ഇന്നും ആ പഴയ ജോലിയാണ് അച്ഛന്‍ ചെയ്യുന്നത്, നിര്‍ത്താന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല; അച്ഛനെ എതിര്‍ത്ത് അത് ചെയ്യുമ്പോഴും എന്നെ പിന്തുണച്ചത് അമ്മയാണ്: റിങ്കു സിങ്
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ വീരോചിത പ്രകടനത്തിന് പിന്നാലെ ആരാധകരുടെ മനസില്‍ സ്ഥാനം ഉറപ്പിച്ചവനാണ് റിങ്കു സിങ്. ഇതിന് മുമ്പും തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ അവന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്തിട്ടുണ്ടെങ്കിലും ഈ വെടിക്കെട്ടിന് പിന്നാലെയാണ് ആരാധകര്‍ അവനെ നെഞ്ചേറ്റിയത്.
ഗുജറാത്തിനെതിരായ വിജയത്തിന് പിന്നാലെ റിങ്കുവിന്റെ ജീവിത പശ്ചാത്തലവും കുടുംബസാഹചര്യവും ചര്‍ച്ചയായിരുന്നു. അച്ഛന്റെ ജോലിയും ഒരുവേള റിങ്കുവിന് സ്വീപ്പറുടെ ജോലിയില്‍ പ്രവേശിക്കേണ്ടി വന്നതുമെല്ലാം നിറകണ്ണുകളോടെയാണ് ക്രിക്കറ്റ് ആരാധകര്‍ കേട്ടിരുന്നത്.
ക്രിക്കറ്റാണ് തന്റെ ജീവിതം മാറ്റി മറിച്ചതെന്നും അതുമൂലം കുടുംബത്തിന്റെ കടങ്ങള്‍ വീട്ടാന്‍ സാധിച്ചെന്നും പറയുകയാണ് റിങ്കു സിങ്. എന്‍.ഡി.ടി.വിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് റിങ്കു ഇക്കാര്യങ്ങള്‍ പറഞ്ഞത്.
‘ഇതെല്ലാം ഞാന്‍ എന്റെ കുടുംബത്തിന് വേണ്ടിയാണ് ചെയ്യുന്നത്. മോശം സമയങ്ങളെല്ലാം കടന്നുപോയി. ഞാന്‍ എന്റെ അച്ഛനോട് ജോലി അവസാനിപ്പിക്കാന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ 30 വര്‍ഷമായി അദ്ദേഹം ജോലി ചെയ്തുകൊണ്ടേയിരിക്കുകയാണ്. ഞാന്‍ അദ്ദേഹത്തോട് ജോലി അവസാനിപ്പിക്കാന്‍ പറഞ്ഞെങ്കിലും അദ്ദേഹം അത് തുടരുകയായിരുന്നു.
എന്റെ സഹോദരന്‍മാരും അച്ഛനോടൊപ്പം വീടുകളില്‍ ഗ്യാസ് സിലിണ്ടര്‍ എത്തിക്കുന്ന ജോലി ചെയ്തിരുന്നു. ഞാന്‍ ക്രിക്കറ്റ് കളിക്കുന്നതില്‍ അദ്ദേഹത്തിന് എതിര്‍പ്പായിരുന്നു. ഞാന്‍ ജോലി ചെയ്ത് പണം സമ്പാദിക്കാനായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ആ സമയത്തും എന്നെ പിന്തുണച്ചത് എന്റെ അമ്മയാണ്,’ താരം പറഞ്ഞു.
ഇപ്പോള്‍ കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ മാറിയെന്നും ഉണ്ടായിരുന്ന കടങ്ങളെല്ലാം വീട്ടിയെന്നും റിങ്കു സിങ് പറഞ്ഞു.
ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ അവസാന ഓവറില്‍ വിജയിക്കാന്‍ 29 റണ്‍സായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയിരുന്നത്. ഓവറിലെ ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിള്‍ നേടി സ്‌ട്രൈക്ക് റിങ്കുവിന് കൈമാറുകയായിരുന്നു. പിന്നീടുള്ള അഞ്ച് പന്തിലും തുടര്‍ച്ചയായി സിക്‌സര്‍ പറത്തിയാണ് റിങ്കു സിങ് ചരിത്രം സൃഷ്ടിച്ചത്.
ഏപ്രില്‍ 14നാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ അടുത്ത മത്സരം. സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.