|

ഡെത്ത് ഓവറില്‍ രോഹിത്തിനെ വെട്ടിയ മായാജാലം; വമ്പന്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ പടക്കുതിരകള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-സിംബാബ്‌വെ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യ 100 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന പടുകൂറ്റന്‍ ടോട്ടലാണ് സിംബാബ്‌വെക്ക് മുന്നില്‍ ഉയര്‍ത്തിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.

തുടക്കത്തില്‍ ക്യാപ്റ്റന്‍ ഗില്ലിനെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് വേണ്ടി 47 പന്തില്‍ 100 റണ്‍സ് നേടികൊണ്ടായിരുന്നു അഭിഷേക് ശര്‍മ വെടിക്കെട്ട് പ്രകടനം നടത്തിയത്. 212.77 സ്ട്രൈക്ക് റേറ്റില്‍ എട്ട് സിക്സുകളും ഏഴ് ഫോറുകളുമാണ് താരം നേടിയത്.

മത്സരത്തില്‍ ഗെയ്ക്വാദ് 47 പന്തില്‍ പുറത്താവാതെ 77 റണ്‍സും നേടി. 11 ഫോറുകളും ഒരു സിക്സുമാണ് താരം നേടിയത്. രണ്ട് ഫോറുകളും അഞ്ച് സിക്സുകളും ഉള്‍പ്പെടെ 22 പന്തില്‍ പുറത്താവാതെ 48 റണ്‍സ് നേടിയ റിങ്കു സിങ്ങും നിര്‍ണായകമായി. 218.18 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടമാണ് റിങ്കുവിനെ തേടിയെത്തിയിരിക്കുന്നത്. ടി-20 ഇന്റര്‍നാഷണലില്‍ ഇന്ത്യയ്ക്ക് വേണ്ടി ഡെത്ത് ഓവറില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്കറേറ്റ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് റിങ്കുവിന് സാധിച്ചത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടനാനണ് റിങ്കു രണ്ടാമത് എത്തിയത്. ഈ നേട്ടത്തില്‍ ഒന്നാമതുള്ളത് സൂര്യകുമാര്‍ യാധദവാണ്.

ടി-20 ഇന്റര്‍നാഷണലില്‍ ഇന്ത്യയ്ക്ക് വേണ്ടി ഡെത്ത് ഓവറില്‍ ഏറ്റവും ഉയര്‍ന്ന സ്‌ട്രൈക്കറേറ്റ് നേടുന്ന താരം, സ്‌ട്രൈക്ക് റേറ്റ്

സൂര്യകുമാര്‍ യാദവ് – 228.81

റിങ്കു സിങ് – 221.55

രോഹിത് ശര്‍മ – 201.51

ഇന്ത്യന്‍ ബൗളിങ്ങില്‍ ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റും രവി ബിഷ്ണോയ് രണ്ട് വിക്കറ്റും വാഷിങ്ടണ്‍ സുന്ദര്‍ ഒരു വിക്കറ്റും നേടി തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോള്‍ സിംബാബ്വെ തകര്‍ന്നടിയുകയായിരുന്നു. ജൂലൈ പത്തിനാണ് പരമ്പരയിലെ മൂന്നാം മത്സരം. ഹരാരെ സ്പോര്‍ട്സ് ക്ലബ്ബാണ് വേദി.

Content Highlight: Rinku Singh In Record Achievement