ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ട്വന്റി-20 മത്സരത്തില്‍ റിങ്കു സിങ് അരങ്ങേറ്റം കുറിച്ചിരുന്നു. കഴിഞ്ഞ ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിനെ തേടി ഇന്ത്യന്‍ ജേഴ്സി എത്തുകയായിരുന്നു. ഈ സീസണില്‍ ഒരു ഓവറില്‍ അഞ്ച് സിക്സര്‍ പ്രകടനമടക്കം മികച്ച ബാറ്റിങ്ങും ഫിനിഷിങ്ങും താരത്തിന് കാഴ്ചവെക്കാന്‍ സാധിച്ചിരുന്നു. റിങ്കുവിന് ഒരു കള്‍ട്ട് ആരാധകര്‍ സീസണ്‍ അവസാനിച്ചപ്പോഴേക്കും ഉണ്ടായിരുന്നു.
ആദ്യ മത്സരത്തില്‍ ഇന്ത്യ ഡക്ക് വര്‍ത്ത് ലുയിസ് നിയമ പ്രകാരം വിജയച്ചതിനാല്‍ റിങ്കുവിന് ബാറ്റ് ചെയ്യേണ്ടി വന്നില്ലായിരുന്നു. മത്സരത്തില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചില്ലെങ്കിലും ടീമിലെത്തിയതില്‍ ഒരുപാട് സന്തോഷവനാണ് ഈ 25കാരന്‍. മത്സരത്തിന് ശേഷം തന്റെ ഫാമിലിയെ കുറിച്ചും അവര്‍ തന്ന സപ്പോര്‍ട്ടിനെ കുറിച്ചും താരം സംസാരിക്കുന്നുണ്ട്.
ഇന്ത്യന്‍ ടീമിലേക്ക് വിളി ലഭിക്കാന്‍ ചോരയും വിയര്‍പ്പുമൊഴുക്കിയിട്ടുണ്ടെന്നും അമ്മ തനിക്ക് വേണ്ടി ഒരുപാട് കടം മേടിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് താന്‍ ഇവിടെ എത്തിയതെന്നും റിങ്കു പറയുന്നു.
‘ഈ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിക്ക് വേണ്ടി ഒരുപാട് വിയര്‍പ്പും രക്തവും ഒഴുക്കിയിട്ടുണ്ട്. എനിക്ക് പിന്തുണയുടെയും സാമ്പത്തികതയുടെയും ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എന്റെ കുടുംബത്തിന് മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ ഞാന്‍ ആഗ്രഹിച്ചതാണ് എന്നെ മുന്നോട്ട് നയിച്ചത്.
ഞങ്ങള്‍ക്ക് വേണ്ടത്ര പണമില്ലാതിരുന്ന സമയത്ത്, എന്റെ ക്രിക്കറ്റ് കളി തുടരാന്‍ വേണ്ടി അമ്മ പണം കടം വാങ്ങുമായിരുന്നു. ആ പിന്തുണ കൊണ്ടാണ് ഞാന്‍ ഇവിടെയെത്തിയത്,’ റിങ്കു പറഞ്ഞു.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി മികച്ച പ്രകടനമായിരുന്നു റിങ്കു കാഴ്ചവെച്ചത്. ഒരുപാട് വമ്പന്‍ സ്രാവുകളുള്ള കെ.കെ. ആറിന്റെ ഈ സീസണിലെ ടോപ് സ്‌കോറര്‍ റിങ്കുവായിരുന്നു. 470 റണ്‍സാണ് ലോവര്‍ മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങിയിട്ട് താരം അടിച്ചുകൂട്ടിയത്.
Content Highlight: Rinku Singhs Talks about his Hardwork to get into Indian Team