ഒഴിഞ്ഞുകിടക്കുന്ന ഫിനിഷറുടെ റോളിലേക്ക് ഇന്ത്യക്ക് ലഭിച്ച വജ്രായുധം; റിങ്കു ഖാന്‍ചന്ദ് സിങ്, ദി ഹീറോ
Sports News
ഒഴിഞ്ഞുകിടക്കുന്ന ഫിനിഷറുടെ റോളിലേക്ക് ഇന്ത്യക്ക് ലഭിച്ച വജ്രായുധം; റിങ്കു ഖാന്‍ചന്ദ് സിങ്, ദി ഹീറോ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 1st December 2023, 9:41 pm

ലോകകപ്പിന് ശേഷമുള്ള ആദ്യ പരമ്പരയാണ് ഇന്ത്യ സ്വന്തം മണ്ണില്‍ കളിക്കുന്നത്. ലോകകപ്പിന്റെ ഫൈനലില്‍ തങ്ങളുടെ കണ്ണീര് വീഴ്ത്തിയ അതേ ഓസ്‌ട്രേലിയയൊണ് ഇന്ത്യ നേരിടുന്നത്.

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലാം മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. റായ്പൂരിലെ ഷഹീദ് വീര്‍ നാരായണ്‍ സിങ് സ്റ്റേഡിയത്തിലാണ് ഇരുടീമിനും നിര്‍ണായകമായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനിറങ്ങാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

തരക്കേടില്ലാത്ത തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. യശസ്വി ജെയ്‌സ്വാള്‍ പതിവുപോലെ മികച്ച തുടക്കം നല്‍കി മടങ്ങി. എന്നാല്‍ വളരെ പെട്ടെന്ന് വിക്കറ്റുകള്‍ വീണതോടെ ഇന്ത്യ പരുങ്ങലിലായി. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്റെ റോളിലെത്തിയ ശ്രേയസ് അയ്യരും പാടെ നിരാശപ്പെടുത്തിയപ്പോള്‍ സ്‌കോര്‍ ഉയര്‍ത്താനുള്ള ചുമതല റിങ്കു സിങ് സ്വയം ഏറ്റെടുത്തു.

ഇന്ത്യന്‍ ടീമിന്റെ മധ്യനിരയില്‍ എക്കാലവും വിശ്വസ്തനായി ബാറ്റ് വീശാന്‍ സാധിക്കുമെന്ന് അടിവരയിടുന്ന പ്രകടനമാണ് താരം നടത്തിയത്. 26 പന്തില്‍ 46 റണ്‍സ് നേടിയാണ് റിങ്കു തരംഗമായത്. നാല് ഫോറും രണ്ട് സിക്‌സറുമായിരുന്നു റിങ്കുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോററും റിങ്കു തന്നെയായിരുന്നു.

ഇതാദ്യമായല്ല, പരമ്പരയില്‍ പല തവണ റിങ്കു ടീമിന്റെ രക്ഷകന്റെ റോളിലെത്തിയിരുന്നു. ആദ്യ മത്സരത്തില്‍ 14 പന്തില്‍ പുറത്താകാതെ 22 റണ്‍സാണ് താരം നേടിയത്. അവസാന പന്തില്‍ ജയിക്കാന്‍ ഒരു റണ്‍സ് വേണമെന്നിരിക്കെ സിക്‌സര്‍ പറത്തി ടീമിന്റെ രക്ഷകനായെങ്കിലും അതിന് മുമ്പ് തന്നെ അത് നോ ബോള്‍ ആയതിനാല്‍ അത് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടില്ല.

രണ്ടാം മത്സരത്തില്‍ ഒമ്പത് പന്തില്‍ നിന്നും പുറത്താകതെ 31 റണ്‍സടിച്ചാണ് റിങ്കു കയ്യടി നേടിയത്. നാല് ഫോറും രണ്ട് സിക്‌സറുമാണ് താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

അതേസമയം, നാലാം മത്സരത്തില്‍ റിങ്കുവിന്റെ ഇന്നിങ്‌സിന്റെ ബലത്തില്‍ ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റില്‍ 174 റണ്‍സ് നേടി. റിങ്കുവിന് പുറമെ യശസ്വി ജെയ്‌സ്വാള്‍ (28 പന്തില്‍ 37) ജിതേഷ് ശര്‍മ (19 പന്തില്‍ 35) എന്നിവരും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു.

അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. ആരോണ്‍ ഹാര്‍ഡിയുടെ വിക്കറ്റാണ് ഓസീസിന് അവസാനമായി നഷ്ടപ്പെട്ടത്.

നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 61 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. ആറ് പന്തില്‍ അഞ്ച് റണ്‍സുമായി ടിം ഡേവിഡും പതത് പന്തില്‍ അഞ്ച് റണ്‍സുമായി ബെന്‍ മക്ഡര്‍മോട്ടുമാണ് ക്രീസില്‍.

 

 

Content Highlight Rinku Singh’s brilliant performance as finisher