WWEയ്ക്കും 'മക്കു മാമനും' കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; ഇതാ പുതിയ മെയ്ന്‍ ഇവന്റ്
Sports News
WWEയ്ക്കും 'മക്കു മാമനും' കിട്ടാന്‍ പോകുന്നത് എട്ടിന്റെ പണി; ഇതാ പുതിയ മെയ്ന്‍ ഇവന്റ്
ആദര്‍ശ് എം.കെ.
Monday, 18th July 2022, 8:36 pm

പ്രൊഫഷണല്‍ റെസ്‌ലിങ് രംഗത്തെ അതികായരാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇ റെസ്‌ലിങ് ഇന്‍ഡസ്ട്രിയെ ഭരിക്കുന്നത് ഡബ്ല്യൂ.ഡബ്ല്യൂ.ഇ ആണെന്ന് പറഞ്ഞാല്‍ ഒരിക്കലും അധികമാവില്ല.

തങ്ങളോട് മുട്ടി നില്‍ക്കാന്‍ ഏതെങ്കിലും ഒരു റൈവല്‍ കമ്പനി ഉടലെടുത്താല്‍ അവരെ കാശെറിഞ്ഞ് വിലയ്ക്ക് വാങ്ങിയ ചരിത്രമാണ് ഡബ്ല്യൂ.ഡബ്ല്യൂ.ഇയ്ക്കും ചെയര്‍മാന്‍ വിന്‍സെന്റ് കെന്നഡി മെക്മാനുമുള്ളത്. എക്‌സ്ട്രീം ചാമ്പ്യന്‍ഷിപ്പ് റെസ്‌ലിങ് എന്ന ഇ.സി.ഡബ്ല്യൂ (ECW), വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് റെസ്‌ലിങ് എന്ന ഡബ്ല്യൂ.സി.ഡബ്ല്യൂ (WCW) എന്നിവരെല്ലാം ഡബ്ല്യൂ.ഡബ്ല്യൂ.ഇയുടെ ഭാഗമായി മാറിയതും അങ്ങനെയാണ്.

റെസ്‌ലിങ് ഇന്‍ഡസ്ട്രിയില്‍ ഇപ്പോള്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇയ്ക്ക് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തുന്നത് എ.ഇ.ഡബ്ല്യൂ (AEW) എന്ന ഓള്‍ എലീറ്റ് റെസ്‌ലിങ്ങാണ്. 2019ല്‍ ആരംഭിച്ചതുമുതല്‍ ഡബ്ല്യൂ.ഡബ്ല്യൂ.ഇയ്ക്ക് അന്ത്യമില്ലാത്ത തലവേദനകളാണ് എ.ഇ.ഡബ്ല്യൂ നല്‍കിക്കൊണ്ടിരിക്കുന്നത്.

ഡബ്ല്യൂ.ഡബ്ല്യൂ.ഇ ലെജന്‍ഡുകളെ സൈന്‍ ചെയ്യിച്ചുകൊണ്ടും കെന്നി ഒമേഗ അടക്കമുള്ള ഫൈവ് സ്റ്റാര്‍ റേറ്റഡ് താരങ്ങളെ റിങ്ങിലെത്തിച്ചുമാണ് ടോണി ഖാന്റെ എ.ഇ.ഡബ്ല്യൂ ഡബ്ല്യൂ.ഡബ്ല്യൂ.ഇയെ വെല്ലുവിളിച്ചുകൊണ്ടേയിരിക്കുന്നത്.

എന്നാല്‍ മെക്മാന്‍ എ.ഇ.ഡബ്ല്യൂവിന് പണികൊടുത്തത് പ്രൊമോഷന്റെ വൈസ് പ്രസിഡന്റായ കോഡി റോഡ്‌സിനെ തിരിച്ച് ഡബ്ല്യൂ.ഡബ്ല്യൂ.ഇയില്‍ എത്തിച്ചുകൊണ്ടായിരുന്നു. റെസ്‌ലിങ് ആരാധകര്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത സംഭവമായിരുന്നു അത്.

ഇതിന് പകരമെന്നോണമായിരുന്നു എ.ഇ.ഡബ്ല്യൂവിന്റെ ഫോര്‍ബിഡണ്‍ ഡോര്‍ (Forbidden Door) എന്ന പേ പെര്‍ വ്യൂ. പ്രൊഫഷണല്‍ റെസ് ലിങ് രംഗത്ത് ഡബ്ല്യൂ.ഡബ്ല്യൂ.ഇയോട് നേര്‍ക്കുനേര്‍ മുട്ടാന്‍ കെല്‍പുള്ള ഒറ്റ പ്രൊമോഷനായ ന്യൂ ജപ്പാന്‍ പ്രോ റെസ്‌ലിങ്ങുമായി (NJPW) കൈകോര്‍ത്തായിരുന്നു.

