| Sunday, 26th November 2023, 9:41 pm

കളിച്ചത് വെറും ഒമ്പത് ബോള്‍, നേടിയത് ട്രിപ്പിള്‍ റെക്കോഡും; റിങ്കു സ്‌റ്റോമില്‍ വീണ് ഓസീസ്

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20 മത്സരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് നേടി.

അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ യശസ്വി ജെയ്സ്വാള്‍, ഋതുരാജ് ഗെയ്ക്വാദ്, ഇഷാന്‍ കിഷന്‍ എന്നിവരാണ് ഇന്ത്യക്ക് തകര്‍പ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്.

ജെയ്സ്വാള്‍ 25 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്സറും ഉള്‍പ്പെടെ 53 റണ്‍സ് നേടിയപ്പോള്‍ മൂന്ന് ബൗണ്ടറിയുടെയും നാല് സിക്സറിന്റെയും അകമ്പടിയോടെ 32 പന്തില്‍ 52 റണ്‍സാണ് കിഷന്‍ നേടിയത്. 43 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്സറുമടക്കം 58 റണ്‍സാണ് ഗെയ്ക്വാദ് നേടിയത്.

ഇവര്‍ക്ക് പുറമെ അവസാന പന്തുകളില്‍ വെടിക്കെട്ട് തീര്‍ത്ത റിങ്കു സിങ് ഫിനിഷറുടെ റോളില്‍ തിളങ്ങി. വെറും ഒമ്പത് പന്ത് മാത്രം നേരിട്ട് 31 റണ്‍സാണ് റിങ്കു നേടിയത്. നാല് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പെടെ 344.44 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

ഈ പ്രകടനത്തിന് പിന്നാലെ പല റെക്കോഡുകളും റിങ്കുവിനെ നേടിയെത്തിയിരുന്നു.

ടി-20 ഫോര്‍മാറ്റില്‍ ചുരുങ്ങിയത് 30 റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും മികച്ച മൂന്നാമത് സ്‌ട്രൈക്ക് റേറ്റില്‍ റണ്ണടിച്ച ഇന്ത്യന്‍ താരം എന്ന റെക്കോഡാണ് റിങ്കുവിനെ തേടിയെത്തിയത്. യുവരാജ് സിങ്ങിനും ഹര്‍ദിക് പാണ്ഡ്യക്കും ശേഷമാണ് റിങ്കു ഈ നേട്ടം കൈവരിച്ചത്.

യുവരാജ് സിങ് – 362.50 – 58 (16) – ഇംഗ്ലണ്ട് – 2007

ഹര്‍ദിക് പാണ്ഡ്യ – 355.56 – 32* (9) – അയര്‍ലന്‍ഡ് – 2018

റിങ്കു സിങ് – 344.44 – 31* (9) – ഓസ്‌ട്രേലിയ – 2023

അന്താരാഷ്ട്ര തലത്തില്‍ നാല് ഇന്നിങ്‌സിന് ശേഷം ഏറ്റവുമധികം ആവറേജുള്ള ഇന്ത്യന്‍ താരം, ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റുള്ള രണ്ടാമത് ഇന്ത്യന്‍ താരം എന്ന റെക്കോഡും റിങ്കു സ്വന്തമാക്കി.

ഏറ്റവും മികച്ച ശരാശരി

റിങ്കു സിങ് – 128.00
രോഹിത് ശര്‍മ – 96.00

ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റ്

യുവരാജ് സിങ് – 235.09
റിങ്കു സിങ് – 216.94

അതേസമയം, ഇന്ത്യയുയര്‍ത്തിയ 236 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ ഓസീസിന് മൂന്നാം വിക്കറ്റും നഷ്ടമായിരിക്കുകയാണ്. നിലവില്‍ ആറ് ഓവര്‍ പിന്നിടുമ്പോള്‍ 53 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് കങ്കാരുക്കള്‍.

മാറ്റ് ഷോര്‍ട്ട് (10 പന്തില്‍ 19), ജോഷ് ഇംഗ്ലിസ് (നാല് പന്തില്‍ രണ്ട്), ഗ്ലെന്‍ മാക്‌സ്‌വെല്‍ (എട്ട് പന്തില്‍ 12) എന്നിവരാണ് പുറത്തായത്. ഷോര്‍ട്ടിനെയും ഇംഗ്ലിസിനെയും രവി ബിഷ്‌ണോയ് പുറത്താക്കിയപ്പോള്‍ അക്‌സര്‍ പട്ടലാണ് മാക്‌സ്‌വെല്ലിനെ മടക്കിയത്.

13 പന്തില്‍ 17 റണ്‍സുമായി സ്റ്റീവ് സ്മിത്തും ഒരു പന്തില്‍ പൂജ്യം റണ്‍സൊന്നുമെടുക്കാതെ മാര്‍കസ് സ്റ്റോയ്‌നിസുമാണ് ക്രീസില്‍.

Content highlight: Rinku Singh scripts several record in 2nd T20 against Australia

We use cookies to give you the best possible experience. Learn more