| Sunday, 20th August 2023, 11:52 pm

കളിച്ച ആദ്യ ഇന്നിങ്‌സില്‍ തന്നെ പ്ലെയര്‍ ഓഫ് ദി മാച്ച്; ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുകുലുക്കാന്‍ അവന്‍ വന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-അയര്‍ലന്‍ഡ് രണ്ടാം മത്സരത്തിലും ഇന്ത്യ വിജിയിച്ചിരുന്നു. മൂന്ന് മത്സരമടങ്ങിയ പരമ്പരയില്‍ രണ്ടെണ്ണം വിജയിച്ചതോടെ പരമ്പര ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്.

ആദ്യ മത്സരത്തില്‍ ഡക്ക് വര്‍ത്ത് ലുയിസ് നിയമപ്രകാരം ഇന്ത്യ വിജയിച്ചിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടിയിരുന്നു. 43 പന്തില്‍ 58 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്വാദാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍ 40 റണ്‍സ് നേടിയിരുന്നു. വെറും 26 പന്തിലായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

എന്നാല്‍ മത്സരത്തിലെ താരം പുതുമുഖുമായ റിങ്കു സിങ്ങാണ്. 21 പന്തില്‍ 38 റണ്‍സെടുത്ത താരം ഫിനിഷിങ്ങില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് സിക്‌സറും ഒരു ഫോറും റിങ്കുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ആദ്യ 15 പന്തില്‍ 15 റണ്‍സാണ് താരം നേടിയത്. പിന്നീടുള്ള ആറ് പന്തില്‍ 23 റണ്‍സാണ് ഈ ഇടം കയ്യന്‍ അടിച്ചുകൂട്ടിയത്. മത്സരത്തിലെ താരമായി തെരഞ്ഞടുത്തത് റിങ്കുവിനെയാണ്.

185 റണ്‍സ് ചെയ്‌സ് ചെയ്യാന്‍ ഇറങ്ങിയ അയര്‍ലന്‍ഡിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടാന്‍ മാത്രമെ സാധിച്ചുള്ളു. ആന്‍ഡ്ര്യു ബാല്‍ബിര്‍നി 72 റണ്‍സ് നേടി പൊരുതിയെങ്കിലും മറ്റാരും ചെറുത്ത് നിന്നില്ല.

ഇന്ത്യക്കായി ജസപ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അര്‍ഷ്ദീപ് സിങ് ഒരു വിക്കറ്റും സ്വന്തമാക്കി.

ബുധനാഴ്ചയാണ് മൂന്നമത്തെയും അവസാനത്തെയും മത്സരം.

Content Highlight: Rinku Singh has arrived in  Indian Cricket

We use cookies to give you the best possible experience. Learn more