ട്രേലിയ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ രണ്ട് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു.
മത്സരത്തില്‍ അവസാനം മികച്ച ബാറ്റിങ്ങിലൂടെ ഇന്ത്യയെ വിജയത്തിലെത്തിക്കാന്‍ റിങ്കുവിന് സാധിച്ചിരുന്നു. മത്സരത്തില്‍ 14 പന്തില്‍ 22 റണ്‍സ് നേടികൊണ്ടാണ് റിങ്കു സിങ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ഇപ്പോഴിതാ തനിക്ക് ഈ മികച്ച പ്രകടനം നടത്താന്‍ കാരണമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് റിങ്കു സിങ്.
ഇന്ത്യന്‍ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുമായി സംസാരിച്ചതിന് ശേഷമായിരുന്നു താന്‍ ഈ മികച്ച പ്രകടനം നടത്തിയതെന്നാണ് റിങ്കു സിങ് പറഞ്ഞത്.
‘ഞാന്‍ മഹിഭായിയുമായി ഒരു സംഭാഷണം നടത്തിയിരുന്നു. കളിയുടെ അവസാനം ഓവറുകളില്‍ അദ്ദേഹം എങ്ങനെയാണ് കളിക്കുക എന്നത് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പന്തുകളെ നേരെ അടിക്കാൻ ഗ്രീസില്‍ കഴിയുന്നത്ര സംയമനം പാലിക്കാൻ അദ്ദേഹം എന്നെ ഉപദേശിച്ചു. ഞാന്‍ അത് മത്സരത്തില്‍ കൃത്യമായി നടപ്പിലാക്കാന്‍ ശ്രമിച്ചു. ഇത് എനിക്ക് മത്സരത്തില്‍ നന്നായി ഉപകരിച്ചു,’ റിങ്കു സിങ് ബി.സി.സി.ഐ ടി.വിയോട് പറഞ്ഞു.
208 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടരാന്‍ ഇറങ്ങിയ ഇന്ത്യയുടെ ബാറ്റിങ്ങില്‍ 15 ഓവറിന് ശേഷമാണ് റിങ്കു ഗ്രീസില്‍ എത്തുന്നത്. ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനൊപ്പം 17 പന്തില്‍ 40 റണ്‍സ് നേടികൊണ്ട് മികച്ച കൂട്ടുകെട്ടാണ് റിങ്കു പടുത്തുയര്‍ത്തിയത്.
എന്നാല്‍ അവസാന ഓവറുകളില്‍ തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമായപ്പോള്‍ ഇന്ത്യന്‍ സമ്മര്‍ദത്തില്‍ ആവുകയായിരുന്നു. അവസാനം റിങ്കുവിന്റെ തകര്‍പ്പന്‍ ബാറ്റിങ് ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു.
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. നവംബര്‍ 26ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം.
Content Highlight: Rinku soingh talks M.S Dhoni is the inspiration of his finishing skill.