| Friday, 7th July 2023, 3:21 pm

തഴഞ്ഞവരെ തഴുകാന്‍ ബി.സി.സി.ഐ; ഇന്ത്യന്‍ ടീമിലേക്കുള്ള അരങ്ങേറ്റക്കാര്‍ ഇനിയും കൂടും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെ ആരാധകര്‍ ഒരേസമയം ആവേശത്തിലും നിരാശയിലുമായിരുന്നു. യശസ്വി ജെയ്‌സ്വാള്‍, തിലക് വര്‍മ പോലുള്ള താരങ്ങള്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ അരങ്ങേറ്റം കുറിക്കുന്നത് കാണുന്നതിന്റെ ആവേശമാണെങ്കില്‍ റിങ്കു സിങ് അടക്കമുള്ള താരങ്ങള്‍ക്ക് സ്‌ക്വാഡില്‍ ഇടം ലഭിക്കാതെ പോയതാണ് ഇവരെ നിരാശയിലേക്ക് തള്ളിയിടുന്നത്.

ഐ.പി.എല്ലിലടക്കം ആഭ്യന്തര തലങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റിങ്കു സിങ്, പഞ്ചാബ് കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ തുടങ്ങിയ താരങ്ങള്‍ക്കൊന്നും തന്നെ സ്‌ക്വാഡില്‍ അവസരം ലഭിച്ചിരുന്നില്ല.

വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും അടക്കമുള്ള സീനിയര്‍ താരങ്ങളെ പുറത്തിരുത്തി യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ സ്‌ക്വാഡ് ആയിട്ടുപോലും ഇവര്‍ ടീമിന് പുറത്തായതാണ് ആരാധകര്‍ക്ക് നിരാശയേറ്റുന്നത്.

ഈ താരങ്ങള്‍ക്ക്, പ്രത്യേകിച്ച് റിങ്കു സിങ്ങിന് ടീമില്‍ ഇടം ലഭിക്കാതെ പോയതില്‍ ആരാധകര്‍ തങ്ങളുടെ നിരാശ പരസ്യമാക്കുകയും ചെയ്തിരുന്നു. #justiceforrinkusingh എന്ന ഹാഷ് ടാഗും ട്വിറ്ററില്‍ തരംഗമായിരുന്നു.

എന്നാല്‍ ഇവര്‍ക്കും ബി.സി.സി.ഐ നാഷണല്‍ ജേഴ്‌സിയിലുള്ള അരങ്ങേറ്റത്തിന് വഴിയൊരുക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടനത്തിലാണ് വിന്‍ഡീസ് പര്യടനത്തില്‍ നിന്നും ഒഴിവാക്കപ്പെട്ട താരങ്ങളെ പരിഗണിക്കുക എന്നാണ് റിപ്പോര്‍ട്ട്.

മൂന്ന് ടി-20 മത്സരങ്ങളാണ് ഇന്ത്യയുടെ ഐറിഷ് പര്യടനത്തിലുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരക്ക് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനവുമെത്തുന്നത്.

ആഗസ്റ്റ് 13ന് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പര അവസാനിക്കുമ്പോള്‍ ആഗസ്റ്റ് 18നാണ് അയര്‍ലന്‍ഡിനെതിരായ ടി-20 പരമ്പര ആരംഭിക്കുന്നത്.

വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരക്ക് ശേഷമാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും നടക്കുന്നത്. ടി-20 സ്‌ക്വാഡിലെ പലരും ഏകദിന സ്‌ക്വാഡിലും ഉണ്ട് എന്നുള്ളതിനാല്‍ കൂടുതല്‍ പുതുമുഖങ്ങള്‍ ഇന്ത്യയുടെ ഐറിഷ് പര്യടനത്തിന്റെ ഭാഗമായേക്കും.

ഇന്ത്യയുടെ അയര്‍ലന്‍ഡ് പര്യടനത്തിലെ ഷെഡ്യൂള്‍

ആദ്യ ടി-20 – ഓഗസ്റ്റ് 18 – മലാഹൈഡ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ട്

രണ്ടാം ടി-20 – ഓഗസ്റ്റ് 20- മലാഹൈഡ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ട്

മൂന്നാം ടി-20 – ഓഗസ്റ്റ് 23 – മലാഹൈഡ് ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ട്

Content highlight: Rinku Singh, Jitesh Sharma likely to feature in India’s T20I tour of Ireland

We use cookies to give you the best possible experience. Learn more