അദ്ദേഹമാണ് എനിക്ക് എല്ലാം; സി.എസ്.കെ ഇതിഹാസത്തെക്കുറിച്ച് റിങ്കു സിങ് തുറന്നുപറയുന്നു
Sports News
അദ്ദേഹമാണ് എനിക്ക് എല്ലാം; സി.എസ്.കെ ഇതിഹാസത്തെക്കുറിച്ച് റിങ്കു സിങ് തുറന്നുപറയുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 25th November 2023, 5:04 pm

വിശാഖപട്ടണത്തില്‍ നവംബര്‍ 23ന് നടന്ന ഇന്ത്യ ഓസ്‌ട്രേലിയ ടി-ട്വന്റി മത്സരത്തില്‍ ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സായിരുന്നു നേടിയത്. ഓസീസിനെതിരെ 2023 ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷമുള്ള ആദ്യ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയിരിക്കുന്നത്. ഇന്നിങ്‌സിലെ അവസാന പന്തില്‍ ഇന്ത്യക്ക് ഒരു റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്നപ്പോള്‍ സ്‌ട്രൈക്കില്‍ നിന്നും ഗംഭീര സിക്‌സര്‍ പറത്തി ഇന്ത്യന്‍ യുവ സ്റ്റാര്‍ ബാറ്റര്‍ റിങ്കു സിങ് മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു. ഓസീസിനെതിരെ 14 പന്തില്‍ നിന്നും 22 റണ്‍സാണ് റിങ്കു സിങ് അടിച്ചെടുത്തത്.

മത്സരശേഷം റിങ്കു സിങ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇതിഹാസ താരം സുരേഷ് റെയ്‌നയോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. റെയ്‌നയാണ് തന്റെ ക്രിക്കറ്റ് കരിയറിലെ പ്രചോദനവും മാതൃകയുമെന്ന് റിങ്കു പറഞ്ഞു. 2011ലെ ഏകദിന ലോകകപ്പിലെ സുപ്രധാന ബാറ്ററായ റെയ്‌നയാണ് തന്റെ റോള്‍മോഡല്‍ എന്നും റിങ്കു പറഞ്ഞു.

‘ഞാന്‍ സുരേഷ് റെയ്‌ന ഭയ്യയുടെ വലിയ ആരാധകനാണ്. ഞാന്‍ അദ്ദേഹത്തെ പിന്തുടരുകയും അദ്ദേഹത്തെ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്റെ ജീവിതത്തിലും കരിയറിലും അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ക്രിക്കറ്റ് കളിക്കുമ്പോള്‍ ബാറ്റ്, പാഡ് എന്നിങ്ങനെ എനിക്ക് ആവശ്യമുള്ളതെല്ലാം നല്‍കി അദ്ദേഹം എന്നെ സഹായിച്ചിട്ടുണ്ട്. ഒന്നും ചോദിക്കാതെ തന്നെ അദ്ദേഹം എനിക്ക് എല്ലാം അയച്ചുതരികയായിരുന്നു. അദ്ദേഹമാണ് എനിക്ക് എല്ലാം. എന്ത് സംശയമുള്ളപ്പോഴും അദ്ദേഹത്തെ ഞാന്‍ വിളിച്ച് സംസാരിക്കുമായിരുന്നു. അദ്ദേഹം എന്റെ ജേഷ്ഠനെപ്പോലെയാണ്,”ടൈംസ് ഓഫ് ഇന്ത്യയില്‍ റിങ്കു പറഞ്ഞു.

ഐ.പി.എല്‍ മത്സരത്തില്‍ അദ്ദേഹത്തില്‍ നിന്ന് കിട്ടിയ അറിവ് വളരെ സഹായകമായിരുന്നുവെന്ന് റിങ്കു പറഞ്ഞിരുന്നു. 2023 ഏപ്രിലില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേസും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലുള്ള മത്സരത്തില്‍ യഷ് ദയാലിന്റെ അവസാന ഓവറില്‍ അഞ്ച് പന്തിലും സിക്‌സര്‍ പറത്തി കെ.കെ.ആറിന് മിന്നും വിജയം റിങ്കു നേടിക്കൊടുത്തിരുന്നു.

 

Content Highlight: Rinku said that Suresh Raina is an inspiration in his cricket career