ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും യുവതാരം റിങ്കു സിങ്ങും അര്‍ധ സെഞ്ച്വറി നേടിയെങ്കിലും ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കാന്‍ ഇതൊന്നും പോരാതെ വരികയായിരുന്നു.
തന്റെ ടി-20 കരിയറിലെ ആദ്യ അര്‍ധ സെഞ്ച്വറിയാണ് റിങ്കു സിങ് സെന്റ് ജോര്‍ജ്‌സ് ഓവലില്‍ കുറിച്ചത്. 174.36 എന്ന സ്‌ട്രൈക്ക് റേറ്റില്‍ 39 പന്തില്‍ പുറത്താകാതെ 68 റണ്‍സാണ് റിങ്കു നേടിയത്. ഒമ്പത് ബൗണ്ടറിയും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഇതില്‍ ഒരു സിക്‌സര്‍ മീഡിയ ഗ്യാലറിയുടെ ചില്ലിലാണ് വന്ന് പതിച്ചത്. ഗ്ലാസ് തകരുകയും ചെയ്തിരുന്നു.
പ്രോട്ടിയാസ് നായകന്‍ ഏയ്ഡന്‍ മര്‍ക്രമിനെതിരെയാണ് റിങ്കു രണ്ട് സിക്‌സറും നേടിയത്. പെനള്‍ട്ടിമേറ്റ് ഓവറിലായിരുന്നു റിങ്കുവിന്റെ ബാറ്റില്‍ നിന്നും രണ്ട് പടുകൂറ്റന്‍ സിക്‌സറുകള്‍ പിറവിയെടുത്തത് ഇതില്‍ രണ്ടാം സിക്‌സാണ് ഗ്ലാസ് തകര്‍ത്തത്.
സെന്റ് ജോര്‍ജ്സ് പാര്‍ക്കിലെ കൂറ്റന്‍ ബൗണ്ടറികളില്‍ സിക്സര്‍ നേടുക പ്രയാസമാകും എന്ന് കമന്റേറ്റര്‍മാര്‍ പറഞ്ഞതിന് പിന്നാസലെയാണ് റിങ്കു അടുത്തടുത്ത പന്തുകളില്‍ സിക്‌സര്‍ പറത്തിയത്.
മീഡിയ റൂമിന്റെ ഗ്ലാസ് തകര്‍ത്ത സംഭവത്തില്‍ മാപ്പുചോദിക്കുകയാണ് റിങ്കു സിങ്. ബി.സി.സി.ഐ തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് റിങ്കു പുഞ്ചിരിച്ചുകൊണ്ട് ക്ഷമ ചോദിക്കു്‌നനത്.
‘ഞാന്‍ ആ ഷോട്ട് അടിച്ചപ്പോള്‍ ഗ്ലാസ് പൊട്ടിയെന്ന കാര്യമൊന്നും എനിക്ക് അറിയില്ലായിരുന്നു. ഇപ്പോഴാണ് ഇക്കാര്യം ഞാന്‍ അറിയുന്നത്. അതിന് വേണ്ടി ക്ഷമ ചോദിക്കുന്നു,’ നിഷ്‌കളങ്കമായി പുഞ്ചിരിച്ചുകൊണ്ട് റിങ്കു പറഞ്ഞു.
റിങ്കുവിന്റെയും സൂര്യയുടെയും അര്‍ധ സെഞ്ച്വറി കരുത്തില്‍ ഇന്ത്യ 19.3 ഓവറില്‍ ഏഴ് വിക്കറ്റിന് 180 റണ്‍സ് നേടി. മഴയെത്തിയതോടെ ഹോം ടീമിന്റെ വിജയലക്ഷ്യം പുനര്‍നിര്‍ണയിക്കുകയായിരുന്നു.
ഡി-എല്‍-എസ് നിയമപ്രകാരം 15 ഓവറില്‍ 152 എന്ന പുതുക്കിയ വിജയലക്ഷ്യവുമായി ബാറ്റ് വീശിയ സൗത്ത് ആഫ്രിക്ക തുടക്കം മുതലേ ആഞ്ഞടിച്ചു. റീസ ഹെന്‍ഡ്രിക്സിന്റെയും ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രമിന്റെയും തകര്‍പ്പന്‍ ഇന്നിങ്സുകള്‍ പ്രോട്ടിയാസ് ഇന്നിങ്സിന് വേഗം കൂട്ടി.
മറ്റുള്ള താരങ്ങളും തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയതോടെ സൗത്ത് ആഫ്രിക്ക ഏഴ് പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
ഈ വിജയത്തിന് പിന്നാലെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ 1-0ന് മുമ്പിലെത്താനും സൗത്ത് ആഫ്രിക്കക്കായി.
വ്യാഴാഴ്ചയാണ് പരമ്പരയിലെ അവസാന മത്സരം. വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ച് പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ വിജയത്തോടെ പരമ്പര വിജയം ആധികാരികമാക്കാനാണ് മര്‍ക്രവും സംഘവും ഒരുങ്ങുന്നത്.
വ്യാഴാഴ്ച നടക്കുന്ന മത്സരത്തിലും ആദ്യ മത്സരത്തിലേതെന്ന പോലെ മഴ കളിച്ചാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമായേക്കും.
Content Highlight: Rinku Sing apologize for breaking media room’s glass