കസൂചിക ഒക്കാഡയും ഹിരോഷി ടനഹാഷിയും വില്‍ ഓസ്‌പ്രേയും മിനോരോ സുസൂക്കിയും ജേ വൈറ്റും അടക്കമുള്ള ജപ്പാനിലെ സൂപ്പര്‍ താരങ്ങളും ഒപ്പം എ.ഇ.ഡബ്ല്യൂവിന്റെ സ്വന്തം ആഡം പേജും ആഡം കോളും യങ് ബക്‌സും എഫ്.ടി.ആറും അടക്കമുള്ള താരങ്ങളും ഒന്നിച്ച് റിങ്ങിലെത്തിയതോടെ റേറ്റിങ് കുതിച്ചുയര്‍ന്നു. മോഡേണ്‍ ഡേയിലെ ഏറ്റവും മികച്ച പ്രൊഫഷണല്‍ റെസ്‌ലിങ് മാച്ചുകളായിരുന്നു ഫോര്‍ബിഡണ്‍ ഡോറില്‍ പിറന്നത്.

ഇപ്പോഴിതാ, ഡബ്ല്യൂ.ഡബ്ല്യൂ.ഇവിനെ ഒരിക്കല്‍ക്കൂടി ഞെട്ടിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ പ്രമോഷനായ റിങ് ഓഫ് ഓണര്‍ എന്ന ആര്‍.ഒ.എച്ച് (ROH). എ.ഇ.ഡബ്ല്യൂവുമായുള്ള സൗഹൃദം ആര്‍.ഒ.എച്ചിനെ ഒന്നുകൂടി ശക്തിപ്പെടുത്തിയിരിക്കുകയാണ്. മോഡേണ്‍ ഡേയില്‍ അന്യം നിന്നുപോയ ഇന്റര്‍ പ്രമോഷന്‍ മാച്ചുകളും ഇരുവരുടെയും ഇടയില്‍ നടക്കാറുമുണ്ട്.

ആര്‍.ഒ.എച്ചിന്റെ പുതിയ പേ പെര്‍ വ്യൂവും അതിലെ മാച്ച് കാര്‍ഡുകളുമാണ് ഇപ്പോഴത്തെ ചര്‍ച്ചാ വിഷയം. ആര്‍.ഒ.എച്ച് എക്‌സക്ലൂസീവ് പേ പെര്‍ വ്യൂവായ ഡെത്ത് ബിഫോര്‍ ഡിസ് ഓണറാണ് (Death Before Dishonor) ഡബ്ല്യൂ.ഡബ്ല്യൂ.ഇ റേറ്റിങ്ങിനെ വെല്ലുവിളിക്കാനൊരുങ്ങുന്നത്.

ജൂലൈ 23നാണ് സോംഗാസ് സെന്ററില്‍ മെയന്‍ ഇവന്റ് നടക്കുന്നത്. എണ്ണം പറഞ്ഞ അഞ്ച് മാച്ചുകളാണ് പേ പെര്‍ വ്യൂവിനെ ആവേശത്തിലാക്കുന്നത്.

ഡബ്ല്യൂ.ഡബ്ല്യൂ.ഇയിലെ മുന്‍ സൂപ്പര്‍താരങ്ങളടക്കം ഡെത്ത് ബിഫോര്‍ ഡിസ് ഓണറില്‍ എത്തുന്നുണ്ട്. ഇത് ഡബ്ല്യൂ.ഡബ്ല്യൂ.ഇ ആരാധകരെ കൂടി ആവേശത്തിലാഴ്ത്തുന്നുണ്ട്.

ഡെത്ത് ബിഫോര്‍ ഡിസ് ഓണര്‍ മാച്ച് കാര്‍ഡ്

1. ജോനാഥന്‍ ഗ്രഷം vs ക്ലാഡിയോ കാസ്റ്റഗ്നോലി – ആര്‍.ഒ.എച്ച് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്

 

2. സമോവ ജോ vs ജേ ലീത്തല്‍ – ആര്‍.ഒ.എച്ച് ടെലിവിഷന്‍ ചാമ്പ്യന്‍ഷിപ്പ്

 

3. എഫ്.ടി.ആര്‍ vs ദി ബ്രിസ്‌കോസ് – 2 ഔട്ട് ഓഫ് 3 ഫാള്‍ മാച്ച് – ആര്‍.ഒ.എച്ച് ടാഗ് ടീം ചാമ്പ്യന്‍ഷിപ്പ്

 

4. മെല്‍സീഡസ് മാര്‍ട്ടീനസ് vs സെറീന ഡീബ് – ആര്‍.ഒ.എച്ച് വുമണ്‍സ് വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ്

 

5. വീലര്‍ യൂട vs ഡാനിയല്‍ ഗാര്‍ഷ്യ – ആര്‍.ഒ.എച്ച് പ്യുവര്‍ ചാമ്പ്യന്‍ഷിപ്പ്‌

 

 

Content Highlight: Ring of Honor, New Pay Per View Death Before Dishonor

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.