ഇതുവരെ അദ്ദേഹത്തിനൊപ്പം ബാറ്റ് ചെയ്യാൻ എനിക്ക് സാധിച്ചിട്ടില്ല: വലിയ സ്വപ്നത്തെക്കുറിച്ച് റിങ്കു
Cricket
ഇതുവരെ അദ്ദേഹത്തിനൊപ്പം ബാറ്റ് ചെയ്യാൻ എനിക്ക് സാധിച്ചിട്ടില്ല: വലിയ സ്വപ്നത്തെക്കുറിച്ച് റിങ്കു
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 27th August 2024, 8:40 am

ഇന്ത്യന്‍ സൂപ്പര്‍താരം വിരാട് കോഹ്‌ലിയെക്കുറിച്ച് സംസാരിച്ച് മുന്നോട്ട് വന്നിരിക്കുകയാണ് ഇന്ത്യന്‍ താരം റിങ്കു സിങ്. വിരാടിനൊപ്പം ഇതുവരെ തനിക്ക് ബാറ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ലെന്നും അതിനായി കാത്തിരിക്കുകയാണെന്നുമാണ് റിങ്കു പറഞ്ഞത്. ന്യൂസ് 24 സ്‌പോര്‍ട്‌സിലൂടെ സംസാരിക്കുകയായിരുന്നു റിങ്കു.

‘ഞാന്‍ വിരാട് ഭയ്യക്കൊപ്പം ഒരിക്കലും ബാറ്റ് ചെയ്തിട്ടില്ല. മത്സരത്തില്‍ വിരാട് ഭയ്യക്കൊപ്പം ബാറ്റ് ചെയ്യുക എന്നത് എന്റെ സ്വപ്നമാണ്,’ റിങ്കു സിങ് പറഞ്ഞു.

2023ലാണ് റിങ്കു ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുന്നത്. 23 ടി-20 മത്സരങ്ങളില്‍ നിന്നും രണ്ട് അര്‍ധസെഞ്ച്വറികള്‍ ഉള്‍പ്പെടെ 418 റണ്‍സാണ് താരം നേടിയത്. ഏകദിനത്തില്‍ രണ്ടു മത്സരങ്ങളില്‍ മാത്രമേ താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ളൂ.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി ഫിനിഷിങ് റോളില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെയാണ് റിങ്കു ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ പിടിച്ചു പറ്റിയത്. കൊല്‍ക്കത്തക്കൊപ്പമുള്ള സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ താരത്തെ വൈകാതെ തന്നെ ഇന്ത്യന്‍ ടീമില്‍ എത്തിക്കുകയായിരുന്നു.

അടുത്തിടെ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനു വേണ്ടി കളിക്കാനുള്ള താത്പര്യത്തെ കുറിച്ചും റിങ്കു പറഞ്ഞിരുന്നു. 2025 ഐ.പി.എല്‍ താര ലൈലത്തില്‍ കൊല്‍ക്കത്ത തന്നെ റിലീസ് ചെയ്യുകയാണെങ്കില്‍ ആര്‍.സി.ബിക്ക് വേണ്ടി കളിക്കാന്‍ ഇഷ്ടപ്പെടുന്നുവെന്നാണ് റിങ്കു പറഞ്ഞിരുന്നത്.

ഇന്ത്യക്കായി ഐതിഹാസികമായ ഒരു കരിയറാണ് വിരാട് പടുത്തുയര്‍ത്തിയത്. ഇതിനോടകം തന്നെ 295 ടെസ്റ്റ് മത്സരങ്ങളില്‍ 283 ഇന്നിങ്‌സുകളില്‍ നിന്നും 13906 റണ്‍സാണ് കോഹ്‌ലി നേടിയത്. 50 സെഞ്ച്വറികളും 72 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ അക്കൗണ്ടിലുള്ളത്.

ഏകദിനത്തില്‍ 113 മത്സരങ്ങളില്‍ 191 ഇന്നിങ്‌സുകളില്‍ നിന്നും 8848 റണ്‍സും കോഹ്‌ലി നേടി. റെഡ് ബോള്‍ ക്രിക്കറ്റില്‍ 29 തവണ വിരാട് 100 കടന്നപ്പോള്‍ 30 തവണ ഫിഫ്റ്റിയും സ്വന്തമാക്കി. കുട്ടി ക്രിക്കറ്റില്‍ 125 മത്സരങ്ങളില്‍ നിന്നും ഒരു സെഞ്ച്വറിയും 38 അര്‍ധസെഞ്ച്വറികളും ഉള്‍പ്പെടെ 4188 റണ്‍സാണ് കോഹ്‌ലി നേടിയത്.

അതേസമയം അടുത്തിടെ അവസാനിച്ച ശ്രീലങ്കക്കെതിരെയുള്ള മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ത്തിന് പരാജയപ്പെട്ടിരുന്നു. പരമ്പരയില്‍ ആദ്യ മത്സരം സമനിലയില്‍ പിരിഞ്ഞപ്പോള്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ശ്രീലങ്ക പരമ്പര സ്വന്തമാക്കുകയായിരുന്നു.

ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയാണ്. സെപ്റ്റംബര്‍ 19മുതലാണ് പരമ്പരക്ക് തുടക്കം കുറിക്കുന്നത്. ഇതിനായി ഒരുപാട് സമയം മുന്നിലുള്ളതിനാല്‍ പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫിയുടെ ഭാഗമായിട്ടുണ്ട്.

 

Content Highlight: Rinku Singh Talks About Virat Kohli