ഉത്തര്‍പ്രദേശ് ടി-20 ലീഗില്‍ തകര്‍പ്പന്‍ ഫിനിഷിങ്ങുമായി യുവതാരം റിങ്കു സിങ്. ഇന്ത്യന്‍ ടീമിന്റെ ഭാവി ഫിനിഷര്‍ താന്‍ തന്നെയാണെന്ന് ഒരിക്കല്‍ക്കൂടി അടിവരയിടുന്ന പ്രകടനമായിരുന്നു റിങ്കു നടത്തിയത്.
യു.പി ടി-20 ലീഗില്‍ നടന്ന മീററ്റ് മാവറിക്‌സ് – കാശി രുദ്രാസ് മത്സരത്തിലാണ് റിങ്കു തന്റെ ഫിനിഷിങ് പാടവം ഒരിക്കല്‍ക്കൂടി പുറത്തെടുത്തത്. നിശ്ചിത ഓവറില്‍ മത്സരം സമനിലയില്‍ അവസാനിച്ചതോടെ സൂപ്പര്‍ ഓവറിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മീററ്റ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സാണ് നേടിയത്. 52 പന്തില്‍ പുറത്താകാതെ 87 റണ്‍സടിച്ച മാധവ് കൗശിക്കിന്റെ ഇന്നിങ്‌സാണ് മാവറിക്‌സിന് തുണയായത്. ഒമ്പത് ബൗണ്ടറിയും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
മീററ്റ് ഇന്നിങ്‌സില്‍ റിങ്കുവിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. 22 പന്തില്‍ 15 റണ്‍സാണ് താരം നേടിയത്.
ഷോയ്ബ് സിദ്ധിഖി (15 പന്തില്‍ 24), ഉവൈസ് അഹമ്മദ് (12 പന്തില്‍ 17) ദിവ്യാംശ് ജോഷി (12 പന്തില്‍ 17) എന്നിവരാണ് മീററ്റിന്റെ മറ്റ് റണ്‍ സ്‌കോറര്‍മാര്‍. 13 റണ്‍സ് എക്‌സ്ട്രാസ് ഇനത്തിലും മാവറിക്‌സ് ഇന്നിങ്‌സില്‍ ലഭിച്ചു.
കാശിക്കായി ശിവ സിങ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അടല്‍ ബിഹാരി റായ്, പര്‍വ് സിങ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
182 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ കാശിക്കായി കരണ്‍ ശര്‍മയും ശിവം ബന്‍സാലും അര്‍ധ സെഞ്ച്വറി നേടി. ശര്‍മ 44 പന്തില്‍ നിന്നും 58 റണ്‍സടിച്ചപ്പോള്‍ 41 പന്തില്‍ നിന്നും 57 റണ്‍സായിരുന്നു ബന്‍സാലിന്റെ സമ്പാദ്യം.
എന്നാല്‍ ഇവര്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ മറ്റാര്‍ക്കും സാധിക്കാതെ വന്നതോടെ ടീം നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 181ല്‍ പോരാട്ടം അവസാനിപ്പിച്ചു.
മാവറിക്‌സിനായി പ്രിയങ്ക് ത്യാഗിയും വൈഭവ് ചൗധരിയും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ യോഗേന്ദ്ര ധോയ്‌ല ഒരു വിക്കറ്റും നേടി.
സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത കാശി രുദ്രാസ് ഒരു വിക്കറ്റ് നഷ്ടപ്പെടുത്തി 16 റണ്‍സ് നേടി. ആറ് പന്തില്‍ വിജയിക്കാന്‍ 17 റണ്‍സ് വേണമെന്നിരിക്കെ റിങ്കു സിങ്ങും ദിവ്യാംശ് ജോഷിയുമാണ് മാവറിക്‌സിനായി ക്രീസിലെത്തിയത്.
ഓവറിലെ ആദ്യ പന്ത് ഡോട്ട് ആയപ്പോള്‍, തുടര്‍ന്നുള്ള മൂന്ന് പന്തും റിങ്കു സിക്‌സറിന് പറത്തുകയായിരുന്നു. ഇതോടെ ആദ്യ മത്സരം വിജയിച്ച് ക്യാംപെയ്ന്‍ തുടങ്ങിയതിന്റെ ആവേശത്തിലാണ് മാവറിക്‌സ്.
സെപ്റ്റംബര്‍ ഒന്നിനാണ് മീററ്റ് മാവറിക്‌സിന്റെ അടുത്ത മത്സരം. കാണ്‍പൂര്‍ സൂപ്പര്‍സ്റ്റാര്‍സാണ് എതിരാളികള്‍.
Content Highlight: Rinku Singh’s brilliant batting in UP T20 league