ലൈവ് കണ്ടവര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരുത്തിയ കളി; അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്, അഞ്ച് സിക്‌സറടിച്ച് റിങ്കു
IPL
ലൈവ് കണ്ടവര്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് വരുത്തിയ കളി; അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടത് 29 റണ്‍സ്, അഞ്ച് സിക്‌സറടിച്ച് റിങ്കു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th April 2023, 7:49 pm

ഐ.പി.എല്ലിന്റെ ചരിത്രത്തിലെ ലാസ്റ്റ് ഓവര്‍ ത്രില്ലറുകളുടെ കൂട്ടത്തിലേക്ക് പുതിയ ഒരു മാച്ച് കൂടി പിറവിയെടുത്തിരിക്കുകയാണ്. ഐ.പി.എല്‍ 2023ലെ 13ാം മത്സരത്തില്‍ തോല്‍വിയില്‍ നിന്നും വിജയത്തിലേക്ക് പറന്നിറങ്ങിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരാധകരെ ഞെട്ടിച്ചത്.

ഗുജറാത്തിന്റെ ഹോം സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ റാഷിദ് ഖാനായിരുന്നു ടീമിനെ നയിച്ചത്. ടോസ് നേടിയ റാഷിദ് ബാറ്റിങ് തെരഞ്ഞെടുത്തു. വെടിക്കെട്ട് പ്രകടനം നടത്തിയ വിജയ് ശങ്കറിന്റെയും സായ് സുദര്‍ശനിന്റെയും ബലത്തില്‍ ടൈറ്റന്‍സ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 204 റണ്‍സായിരുന്നു നേടിയത്.

വിജയ് ശങ്കര്‍ 24 പന്തില്‍ നിന്നും പുറത്താകാതെ 63 റണ്‍സ് നേടിയപ്പോള്‍, സായ് സുദര്‍ശന്‍ 38 പന്തില്‍ നിന്നും 53 റണ്‍സും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്‌സും മോശമല്ലാത്ത രീതിയില്‍ ബാറ്റ് വീശി. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ വെങ്കിടേഷ് അയ്യരും ക്യാപ്റ്റന്‍ നിതീഷ് റാണയും റിങ്കു സിങ്ങുമാണ് നൈറ്റ് റൈഡേഴ്‌സിനെ വിജയത്തിലേക്ക് നയിച്ചത്.

അയ്യര്‍ 40 പന്തില്‍ നിന്നും 83 റണ്‍സ് നേടിയപ്പോള്‍ ക്യാപ്റ്റന്‍ നിതീഷ് റാണ 29 പന്തില്‍ നിന്നും 45 റണ്‍സ് നേടി. സിക്‌സറുകളുടെ പെരുമഴ തീര്‍ത്ത് ടീമിനെ വിജയിപ്പിച്ച റിങ്കു സിങ് 21 പന്തില്‍ നിന്നും പുറത്താകാതെ 48 റണ്‍സാണ് സ്വന്തമാക്കിയത്.

അവസാന നാല് ഓവറില്‍ ടീമിന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 50 റണ്‍സായിരുന്നു. 17ാം ഓവറിലെ ആദ്യ മൂന്ന് പന്തിലും വിക്കറ്റ് വീഴ്ത്തി റാഷിദ് ഖാന്‍ സന്ദര്‍ശകരെ ഞെട്ടിച്ചു. ആ ഓവറില്‍ വെറും രണ്ട് റണ്‍സാണ് പിറന്നത്. മുഹമ്മദ് ഷമിയെറിഞ്ഞ 18ാം ഓവറില്‍ പിറന്നത് വെറും അഞ്ച് റണ്‍സും.

ഇതോടെ രണ്ട് ഓവറില്‍ ടൈറ്റന്‍സിന് വിജയിക്കാന്‍ വേണ്ടത് അപ്രാപ്യമെന്ന് തോന്നിയ 43 റണ്‍സ്. ജോഷ്വാ ലിറ്റില്‍ എറിഞ്ഞ 19ാം ഓവറില്‍ ഒരു ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെ 14 റണ്‍സ് പിറന്നു.

യാഷ് ദയാല്‍ എറിഞ്ഞ അവസാന ഓവറില്‍  റൈഡേഴ്‌സിന് വിജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സ്. അവസാന ഓവറിലെ ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിള്‍ നേടി സ്‌ട്രൈക്ക് റിങ്കു സിങ്ങിന് കൈമാറി. അഞ്ച് പന്തില്‍ നിന്നും വിജയിക്കാന്‍ 28 റണ്‍സ് വേണമെന്നിരിക്കെ തുടര്‍ച്ചയായി അഞ്ച് സിക്‌സര്‍ പറത്തിയാണ് റിങ്കു സിങ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങിയ ഡിഫന്‍ഡിങ് ചാമ്പ്യന്‍സിനെ തോല്‍പിച്ചാണ് നൈറ്റ് റൈഡേഴ്‌സ് കരുത്തുകാട്ടിയത്. ഐ.പി.എല്‍ 2023ല്‍ കൊല്‍ക്കത്തയുടെ രണ്ടാം വിജയമാണിത്.

 

 

Content highlight: Rinku Singh’s incredible batting performance against Gujarat Titans