കഴിഞ്ഞ ദിവസം ചെന്നൈയിലെ ചെപോക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കപ്പുയര്‍ത്തിയിരുന്നു. എട്ട് വിക്കറ്റും 57 പന്തും ശേഷിക്കവെയായിരുന്നു ഓറഞ്ച് ആര്‍മിയെ ചിത്രത്തില്‍ പോലും ഇല്ലാതാക്കി നൈറ്റ് റൈഡേഴ്‌സ് കപ്പുയര്‍ത്തിയത്.
ഐ.പി.എല്‍ ചരിത്രത്തില്‍ ഇത് കൊല്‍ക്കത്തയുടെ മൂന്നാം കിരീട നേട്ടമാണ്. 2012ലും 2014ലുമാണ് കെ.കെ.ആര്‍ ഇതിന് മുമ്പ് കിരീടമണിഞ്ഞത്.
ഫൈനലില്‍ കപ്പുയര്‍ത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സൂപ്പര്‍ താരം റിങ്കു സിങ്. ഏഴ് വര്‍ഷമായി താന്‍ ടീമിനൊപ്പമുണ്ടെന്നും ഇപ്പോള്‍ തന്റെ സ്വപ്‌നം പൂര്‍ത്തിയായെന്നുമാണ് റിങ്കു പറയുന്നത്. ഇനി ഇന്ത്യക്കായി ലോകകപ്പ് നേടുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു.
ജൂണ്‍ ആദ്യ വാരം നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ റിങ്കു സിങ്ങും ഭാഗമാണ്. റിസര്‍വ് താരമായാണ് ഇന്ത്യ താരത്തെ ലോകകപ്പ് സ്‌ക്വാഡിന്റെ ഭാഗമാക്കിയിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ഏക ഇന്ത്യന്‍ താരവും റിങ്കു തന്നെയാണ്.
‘ഞാന്‍ ഈ ടീമിനൊപ്പം ഏഴ് വര്‍ഷമായി കളിക്കുന്നുണ്ട്. ഇപ്പോള്‍, ഇതാദ്യമായി ഐ.പി.എല്‍ കിരീടം ഉയര്‍ത്താനുള്ള അവസരം എനിക്ക് വന്നുചേര്‍ന്നിരിക്കുകയാണ്. ഞാന്‍ ഏറെ സന്തോഷവാനാണ്.
എന്റെ ഒരു സ്വപ്‌നം ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുകയാണ്, പക്ഷേ ഒന്നുകൂടി ബാക്കിയുണ്ട്. ലോകകപ്പ്.
ഞാന്‍ കുറച്ചുദിവസങ്ങള്‍ക്കകം അമേരിക്കയിലേക്ക് പോകും. ഒറ്റയ്ക്ക്. ഇതെനിക്ക് അല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. പക്ഷേ ഉറപ്പായും ഞാന്‍ ലോകകപ്പ് ട്രോഫി ഉയര്‍ത്തുക തന്നെ ചെയ്യും,’ റിങ്കു സിങ് പറഞ്ഞു.
റിങ്കു സിങ്ങിന് പുറമെ ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍, ശുഭ്മന്‍ ഗില്‍ എന്നിവരാണ് ലോകകപ്പിലെ മറ്റ് റിസര്‍വ് താരങ്ങള്‍.
ജൂണ്‍ രണ്ടിനാണ് ടി-20 ലോകകപ്പിന് കളമൊരുങ്ങുന്നത്. 20 ടീമുകളാണ് ഇത്തവണ ലോകകപ്പില്‍ മാറ്റുരയ്ക്കാനെത്തുന്നത്.
ടി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം
രോഹിത് ശര്‍മ (ക്യാപ്റ്റന്‍)
യശസ്വി ജെയ്സ്വാള്‍
വിരാട് കോഹ്‌ലി
സൂര്യകുമാര്‍ യാദവ്
റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍)
ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍)
ശിവം ദുബെ
രവീന്ദ്ര ജഡേജ
അക്സര്‍ പട്ടേല്‍
കുല്‍ദീപ് യാദവ്
യൂസ്വേന്ദ്ര ചഹല്‍
അര്‍ഷ്ദീപ് സിങ്
ജസ്പ്രീത് ബുംറ
മുഹമ്മദ് സിറാജ്
സ്റ്റാന്‍ഡ് ബൈ താരങ്ങള്‍
ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.
നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ജൂണ്‍ നാലിനാണ് ആദ്യ മത്സരത്തിനിറങ്ങുന്നത്. ബാര്‍ബഡോസില്‍ നടക്കുന്ന മത്സരത്തില്‍ സ്‌കോട്‌ലാന്‍ഡാണ് എതിരാളികള്‍.
അയര്‍ലാന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് ഈസ്റ്റ് മെഡോയാണ് വേദി.
ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ജൂണ്‍ 05 vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ
ജൂണ്‍ 09 vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ
ജൂണ്‍ 12 vs യു.എസ്.എ – ഈസ്റ്റ് മെഡോ
ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബോവന്‍സ് റീജ്യണല്‍ പാര്‍ക്
Content highlight: Rinku Singh about winning IPL trophy